യാത്ര

Sunday 24 November 2013 7:11 pm IST

പ്രിയദത്ത ഇരുന്ന്‌ ഭദ്രയെ കാലില്‍ കിടത്തി ആലോചനയിലേയ്ക്ക്‌ അലഞ്ഞു. കുട്ടികളുടെ അച്ഛന്‍വരുവാന്‍ താമസിയ്ക്കുന്നു. ദേവാലയത്തിലെ ഒരാളാണ്‌ അദ്ദേഹത്തിന്‌ ചൊമാരിയുടെ ഗൃഹത്തിലേയ്ക്കുള്ള വഴി കാണിച്ചുകൊടുത്തത്‌. ദേവകാര്യങ്ങളില്‍ അനവധിനേരം മുഴുകിയിരിക്കുന്ന ആളാണത്രേ ചൊമാരി. അതു കഴിഞ്ഞേ കാണാന്‍ പറ്റുകയുണ്ടാവുകയുള്ളൂവത്രേ. പോയി അന്വേഷിച്ചു വരാം എന്നു പറഞ്ഞു പോയതാണ്‌. വേഗം വരുമായിരിയ്ക്കും. ഏതായാലുംഇനി അധികനേരം വഴിയാത്രക്കാര്‍ക്ക്‌ കാഴ്ചവസ്തുവായി ആല്‍ത്തറയില്‍ ഇരിയ്ക്കേണ്ടി വരില്ലായിരിയ്ക്കും. കാഴ്ചവസ്തു. ആ പദം കുറേ മാസങ്ങളായി പിന്തുടരുന്നു. പരദേശികളെ അത്ഭുതത്തോടെ നോക്കുന്നവരുടെ മുന്നില്‍ കാഴ്ചവസ്തുവായി ഇരിയ്ക്കുക എന്നത്‌ വരണ്ട നൊമ്പരം തന്നെയാണ്‌. തൊലിയുരിയുന്നതു പോലെ തോന്നും. കാണുന്നവര്‍ പരദേശികളായിട്ടല്ലേ കാണൂ. മനുഷ്യരായി കാണില്ല. കാണുന്നവര്‍ തങ്ങളെ എങ്ങിനെ കാണും എന്ന്‌ സ്വയം തീരുമാനിച്ച്‌ അവരുടെ പാകത്തിന്‌ സ്വയം രൂപപ്പെടാന്‍ ശ്രമിയ്ക്കുകയും, തുടര്‍ന്നുപോന്ന സമ്പ്രദായങ്ങള്‍ അതിനു വഴങ്ങാതിരിയ്ക്കുകയും ചെയ്യുമ്പോളുണ്ടാകുന്ന ഈ നൊമ്പരം അഹങ്കാരത്തിന്റെ ഏറ്റവും നേര്‍മ്മയേറിയതും പൊട്ടിയ്ക്കാന്‍ വിഷമമുള്ളതും ആയ പാളിയാണത്രേ. ശരിയായിരിയ്ക്കാം. പക്ഷേ ഈ പാളിയില്ലെങ്കില്‍ എല്ലാവരും താന്തോന്നികളായി മാറും. അതെന്തങ്കിലുമാകട്ടെ. കാഴ്ചവസ്തുവായി ഇരിയ്ക്കല്‍ ഇനി അധികനേരം വേണ്ടിവരില്ല എന്നു തോന്നുന്നു. ആര്‍ക്കറിയാം? പൂര്‍ണ്ണമായും ഇവിടുത്തുകാരായി മാറിയില്ലെങ്കില്‍ ഒരുപക്ഷേ ജീവിതകാലം മുഴുവന്‍ കാഴ്ചവസ്തുതന്നെ ആകേണ്ടി വരാം. മാറണം. മാറാനുള്ള കഴിവ്‌ നേടിയെടുക്കുകതന്നെ വേണം. മാസങ്ങളോളം പ്രയാസപ്പെട്ട്‌ ഇവിടെ വന്ന്‌ ഈ നാട്ടുകാരാകാന്‍ കഴിയാതെ തിരിച്ചുപോയവരുണ്ടത്രേ. അതുപോലെ ആകരുത്‌. യമുനാതീരത്തുനിന്ന്‌ കഷ്ടപ്പെട്ടുതന്നെയാണ്‌ ഇവിടെ എത്തിച്ചേര്‍ന്നത്‌. നാലുമാസം മുമ്പ്‌ ഭാദ്രമാസത്തിന്റെ ആദ്യ നാളുകളില്‍ പുറപ്പെട്ടതാണ്‌. ആദ്യം അമ്മയും രവിയും കേശവനും കൂടെ പോരുന്നുണ്ടെന്ന്‌ വിചാരിച്ചിരുന്നില്ല. ഗുരു കേശവനോടും രവിയോടും ജ്യേഷ്ഠന്റെ കൂടെ പോകാന്‍ പറഞ്ഞു. കേശവന്‌ നല്ല മടിയുണ്ടായിരുന്നു. വിഷ്ണുവിനേയും ഭദ്രയേയും പിരിയുന്നത്‌ വിഷമമായതിനാല്‍ അമ്മയും പുറപ്പെടാന്‍ തീരുമാനിച്ചു. പിന്നെ കേശവന്‌ നിവൃത്തിയില്ലാതായി. കേശവന്‌ അമ്മയെ പിരിയുന്നത്‌ വിചാരിയ്ക്കാന്‍ കൂടി കഴിയില്ല. രവിയ്ക്ക്‌ യാത്ര ഉത്സാഹമുള്ളതായിരുന്നു. യാത്രയില്‍ അനവധി തീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്തു. നിരവധി തപസ്വികളെ കണ്ടു വണങ്ങി. പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. തീര്‍ത്ഥയാത്രയായി മാറിയ യാത്ര ജന്മാന്തരപുണ്യത്തിന്റെ ഫലം തന്നെ. ഗോകര്‍ണ്ണത്തേയ്ക്കു തീര്‍ത്ഥയാത്ര നടത്തിയിരുന്ന ഒരു കൂട്ടം സന്യാസിമാരുടെ കൂടെ പോരാന്‍ പറ്റിയതുകൊണ്ട്‌ പകുതിയോളം സത്സംഗയാത്രതന്നെ ആയിരുന്നു. യാത്ര പുറപ്പെടാന്‍ തീരുമാനിച്ചതിനു നാലുദിവസം മുമ്പാണ്‌ സന്യാസിമാരുടെ ഒരു സംഘം ഗ്രാമത്തില്‍ എത്തിയത്‌. അവരുടെ യാത്ര ഗോകര്‍ണ്ണത്തേയ്ക്കാണ്‌ എന്നറിഞ്ഞപ്പോള്‍ കുട്ടികളുടെ അച്ഛന്‍കൂടെ യാത്രചെയ്യാനുള്ള അനുവാദം ചോദിച്ചു. അവരുടെ നിഷ്ഠകള്‍ക്കും പരിശുദ്ധിയ്ക്കും കോട്ടം പറ്റാത്തവിധത്തില്‍ അനുഗമിയ്ക്കാന്‍ അനുഭാവപൂര്‍വ്വം അനുവദിച്ചു. യാത്രയില്‍ മാസം തോറുമുള്ള അശുദ്ധിസമയത്ത്‌ ഏതെങ്കിലും ഗ്രാമത്തില്‍ നാലോ അഞ്ചോ ദിവസം തങ്ങാനുള്ള ദയവുകൂടി അവര്‍ പ്രകടിപ്പിച്ചു. യജ്ഞപരിപാലനത്തിനായി നാടും ബന്ധങ്ങളും ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു കുടംബത്തിന്റെ യാത്ര ചെറിയകാര്യമായിട്ടല്ല അവര്‍ കണ്ടത്‌. അത്‌ അവരുടെ പെരുമാറ്റത്തില്‍ സുഖമുള്ള കാറ്റുപോലെ വ്യക്തമായിരുന്നു. പടിഞ്ഞാറേ കടലിന്റെ തീരത്താണ്‌ ഗോകര്‍ണ്ണം. അവിടെ തങ്ങിയ സന്യാസിമാര്‍ മുന്നോട്ടുള്ള യാത്രയ്ക്ക്‌ എല്ലാവിധ ആശംസകളും തന്നു. നിഷ്കളങ്കരായ അവരുടെ ആശിസ്സുകളും ഗോകര്‍ണ്ണേശ്വരന്റെ അനുഗ്രഹവും കൂടി ഉള്ളതുകൊണ്ടായിരിയ്ക്കാം ഭയാനകമായ വഴികളില്‍ കൂടി സുരക്ഷിതരായി ഇവിടെ വരെ എത്താന്‍ പറ്റിയത്‌. ഗോകര്‍ണ്ണത്ത്‌ എത്തുന്നതിനു മുമ്പു തന്നെ മാറിത്തുടങ്ങിയ ഭൂപ്രകൃതി കൂടുതല്‍ ഭീകരമായി വന്നു. രണ്ടോ മൂന്നോ ആളുകള്‍ ചേര്‍ന്നു പിടിച്ചാല്‍ കൂടി ചുറ്റും എത്താത്ത അത്ര വണ്ണമുള്ള മരങ്ങളും നാഴികകളോളം യുഗയുഗങ്ങളായി സൂര്യപ്രകാശം കാണാത്ത ഘോരവനങ്ങളും വന്യമൃഗങ്ങളും ഇഴജന്തുക്കളും വഴിയെ ഭീകരങ്ങളില്‍ വെച്ച്‌ ഭീകരമാക്കി. ഉള്‍ക്കിടിലത്തോടെ മാത്രമേ അതുവഴിയെല്ലാം പോന്നത്‌ ആലോചിയ്ക്കാനേ കഴിയൂ. ആതിഥ്യം തന്ന ഗ്രാമങ്ങളില്‍ ചിലപ്പോള്‍ ദിവസങ്ങളോളം താമസിയ്ക്കേണ്ടി വന്നു. പലയിടത്തും കള്ളന്മാരും ദുഷ്ടമൃഗങ്ങളും വിസ്തൃതങ്ങളായ നദികളും യാത്രയ്ക്ക്‌ താമസം ഉണ്ടാക്കി. പലയിടത്തും അപകടനില തീരുന്നതു വരെ ഗ്രാമാധിപന്മാര്‍ അടുത്ത ഗ്രാമത്തിലേയ്ക്ക്‌ യാത്ര തുടരാന്‍ അനുവദിച്ചതേ ഇല്ല. എന്തെല്ലാം വിധം അനുഭവങ്ങളാണ്‌. ഒരിടത്ത്‌ കാട്ടുജാതിക്കാരുടെ ആക്രമണം ഉണ്ടായി. ആ ഗ്രാമത്തിലെ സ്ത്രീകള്‍കൂടി ആയുധമെടുത്ത്‌ യുദ്ധം ചെയ്യും. ഇത്തരം യുദ്ധങ്ങള്‍ ഒരു പതിവാണത്രേ അവര്‍ക്ക്‌. ആ ഗ്രാമത്തിലെ അധിപന്‍ അടുത്തഗ്രാമം വരെ വിശ്വസ്തരായ പടയാളികളെ അയച്ചുതരികകൂടി ചെയ്തു. എത്ര നല്ല മനുഷ്യര്‍. എന്നാല്‍ ചിലയിടത്ത്‌ നല്ല അനുഭവമായിരുന്നില്ല. രാത്രി ഒളിച്ചോടേണ്ടിവരികകൂടി ഉണ്ടായി. വിഷ്ണുവിനേക്കാളും ഭദ്രയേക്കാളും വിഷമം കേശവനേക്കൊണ്ടാണുണ്ടായത്‌. ആവശ്യമില്ലാത്ത വാശികളും മുറുമുറുപ്പും ഇല്ലാത്ത സമയം തന്നെ ഉണ്ടായിരുന്നില്ല. കേശവന്‌ പറയുമ്പോള്‍ പതിനഞ്ചു വയസ്സിനു മേലെ ആയി. ഇപ്പോഴും അമ്മയെ കാണാതെ ഒരു ദിവസം പോലും വയ്യ. കുട്ടിക്കാലം മുതല്‍ക്കേ കേശവന്‍ എല്ലാ കാര്യത്തിലും ഇരട്ടസഹോദരനായ രവിയേക്കാള്‍ പിന്നിലായിരുന്നത്രേ. പക്ഷേ പഠനത്തിന്റെ കാര്യത്തില്‍ സഹോദരന്മാരാരും തന്നെ കേശവന്റെ ഏഴയലത്തോളം എത്തില്ല. ഗുരുനാഥന്‍ എപ്പോഴും എടുത്തു പറയുന്നതാണത്രേ കേശവന്റെ ബുദ്ധിയുടെ വൈഭവം. ആ ബുദ്ധി ഒരാള്‍ക്കും ഉപകാരമാകുന്നില്ല എന്നതാണ്‌ കുഴപ്പം. എല്ലാവരില്‍നിന്നും വിട്ടു നില്‍ക്കാനാണ്‌ ശ്രമിയ്ക്കുക. പുതിയ സ്ഥലവുമായി എങ്ങിനെ യോജിച്ചു പോകും എന്നൊരു നിശ്ചയവുമില്ല. ഒരു ആശയുള്ളത്‌ 'കാലങ്കൊണ്ട്‌ എല്ലാം നേരെയാകും' എന്ന ഗുരുവിന്റെ അഭിപ്രായമാണ്‌. രവി മിടുക്കനാണ്‌. യാത്രയില്‍ പലപ്പോഴും ഭക്ഷണവും താമസസ്ഥലവും കിട്ടിയത്‌ രവിയുടെ മിടുക്കുകൊണ്ടുതന്നെ ആണ്‌. ഭര്‍ത്താവിന്റെ അനുജന്മാരും കേശവന്റേയും രവിയുടേയും ഏട്ടന്മാരായ മൂന്നുപേര്‍ നാട്ടില്‍ അടുത്ത ഗ്രാമങ്ങളില്‍ ചെറിയ ചെറിയ വിദ്യാലയങ്ങള്‍ നടത്തുന്നു. അത്‌ വിട്ടു പോരുന്നതിന്‌ അവര്‍ക്കത്ര സമ്മതം പോര. ഗുരുവും അവരോട്‌ യാത്ര പുറപ്പെടാന്‍ പറഞ്ഞില്ല. കുട്ടികളുടെ അച്ഛനടക്കം എല്ലാ സഹോദരന്മാരുടേയും ഗുരു മീമാംസാശാസ്ത്രത്തില്‍ ഭാരതത്തില്‍ തന്നെ അദ്വിതീയ സ്ഥാനം ഉള്ളയാളാണ്‌. അതുകൊണ്ടു തന്നെ ഭാരതത്തില്‍ എങ്ങും ശിഷ്യന്മാരുമുണ്ട്‌. കര്‍മ്മമാര്‍ഗ്ഗത്തെ കുറിച്ചു പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടാകുന്ന്‌ ശോഭ ശിഷ്യന്മാര്‍ക്ക്‌ ജീവിതാന്ത്യം വരെ വഴികാട്ടുവാന്‍ പോന്നതാണത്രേ. ആ പ്രകാശം അത്ര ശക്തമല്ലായിരുന്നെങ്കില്‍ കുട്ടികളുടെ അച്ഛന്‍ ഈ സാഹസത്തിന്‌ മുതിരുകയേ ചെയ്യുമായിരുന്നില്ല. അനാദികാലം മുതല്‍ നിലനിന്നു പോന്ന യജ്ഞസംസ്കാരം നിലനിന്നു പോരേണ്ടത്‌ മനുഷ്യവര്‍ഗത്തിന്റെ മാത്രമല്ല ജീവജാലങ്ങളുടെ മുഴുവന്‍ നിലനില്‍പ്പിന്‌ അവശ്യമാണെന്നും അതിനായി ഒരു ശിഷ്യനെങ്കിലും ശ്രമിച്ചാല്‍ തന്റെ അദ്ധ്യാപകവൃത്തി സഫലമായി എന്നും ഗുരു എപ്പോഴും പറയാറുണ്ടത്രേ. (തുടരും) കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.