സംസ്ഥാന സ്കൂള്‍ അത്ലറ്റിക്‌ മീറ്റിന്‌ ഇന്ന്‌ തുടക്കം

Friday 22 November 2013 9:00 pm IST

കൊച്ചി: അന്‍പത്തിയേഴാമത്‌ സംസ്ഥാന സ്കൂള്‍ അത്ലറ്റിക്‌ മീറ്റിന്‌ ഇന്ന്‌ തുടക്കം. എറണാകുളം മഹാരാജാസ്‌ കോളേജ്‌ സ്റ്റേഡിയത്തിലാണ്‌ കൗമാരകായിക കേരളത്തിന്റെ പുതിയ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിന്‌ ഇന്ന്‌ തുടക്കം കുറിക്കുന്നത്‌. ഇനിയുള്ള നാല്‌ നാളുകള്‍ പുതിയ ദൂരവും ഉയരവും വേഗവും കണ്ടെത്താനുള്ള പോരാട്ടമായിരിക്കും അരങ്ങേറുക.
നിലവിലെ ചാമ്പ്യന്മാരായ പാലക്കാടും മുന്‍ ചാമ്പ്യന്മാരായ എറണാകുളവും തമ്മിലായിരിക്കും കിരീടപോരാട്ടം അരങ്ങേറുക. എറണാകുളത്തിന്റെ തുടര്‍ച്ചയായ എട്ട്‌ വര്‍ഷത്തെ അപ്രമാദിത്വം തകര്‍ത്തെറിഞ്ഞാണ്‌ പാലക്കാടന്‍ കാറ്റ്‌ കഴിഞ്ഞ വര്‍ഷം അനന്തപുരിയില്‍ ആഞ്ഞടിച്ചത്‌.
2500ലേറെ കായികതാരങ്ങളാണ്‌ നാല്‌ ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മാറ്റുരയ്ക്കുന്നത്‌. ഇതില്‍ 1357 ആണ്‍കുട്ടികളും 1238 പെണ്‍കുട്ടികളുമാണുള്ളത്‌. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ഇനങ്ങളിലായി 95 ഇനങ്ങളിലാണ്‌ മത്സരങ്ങള്‍ അരങ്ങേറുന്നത്‌. വിജയികളെ കൃത്യമായി നിര്‍ണയിക്കുന്നതിനായി ഫോട്ടോഫിനിഷ്‌ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്‌. ആദ്യ ദിവസമായ ഇന്ന്‌ 18 ഫൈനലുകളാണ്‌ നടക്കുക. രാവിലെ 7ന്‌ സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ്‌ മീറ്റിന്‌ അരങ്ങുണരുക. തൊട്ടുപിന്നാലെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററും ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററും നടക്കും.
മീറ്റില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക്‌ 750, 625, 500 എന്നീ ക്രമത്തില്‍ ക്യാഷ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്‌ നേടുന്നവര്‍ക്ക്‌ രണ്ടു ഗ്രാം വീതമുള്ള സ്വര്‍ണമെഡലും, സംസ്ഥാന റെക്കോര്‍ഡുകള്‍ക്ക്‌ 2,000, ദേശീയ റെക്കോര്‍ഡുകള്‍ക്ക്‌ 5,000 രൂപയും നല്‍കും.
ചാമ്പ്യന്‍ഷിപ്പ്‌ നേടുന്ന സ്കൂളിന്‌ 1.1 ലക്ഷം രൂപയാണ്‌ പാരിതോഷികം. രണ്ടാം സ്ഥാനത്തിന്‌ 82,500 രൂപയും മൂന്നാം സ്ഥാനത്തിന്‌ 55,500 രൂപയും നല്‍കും. മേളയുടെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ഇന്നലെ കൊച്ചിയിലെത്തി. രാവിലെ 9.30ന്‌ എറണാകുളം ജില്ലാ അതിര്‍ത്തിയായ അരൂരില്‍ എത്തിച്ച ദീപശിഖ ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ ഏറ്റുവാങ്ങി കുമ്പളം ആര്‍പിഎം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കൈമാറി.
തുടര്‍ന്ന്‌ അന്‍പതോളം കായികതാരങ്ങളുടെ അകമ്പടിയോടെ എസ്‌ആര്‍വി സ്കൂളിലെത്തിയ ദീപശിഖ ഹൈബി ഈഡന്‍ എംഎല്‍എ ഏറ്റുവാങ്ങി. സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഉദ്ഘാടന വേദിയിലേക്ക്‌ ഏഷ്യന്‍ സ്കൂള്‍ അത്ലറ്റിക്സ്‌ മീറ്റിലെമെഡല്‍ ജേതാക്കളായ പി.യു. ചിത്ര, മീന, ജിഷ, ആര്യ, നിസാമുദ്ദീന്‍, ശ്രീനിത്‌, എബിന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഇന്ന്‌ മൂന്ന്‌ മണിക്ക്‌ ദീപശിഖ എത്തിക്കും.
കഴിഞ്ഞ സ്കൂള്‍ കായികമേളയ്ക്ക്‌ വേദിയായ തിരുവനന്തപുരത്ത്‌ നിന്നാണ്‌ ദിപശിഖാ പ്രയാണത്തിന്‌ തുടക്കമായത്‌.
വിനോദ്‌ ദാമോദരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.