ലാദന്‍ വധം: രഹസ്യവിവരം നല്‍കിയ ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റം

Saturday 23 November 2013 3:08 pm IST

വാഷിങ്ങ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിക്കാന്‍ സിഐഎ സഹായിച്ച പാകിസ്ഥാന്‍ ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിക്കെതിരെ കൊലക്കുറ്റം ചുമത്തി. ഡോക്ടര്‍ക്കെതിരായ നടപടിയില്‍ അമേരിക്ക അപലപിച്ചു. പാകിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബിന്‍ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്‌ അഫ്രീദിയായിരുന്നു. രഹസ്യവിവരങ്ങള്‍ നല്‍കിയതിന്റെ പേരില്‍ 30 വര്‍ഷത്തെ തടവ്‌ ശിക്ഷ അനുഭവിച്ചു വരികയാണ്‌ ഡോക്ടര്‍. സത്യസന്ധമായ അന്വേഷണംനടത്താതെയാണ്‌ ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നതെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ വക്താവ്‌ ജെന്‍ സാകി പറഞ്ഞു. ഒക്ടോബറില്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും പ്രധാനമന്ത്രി നവാസ്‌ ഷെരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഈ വിഷയവും ചര്‍ച്ച ചെയ്തിരുന്നു. 30വര്‍ഷത്തെ കഠിന തടവിന്‌ വിധിച്ചത്‌ അനീതിയാണെന്നും അദ്ദേഹത്തെ മോചിപ്പിക്കണെമെന്നും ഒബാമ ആവശ്യപ്പെട്ടിരുന്നു. അതേസമയം, അമേരിക്കയില്‍ നിന്നും പാക്കിസ്ഥാന്‌ ലഭിക്കുന്ന സാമ്പത്തിക സഹായത്തെ വിഷയം ബാധിക്കുമെന്ന്‌ നിരീക്ഷകര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ലാദന്റെ വധത്തിനുശേഷം അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനേറ്റ വിള്ളലിന്‌ ഇതോടെ ആക്കം കൂടുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.