സിപിഎം മത്സരിച്ച മണലൂര്‍ മണ്ഡലത്തിലെ തോല്‍വി സിപിഐ അന്വേഷിക്കുന്നു

Sunday 21 August 2011 10:29 pm IST

തൃശൂര്‍ : സി.പി.എം മല്‍സരിച്ച മണലൂര്‍ മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച്‌ സിപിഐ അന്വേഷിക്കുന്നു. സിപിഎമ്മിന്റെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലെ പരാജയം പരിശോധിക്കാനാണ്‌ സി.പി.ഐ ഒരുങ്ങുന്നത്‌. ജില്ലയിലെ മണലൂരിന്‌ പുറമെ സംസ്ഥാനത്തെ പിറവം, കോട്ടയം, അഴീക്കോട്‌, പാറശാല മണ്ഡലങ്ങളിലെ തോല്‍വിയാണ്‌ സി.പി.ഐ പരിശോധനയ്ക്ക്‌ വിധേയമാക്കുന്നത്‌.
ഈ അഞ്ച്‌ മണ്ഡലങ്ങളില്‍ തോല്‍വി സംഭവിച്ചില്ലാ യിരുന്നുവെങ്കില്‍ ഇടതുമുന്നണിക്ക്‌ ഭരണം നഷ്ടപ്പെടില്ലാ യിരുന്നുവെന്നാണ്‌ സി.പി.ഐയുടെ വിലയിരുത്തല്‍. പാര്‍ട്ടി കോണ്‍ഗ്രസിന്‌ മുന്നോടിയായി നടക്കുന്ന കീഴ്ഘടകങ്ങളുടെ സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിന്‌ തയ്യാറാക്കിയ രാഷ്ട്രീയ രേഖയിലാണ്‌ തോല്‍വി പരിശോധനയ്ക്കുള്ള നിര്‍ദ്ദേശവും സി.പി.എമ്മിനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളുമുള്ളത്‌. 27 സീറ്റില്‍ മല്‍സരിച്ച്‌ 13 സീറ്റില്‍ വിജയം നേടിയ സി.പി.ഐക്ക്‌ നഷ്ടങ്ങളുണ്ടായില്ലെന്നാണ്‌ രാഷ്ട്രീയ രേഖയുടെ നിരീക്ഷണം.
ലോകസഭാ, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ തിരിച്ചറിവില്‍ സി.പി.എം പുനര്‍ചിന്തനത്തിന്‌ തയ്യാറായതും, വി.എസിന്റെ അവസരോചിതമായ ഇടപെടലും ഇടതുമുന്നണിക്ക്‌ വലിയ അളവില്‍ ഗുണം ചെയ്തു. മറ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലെ പോലെ സി.പി.ഐയിലും ഗ്രൂപ്പിസവും വിഭാഗിയതയും തല പൊക്കുന്നുണ്ടെന്ന്‌ രേഖ കുറ്റപ്പെടുത്തുന്നു. 24 പേജുള്ളതാണ്‌ രാഷ്ട്രീയ രേഖ, രാജ്യത്ത്‌ ഏഴ്‌ ലക്ഷം അംഗങ്ങളുണ്ടെന്നും അതില്‍ 1,70,803 പേര്‍ കേരളത്തിലാണെന്നും രേഖയില്‍ വ്യക്തമാക്കുന്നു.