കൊച്ചി: സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്വര്‍ണ്ണം പാലക്കാട് കൊണ്ടുപോയി. കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിന്റെ ഗോപിക നാരായണന്റെ കനത്ത വെല്ലുവിളി അതിജീവിച്ച കല്ലടി സ്കൂളിന്റെ ഷാനി ഷാജിയാണ് നിലവിലെ ചാമ്പ്യന്മാര്ക്ക് സുവര്‍ണ സമ്മാനം നല്‍കിയത്. പുതിയ മീറ്റ് റെക്കോര്‍ഡും (3.21 മീറ്റര്‍) ഷാനി സൃഷ്ടിച്ചു. 3.10 മീറ്റര്‍ ഉയരം കണ്ടെത്തിയ ഗോപിക വെള്ളിമെഡല്‍ കൊണ്ടു തൃപ്തിപ്പെട്ടു. കല്ലടിയുടെ തന്നെ അനശ്വരയ്ക്കാണ് (3 മീറ്റര്‍) വെങ്കലമെഡല്‍.
കഴിഞ്ഞതവണത്തെ ചാമ്പ്യന്‍ മരിയന്‍ ജെയിംസ് ലോക സ്കൂള്‍ ഒളിമ്പ്യാഡിനായി ബ്രസീലിലേക്ക് പോകുന്നതിനാല്‍ ഇത്തവണ കൊച്ചിയിലെത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ ഗോപികയും ഷാനിയും തമ്മിലായി മത്സരം. ആദ്യ ശ്രമത്തില്‍ ഷാനി 3.21 മീറ്ററിലേക്ക് കുതിച്ചുയര്‍ന്നപ്പോള്‍ ഗോപികയ്ക്ക് മൂന്ന് ശ്രമങ്ങളിലും ഈ ഉയരം മറികടക്കാനായില്ല. കഴിഞ്ഞ സ്കൂള്‍ മീറ്റില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഷാനി ഷിജി പാലാ ജമ്പ്സ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: