സമരം വേണ്ടത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനുവേണ്ടി

Saturday 23 November 2013 7:44 pm IST

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലൂടെ പശ്ചിമഘട്ട മലനിരകള്‍ വീണ്ടും വാര്‍ത്തകളിലും വിവാദങ്ങളിലും നിറയുകയാണ്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം, പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ടി 2010 മാര്‍ച്ച് 30നാണ് പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി 14 അംഗ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി രൂപീകരിച്ചത് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള പരിസ്ഥിതിലോല  പ്രദേശങ്ങളുടെ അതിരുകള്‍ പശ്ചിമഘട്ട പ്രദേശങ്ങളില്‍ കണ്ടെത്തി അവയെ പരിസ്ഥിതി ലോല മേഖലകളായി വിജ്ഞാപനം ചെയ്യുക എന്നതായിരുന്നു സമിതിയുടെ മുഖ്യ ലക്ഷ്യം. (1986ലെ പരിസ്ഥിതി നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാരിന് ചില പ്രത്യേക പ്രദേശങ്ങളില്‍ വ്യവസായമോ നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ നിരോധിക്കുന്നതിന് അധികാരമുണ്ട്. 1989ല്‍ മഹാരാഷ്ട്രയിലാണ് ഈ നിയമം ആദ്യമായി പ്രാബല്യത്തില്‍ വന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കണ്ടുപിടിക്കുന്നതിനുളള മാനദണ്ഡം അവിടെയുള്ള ജീവിവര്‍ഗ്ഗങ്ങളുടെയും, ജൈവആവാസ വ്യവസ്ഥകളുടെയും, ഭൗമ-ബാഹ്യ സ്വഭാവങ്ങളുടെയും തനതുപ്രദേശത്ത് മാത്രമുള്ള ജീവജാലങ്ങളുടെയും അടിസ്ഥനത്തിലാണ്. 1991ലാണ് ആദ്യമായി പരിസ്ഥിതി ദുര്‍ബല പ്രദേശം എന്ന സംജ്ജ ഇന്ത്യയില്‍  പ്രയോഗത്തില്‍ വന്നു തുടങ്ങിയത്  പശ്ചിമഘട്ടം മുകളില്‍ പറഞ്ഞ എല്ലാമാനദണ്ഡങ്ങളും ഉള്‍കൊള്ളുന്നതായി കാണാം. 2011 ആഗസ്റ്റില്‍ ഗാഡ്ഗില്‍സമിതി എതാണ്ട് 500പേജോളം വരുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍ പരിസ്ഥിതി സംഘടനകളുടെ നിരന്തര പരാതിപ്രകാരം ദല്‍ഹി ഹൈക്കോടതിയുടെ ഒരുത്തരവിലൂടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രമന്ത്രാലയങ്ങള്‍ക്കും പശ്ചിമഘട്ട വിദഗ്ധസമിതി റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായം അറിയിക്കുവാന്‍ 6 മാസം കാലാവധി നല്‍കിയ കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം പൊതുജനങ്ങള്‍ക്ക് വെറും 45 ദിവസം മാത്രമാണ് സമയം നല്‍കിയത്. എന്നിരുന്നിട്ടും ഏതാണ്ട് 1500ഓളം കത്തുകളാണ് ഈ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും മന്ത്രാലയത്തിന് ലഭിച്ചത്. കേരളത്തിലെ കുടിയേറ്റ കര്‍ഷക സമൂഹത്തില്‍ നിന്നും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങ ളില്‍നിന്നും ശക്തമായ എതിര്‍പ്പുകളാണ് റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്നത്. തങ്ങളുടെ കൈവശമിരിക്കുന്ന തോട്ടങ്ങള്‍ നിര്‍ബന്ധിച്ചു വനഭൂമികളായി രൂപാന്തരപ്പെടുത്തുമെന്നും, തങ്ങളുടെ കൃഷിഭൂമികള്‍  പരിസ്ഥിതി ലോല പ്രദേശങ്ങളായി നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ പിന്നീടത് അനന്തരാവകാശികള്‍ക്ക് കൈമാറ്റം ചെയ്യാന്‍ കഴിയില്ലെന്നും മറ്റും കര്‍ഷകര്‍ക്കിടയില്‍ ബോധപൂര്‍വ്വം ചിലര്‍ തെറ്റിധാരണകള്‍ പരത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന് കേരള സര്‍ക്കാരിനും റിപ്പോര്‍ട്ടിനെ തള്ളിപ്പറയേണ്ടി വന്നു. ഒരു രാക്ഷസീയ റിപ്പോര്‍ട്ട് എന്നാണ് സര്‍ക്കാര്‍ പിന്നീട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിശേഷിപ്പിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റി അവരുടെ പഠനത്തിനായി കണക്കാക്കിയിരുന്ന അതിരുകള്‍ അന്തിമമല്ല എന്ന് റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞിരിക്കെ പശ്ചിമഘട്ടത്തെ വിവിധ സോണുകളായി തിരിച്ചത് തെറ്റാണെന്നും, സംസ്ഥാനത്ത് നിലവില്‍ 20 ഓളം നിയമങ്ങള്‍ ഇവിടുത്തെ പരിസ്ഥിതി സംരക്ഷണത്തിന് പര്യാപ്തമാണെന്നിരിക്കെ കേന്ദ്ര പരിസ്ഥിതി സംരക്ഷണത്തിന്‍ കീഴില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിച്ചാല്‍ സംസ്ഥാന നിയമങ്ങള്‍ക്ക് അതീതമാകുമെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതിയായ 38863 ചതുരശ്ര കി.മീറ്ററില്‍ 21856ചതുരശ്ര കി.മീ (56ശതമാനം) പശ്ചിമഘട്ടത്തിലാണ്. 1279.3 ചതുരശ്ര കി.മീ ഉള്‍നാടന്‍ തീരദേശതണ്ണീര്‍തടങ്ങളും 300ചതുരശ്ര കി.മീ തീരദേശസംരക്ഷണനിയമത്തിന്റെ പരിധിയിലുമാണ്. 3818 ചതുരശ്ര കി.മീ നെല്‍വയല്‍ നീര്‍തടസംരക്ഷണ നിയമത്തിന്റെ പരിധിയിലുമാണ്. ആകെ 26983.6 ചതുരശ്ര കി.മീ(69.4ശതമാനം) ഭൂപ്രദേശം  ഇങ്ങനെ വിവിധയിനങ്ങളിലാണ്. ബാക്കി 11879.4 ചതുരശ്ര കി.മീ (30.6 ശതമാനം) പ്രദേശം മാത്രമാണ് സംസ്ഥാനത്ത് ജനവാസത്തിനും കൃഷിക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും ലഭ്യമായിട്ടുള്ളത്. ഇനിയും നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിന് താങ്ങാനാവില്ല.’ ഇങ്ങനെ തുടങ്ങിയ വാദമുഖങ്ങളാണ് സംസ്ഥാനം നിരത്തിയത്. ഇപ്പോള്‍ നിലവിലുള്ള ധനകേന്ദ്രീകൃത ഭരണമാതൃകകള്‍ക്ക് പകരം പാരിസ്ഥിതിക ഭരണമാതൃക നിലവില്‍ വരുത്തിക്കൊണ്ട്  വികേന്ദ്രീകൃതവും,ബഹുകേന്ദ്രീകൃതവുമായ മാറ്റങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്തിരുന്നത്.  വികസനം പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇന്നത്തെ രീതിയില്‍ നിന്നും വ്യത്യസ്തമായി ചിലയിടങ്ങളില്‍ വികസനത്തിനും, ചിലയിടങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിനും എന്ന രീതിക്ക് മാറ്റം വരുത്തി സമഗ്രപാരിസ്ഥിതിക അനുകൂല വികസന മാതൃകയായിരുന്നു ഗാഡ്ഗില്‍ വിഭാവനം ചെയ്തിരുന്നത്. ശക്തമായഎതിര്‍പ്പുകളെ തുടര്‍ന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുവാന്‍ മുന്‍ ഐസ്ആര്‍ഒ ചെയര്‍മാനും പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനുമായ ഡോ.കസ്തൂരി രംഗന്‍ ഉള്‍പ്പെടെ 9 അംഗ ഉന്നതാധികാര പ്രവര്‍ത്തകസമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ 2012 ആഗസ്റ്റ് 17 ന്  ഉത്തരവിറക്കി. ജൈവവൈവിധ്യം, വന്യജീവികള്‍ തുടങ്ങിയവയുടെ സംരക്ഷണത്തിന് സവിശേഷശ്രദ്ധ നല്‍കിക്കൊണ്ട് മേഖലയുടെ സാമ്പത്തിക സാമൂഹിക വളര്‍ച്ച ഉറപ്പാക്കുക, തദ്ദേശീയരുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ പരിഗണിക്കുക, കാലവസ്ഥാവ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പരിശോധിക്കുക, പശ്ചിമഘട്ട ജൈവവൈവിധ്യ വിദഗ്ധസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ശുപാര്‍ശ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു പരാമര്‍ശ വിഷയം. പശ്ചിമഘട്ട ജൈവവൈവിധ്യ വിദഗ്ധസമിതിയുമായോ പരിസ്ഥിതി പ്രവര്‍ത്തകരുമായോ ചര്‍ച്ച ചെയ്യാതെയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 16 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തില്‍ പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകളാണ് പരിസ്ഥിതി ലോലമായി കണക്കാക്കിയിരിക്കുന്നത്. പശ്ചിമഘട്ടത്തെ മുഴുവന്‍ പരിസ്ഥിതി ലോലമായി കാണണമെന്ന ഗാഡ്ഗില്‍ ശുപാര്‍ശയില്‍ നിന്നും വ്യത്യസ്തമായി 60000 ചതുരശ്ര കി.മീ മാത്രം പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പറയുന്നത്. കേരളത്തിലെ 123 വില്ലേജുകള്‍ ഇതില്‍പ്പെടും , ഗോവ-96, ഗുജറാത്ത്-63, കര്‍ണ്ണാടക-1575, മഹാരാഷ്ട്ര-2158, തമിഴ്‌നാട്-136 എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ വില്ലേജുകള്‍ പരിസ്ഥിതിലോലമായി കണക്കാക്കിയിരിക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കസ്തൂരി രംഗന്‍ സമിതിക്ക് മുമ്പാകെ ലഭിച്ച 1700 പരാതികളില്‍ ഭൂരിപക്ഷവും പരിസ്ഥിതിലോലനിര്‍ണ്ണയ മാനദണ്ഡം മാറ്റണമെന്നതായിരുന്നു. താലൂക്കടിസ്ഥാനത്തില്‍ പരിസ്ഥിതിലോലമേഖല തിരിച്ച നടപടിയോട് എതിര്‍പ്പുകാണിച്ചതിനെതുടര്‍ന്നാണ് സാറ്റലൈറ്റ് മാപ്പിംഗിന്റെ അടിസ്ഥാനത്തില്‍  ഐഎസ്ആര്‍ഒയുടെ സഹായത്തോടെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. കസ്തൂരിരംഗന്‍ സമിതി സ്വാഭാവിക വനങ്ങളും സംരക്ഷിത പ്രദേശങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങളെയാണ് പരിസ്ഥിതിലോലമായി കണക്കാക്കിയിരുന്നത്. താലൂക്കിന് പകരം വില്ലേജിനെ അടിസ്ഥാന ഘടകമാക്കുകയും ചെയ്തു. മൈനിംഗ്, പാറപൊട്ടിക്കല്‍, മണല്‍ വാരല്‍, താപവൈദ്യുത നിലയം, ടൗണ്‍ഷിപ്പുകള്‍, വായുമലിനീകരണമുള്ള വ്യവസായങ്ങള്‍  തുടങ്ങയവ നിരോധന പട്ടികയില്‍ വരുന്നു. ഗുജറാത്തിലെ താപ്തി നദി മുതല്‍ കന്യാകുമാരി വരെ 1600 കിമീ നീണ്ടു കിടക്കുന്ന പര്‍വ്വത ശൃംഖലയാണ്  പശ്ചിമഘട്ടം. ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് മൂലയില്‍ അറേബ്യന്‍ കടലിന് സമാന്തരമായി, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടകം, കേരള, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു. പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം 1200 മീറ്റര്‍ ആണ്. ഇതില്‍ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണ് (2695 മീറ്റര്‍). രണ്ടാമത്തത് ഊട്ടിക്ക് അടുത്തുള്ള ദോഡാബേട്ട(2636 മീറ്റര്‍)യാണ്. ജൈവസമ്പത്ത് കൂടിയ പ്രദേശമായതിനാല്‍ ലോകത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ജൈവ വൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നായി ആഗോള സംഘടനയായ കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍    പശ്ചിമഘട്ടത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എട്ട് ജൈവവൈവിധ്യ സ്‌പോട്ടുകളില്‍ ഒന്നായും പശ്ചിമഘട്ടത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.വേള്‍ഡ് വൈഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഫോര്‍ നേച്ചര്‍  എന്ന സംഘടന 200 പ്രഥമ പാരിസ്ഥിതിക പ്രദേശങ്ങളില്‍ ഒന്നായി ഈ മലനിരകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 5 ശതമാനം മാത്രമുള്ള പശ്ചിമഘട്ടത്തില്‍ ഇന്ത്യയുടെ 27 ശതമാനം ജൈവവൈവിധ്യം ഉണ്ടെന്നറിയുമ്പോഴാണ് പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഗൗരവം ഏറുന്നത്. വളരെ പ്രാചീനമായ ഗോണ്ട്വാനോ ഘടകങ്ങള്‍ ധാരാളമുള്ളതും, മലയന്‍, ഇന്തോ-ചൈനീസ് ആഭിമുഖ്യമുള്ളതുമായ ഒരു ജൈവ സമൂഹമാണ് പശ്ചിമഘട്ടത്തിലേത്. കിഴക്ക് ഡെക്കാന്‍ പീഠഭൂമിയും പടിഞ്ഞാറ് അറബിക്കടലും വടക്ക് വിന്ധ്യാസത്പുര മലനിരകളും ഉള്‍പ്പെടുന്ന, പ്രാചീനമായ ഒരു ഭൂവിഭാഗമാണിത്. 28 കോടി ജനങ്ങളുടെ ജലസ്രോതസുകളും ഇവിടെ നിന്നാണ്. ഇത് വെറുമൊരു ആവസാവ്യവസ്ഥയല്ല, അത്യപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങളും അവയുടെ വകഭേദങ്ങളും, ഉരുക്കിനേക്കാള്‍ ഉറപ്പുള്ള പുതിയ ഇനം പട്ടുനൂല്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള എട്ടുകാലികളുടെ വരെ ആവാസകേന്ദ്രമാണ് ഈ മലനിരകള്‍ എന്ന തിരിച്ചറിവിലാണ്, തുടര്‍ച്ചയായ 6 വര്‍ഷക്കാലത്തെ ശ്രമഫലമായി 2012 ജൂലൈ 6ന്  'യുനസ്‌കോ' ഈ മലനിരകളെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പശ്ചിമഘട്ടം 24 ആദിവാസി ഗോത്രങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണെന്നറിയുക. അതില്‍ 14 ആദിവാസി  സമൂഹങ്ങള്‍ വളരെ പ്രാചീനഗോത്രങ്ങളാണ്, ചോലനായ്ക്കര്‍, കുറുമ്പ, ആടിയാര്‍,  പണിയര്‍, മുതുവര്‍, ഊരാളി, കുറിച്യര്‍ എന്നിങ്ങനെ നിരവധി ആദിവാസി സമൂഹങ്ങള്‍ ഇവിടെ കാണപ്പെടുന്നു. ഏതാണ്ട് ഒരുലക്ഷത്തോളം ആദിവാസി    ജനസംഖ്യയാണ് ഇപ്പോള്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അനിയന്ത്രിതമായ കര്‍ഷക കുടിയേറ്റവും തോട്ടകൃഷിവത്കരണവും ഏറ്റവും പ്രതികൂലമായി ബാധിച്ചത് ഈ പരമ്പരാഗത വര്‍ഗ്ഗങ്ങ ളെയാണ്്. കാലങ്ങളോളം സ്ഥായിയായി നിലകൊണ്ട ഭൂമിശാസ്ത്രപരമായ സ്ഥിരതയും, ആര്‍ദ്രത നിറഞ്ഞ ഉഷ്ണമേഖല കാലാവസ്ഥയും പശ്ചിമഘട്ട പ്രദേശങ്ങളില്‍ മഴക്കാടുകളുടെ ഉല്‍ഭവത്തിന് കാരണമായി. അതുമുലം അനേകം ജാതി സസ്യ,ജീവവൈവിധ്യത്തിന് നിദാനമായതായി കാണാം. കേരളത്തിന്റെ  ഭൗതികസ്വഭാവം നിര്‍ണ്ണയിക്കുന്നതും ഈ ഉഷ്ണമേഖലാ കാടുകളാണ്. ഈ ആവാസവ്യവസ്ഥ നശിപ്പിക്കപ്പെടുമ്പോള്‍, കേരളത്തിലെ ഭൂപ്രകൃതിക്ക് കോട്ടം ഏല്‍ക്കുന്നു. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ക്കിടയില്‍ കേരളത്തിലെ നിരവധി സസ്യജാലങ്ങളെ നമ്മള്‍ നശിപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ കഷ്ടിച്ച് 1000 ചതുരശ്ര കിമീ. മഴക്കാടുകള്‍ മാത്രമെ അവശേഷിക്കുന്നുള്ളു. അതുപോലും 12 വ്യത്യസ്തഭാഗങ്ങളായി ചിതറിക്കിടക്കുകയാണ്. ഇന്നത്തെനിലയിലുളള മനുഷ്യ ഇടപെടില്‍ തുടര്‍ന്നാല്‍ അവശേഷിക്കുന്ന മഴക്കാടുകളും അപ്രത്യക്ഷ മാകും(2009ലെ കണക്കുകള്‍ പ്രകാരം 1821 ഡാമുകളാണ്  പശ്ചിമഘട്ടത്തില്‍ പണികഴിപ്പിക്കുകയോ തുടങ്ങി വെയ്ക്കുകയോ  ചെയ്തിരിക്കുന്നത്. അതില്‍ 200 എണ്ണം വലിയ ഡാമുകളാണ്. നിരവധി മഴക്കാടുകളെയാണ് ഈ ഡാമുകള്‍ വെള്ളത്തില്‍ മുക്കി കൊന്നിരിക്കുന്നത്). പശ്ചിമഘട്ട ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുടെ ചില ഭീകരമായ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെട്ടിട്ടുണ്ട്. ഭീഷണമായ ഈ  ഭൂശാസ്ത്രത്തോട് അനുകൂലമായല്ല സര്‍ക്കാരുകളുടെയും കപട വികസനാര്‍ത്തി പൂണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെയും സമീപനം. അറിവിന്റെയും പാരിസ്ഥിതിക നീതിയുടെയും അടിസ്ഥാനത്തില്‍ നമുക്ക് അതിജീവനം സാധ്യമാകണമെങ്കില്‍ സംരക്ഷണ ഇടപെടലുകള്‍ അടിയന്തരമായി നടത്തണം. സഹജവും ജൈവീകവുമായി ജീവിതത്തെ പുനഃക്രമീകരിക്കുന്നില്ലെങ്കില്‍ ആര്‍ക്കും ഭാവിയില്ല. മനുഷ്യനിര്‍മ്മിതമായ താല്‍ക്കാലിക ലാഭങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഭാവിയില്ല. പ്രകൃതി നിയമങ്ങള്‍ക്കേ ശാശ്വത്വമുള്ളു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടല്ല നമുക്കാവശ്യം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് നടപ്പാക്കേണ്ടത് സമുന്നതനായ പരിസ്ഥിതി ചിന്തകന്‍ ഗ്യാരി സ്‌നൈഡര്‍ പറഞ്ഞതുപോലെ ഭൂമിദേവിക്കെതിരെ യുദ്ധം, എല്ലാം തീരുമ്പോള്‍ ചെന്നായ്ക്കള്‍ക്കൊളിക്കാന്‍ ഇടമില്ലാതാകുന്നു. കലഞ്ഞൂര്‍ ജയകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.