കൊച്ചി: മഹാരാജാസിന്റെ സിന്തറ്റിക് ട്രാക്കില്‍ തീകോരിയിട്ടു നൂറു മീറ്റര്‍ മത്സരങ്ങള്‍. ഇഞ്ചോടിഞ്ച് പോരാട്ടങ്ങളില്‍ പലതിലെയും വിജയികളെ തീരുമാനിക്കപ്പെട്ടത് ഫോട്ടോ ഫിനിഷിംഗിലായിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10.90 സെക്കന്റിന്റെ മിന്നല്‍വേഗം തീര്‍ത്ത് മലപ്പുറത്തിന്റെ കെ.പി. അശ്വിനും സീനിയര്‍ പെണ്‍കുട്ടികളില്‍ 12.58 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കി തിരുവനന്തപുരത്തിന്റെ അഞ്ജു.എ.എസും ഇത്തവണത്തെ സ്കൂള്‍ മീറ്റിലെ ഏറ്റവും വേഗതയേറിയ താരങ്ങളായി.
മലപ്പുറം വളയംകുളം എംവിഎംആര്എച്ച്എസ്എസിലെ കെ.പി. അശ്വിന് എറണാകുളത്തിന്റെ ഉറച്ച സ്വര്‍ണ്ണ പ്രതീക്ഷയായിരുന്ന എം.എന്‍. നസിമുദ്ദീനെ അട്ടിമറിച്ച് ഏവരെയും ഞെട്ടിച്ചു. നസിമുദ്ദീന് (10.97 സെക്കന്റ്) വെള്ളിയില്‍ ഒതുങ്ങി. പാലക്കാട് കല്ലടി എച്ച്എസ്എസിന്റെ എ.കെ. ഉനൈസ് (11.11 സെക്കന്റ്) വെങ്കലവും കരസ്ഥമാക്കി.
പാലക്കാട് പറളിയുടെ പി.എം. അഞ്ജുവിനെ ( 12.62 സെക്കന്റ്) മറികടന്നാണ് തിരുവനന്തപുരം സായിയുടെ എ.എസ്. അഞ്ജു മീറ്റിന്റെ വേഗ കുമാരിയായത്. കല്ലടി സ്കൂളിന്റെ നിത്യമോള്‍ക്ക് (12.64) ഈ വിഭാഗത്തിലെ വെങ്കലം. ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ ജിസ്ന മാത്യു 12.65 സെക്കന്റില്‍ ഫിനിഷ് ചെയ്തു തങ്കപ്പതക്കം അണിഞ്ഞു. കോട്ടയം ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസിലെ ഡിബി സെബാസ്റ്റ്യന്‍ വെള്ളിയും കൊല്ലം സിഎസ്എച്ചിലെ പി.ഒ. സയന വെങ്കലവും ഉറപ്പിച്ചു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 11.14 സെക്കന്റില്‍ ഓടിയെത്തിയ രാഖില്‍. എ.ജി. ഒന്നാമനായി. ആദ്യ ദിവസം ലോംഗ്ജമ്പിലും സ്വര്‍ണ്ണം നേടിയ രാഖില്‍ ഇതോടെ ഡബിള്‍ തികച്ചു. മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ ടി.കെ. സുഫൈദ് വെള്ളിയും കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ടിനു ജെയിംസ്ജോയി വെങ്കലവും കരസ്ഥമാക്കി.
100 മീറ്ററിലെ ഏറ്റവും വാശിയേറിയ പോരാട്ടം സബ്ജൂനിയര് പെണ്‍കുട്ടികളുടേതായിരുന്നു. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ സോഫിയ സണ്ണിയും ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ ആദിത്യയും ഒരേസമയത്ത് (13.36 സെക്കന്റ്) ഫിനിഷ് ലൈന്‍ താണ്ടിയപ്പോള്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്നു. ഒടുവില്‍ ഫോട്ടോഫിനിഷില്‍ സോഫിയയെ വിജയിയായി പ്രഖ്യാപിച്ചു. 13.73 സെക്കന്റ് എന്ന സമയം കണ്ടെത്തിയ കോട്ടയം കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിലെ റോഷ്ണി ദേവസ്യ വെങ്കലം കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ്ണം ആലപ്പുഴ ജില്ല കൈക്കലാക്കി. മുഹമ്മ എബിവിഎച്ച്എസ്എസിലെ രാഹുല്‍ രാജ് കെ.ആര്. (12.07) ഒന്നാമന്. വയനാട് കോളിയാടി മാര്‍ബസേലിയോസ് യുപിഎസിലെ മുഹമ്മദ് ഇല്ല്യാസ് (12.08) വെള്ളിക്കും എറണാകുളം മതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസിലെ എ.എസ്. ഷിജില്‍ (12.13) വെങ്കലത്തിനും അര്‍ഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: