ഗുരു

Tuesday 26 November 2013 9:26 am IST

അടുത്തകാലത്ത് തീര്‍ത്ഥയാത്ര കഴിഞ്ഞു വന്നതുമുതല്‍ സാമവേദികള്‍ കേരളം വിട്ടുപോയതും, ശിഷ്യനായ ചൊമാരിയും ഗ്രാമക്കാരും യജ്ഞം ചെയ്യാന്‍ വഴിയില്ലാതെ വിഷമിയ്ക്കുന്നതും അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ശിഷ്യനും സാമവേദിയും ആണ് എന്ന നിലയ്ക്ക് ഗുരുനാഥന്റെ വിഷമം ഇല്ലാതാക്കുന്നത് ചുമതലയാണെന്ന് കുട്ടികളുടെ അച്ഛന്‍ ഉറച്ചു വിശ്വസിച്ചു. അത് പറഞ്ഞപ്പോള്‍ ഗുരുനാഥന്‍ രണ്ടുകൈകള്‍കൊണ്ടും ശിരസ്സില്‍ അനുഗ്രഹം വര്‍ഷിച്ചു. ഗുരുവിനോട് പറഞ്ഞ വാക്ക് പാലിയ്ക്കുക എന്നതു മാത്രമാണ് യാത്ര മുന്നിലേയ്ക്ക് നയിക്കുന്ന ശക്തിയായത്. ബാക്കി ബന്ധങ്ങളും ഇഷ്ടങ്ങളും വികാരങ്ങളും എല്ലാം പിന്നിലേയ്ക്ക് ആഞ്ഞു വലിയ്ക്കുകയായിരുന്നു. ഇതുവരെ എല്ലാതടസ്ഥങ്ങളേയും മറികടക്കാന്‍ കഴിഞ്ഞത് ഗുരുവിന്റെ അനുഗ്രഹത്തിന്റെ ശക്തി തന്നെയാണെന്ന് യാത്രയില്‍ വിഷമഘട്ടങ്ങളിലെല്ലാം കുട്ടികളുടെ അച്ഛന്‍ കൂടെക്കൂടെ പറയുകയും ചെയ്തിരുന്നു ഒരു പക്ഷേ യാത്രയേക്കാള്‍ വിഷമം ഇനിയങ്ങോട്ടായിരിയ്ക്കാം. അറിയാത്ത നാട്ടില്‍ അറിയാത്ത ഭാഷക്കാരുടെ ഇടയില്‍ എങ്ങിനെ കഴിഞ്ഞുകൂടും എന്നതിന് ഇപ്പോഴും വ്യക്തതയൊന്നുമില്ല. ഇവിടുത്തെ ആചാരങ്ങളും സമ്പ്രദായങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു നിലവിളിയുടെ പ്രതിധ്വനിപോലെ തിരിച്ചു പോകേണ്ടിവരും. അങ്ങിനെ ഒരവസ്ഥ വരരുത്. പുതിയ സാഹചര്യങ്ങളുമായി പൂര്‍ണ്ണമായും ഇണങ്ങണം. വൃദ്ധയായ അമ്മയേയും കുട്ടികളേയും ഇണങ്ങന്‍ സഹായിക്കണം. അന്യോന്യം അത്താണികളാകുകയും ഈ ധര്‍മ്മയാത്രയില്‍ കുട്ടികളുടെ അച്ഛനോടൊപ്പം ഭാരങ്ങളും ക്ഷീണങ്ങളും പങ്കുവയ്ക്കുകയും വേണം. യജ്ഞസ്യത്വാ സന്തതൈ്യ സ്തൃണാമി (യജ്ഞത്തിന്റെ സന്തതിയ്ക്കായി നിന്നെ വിരിയ്ക്കുന്നു. ഇഷ്ടി എന്ന ആരാധനാക്രമത്തില്‍ ഹോമസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധിയ്ക്കപ്പിയ്ക്കാന്‍ വിരിയ്ക്കുന്ന പുല്ലിനോട് പറയുന്ന മന്ത്രം. സന്തതി = ഇടമുറിയായ്ക.) അങ്ങിങ്ങ്  വെള്ളി രോമങ്ങള്‍ പടര്‍ന്ന എണ്ണമയമുള്ള കുടുമയുടെ താഴത്ത് പ്രതീക്ഷയുടെ സൂര്യോദയം പോലെ ചൊമാരിയുടെ പ്രശാന്തമായ മുഖത്ത് പ്രകാശം നിറയുകയും സന്തോഷത്തിന്റെ അലകള്‍ ചിത്രീകരിച്ചതുപോലെ ഭസ്മക്കുറി നെറ്റിത്തടത്തില്‍ തെളിഞ്ഞു നില്‍ക്കുകയും. വസ്ത്രം പിഴിഞ്ഞ് തോരയിടുമ്പോള്‍ ചൊമാരി വിചാരിച്ചു. 'ഇന്ന് അഗ്നിഹോത്രം കഴിഞ്ഞതും പുതുമഴപോലെ കുളിരും പ്രതീക്ഷയും ഉണര്‍ത്തുന്ന വാര്‍ത്തയാണ് കേട്ടത്. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം കൃഷ്ണശര്‍മ്മയും കുടുംബവും എത്തിച്ചേര്‍ന്നു. യജ്ഞപുരം ഗ്രാമത്തില്‍ വീണ്ടും യജ്ഞങ്ങള്‍ നടക്കാന്‍ വഴിയായി. ഗുരുവിന്റെ അപാരകൃപ തന്നെ. ഗുരുനാഥന്റെ തീര്‍ത്ഥയാത്ര കഴിഞ്ഞപ്രാവശ്യം കേരളത്തിലേയ്ക്കായത് ഭാഗ്യമായി. അല്ലെങ്കില്‍ ഊരുഗ്രാമക്കാരുടെ മുഷ്‌ക്കിന്നു മുമ്പില്‍ ഒന്നും ചെയ്യാനാകാതെ യജ്ഞപുരത്തെ യജ്ഞഭൂമികള്‍ നിര്‍ജ്ജീവമായേനേ. ധര്‍മ്മാചരണത്തിന് ന്യൂനത വരുമ്പോള്‍ ഈശ്വരന്റെ രൂപത്തില്‍ തന്നെയാണ് ഗുരു പ്രത്യക്ഷപ്പെടുകയും താമസിയാതെ സാമവേദിയെ കേരളത്തിലേയ്ക്ക് അയച്ചുതരികയും ചെയ്തത്. ഗുരു ഈശ്വരതുല്യന്‍ തന്നെ ആണ്. അഗാധമായ വിദ്യാഭ്യാസത്തിനു ശേഷം ഗൃഹസ്ഥാശ്രമധര്‍മ്മം സ്വീകരിച്ച് ചെറുപ്പത്തിലേ സോമയാഗം, വാജപേയം മുതലായ യജ്ഞങ്ങള്‍ നടത്തി നര്‍മ്മദാതീരത്ത് താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി അകാലചരമമടഞ്ഞു. അതിനുശേഷം മറ്റൊരു വിവാഹത്തിന് മുതിരാതെ നര്‍മ്മദാതീരത്തുതന്നെ വിശലമായ ഗുരുകുലം ആരംഭിയ്ക്കുകയും തപസ്സിനും അദ്ധ്യാപനത്തിനും ജീവിതം നീക്കിവെയ്ക്കുകയും ചെയ്തു. വര്‍ഷത്തില്‍ ഒരിയ്ക്കല്‍ ശിഷ്യന്മാരോടുകൂടി ദീര്‍ഘങ്ങളായ തീര്‍ത്ഥയാത്രകള്‍ അനുഷ്ഠിച്ചു.  ഗുരുവിന്റെ നിഷ്ഠകള്‍ മീമാംസാശാസ്ത്രത്തിനുതന്നെ മുതല്‍ക്കൂട്ടായി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങിനെ ഒരു തീര്‍ത്ഥയാത്രയ്ക്കിടയ്ക്ക് അദ്ദേഹം യജ്ഞപുരത്തെത്തിയപ്പോഴാണ് ശിഷ്യനായിത്തീരാനുള്ള ഭാഗ്യം സിദ്ധിച്ചത്. അദ്ദേഹത്തിന്റെ മീമാംസയിലെ അഗാധതയ്ക്കു മുന്നില്‍ യജ്ഞപുരത്തുള്ളവരെല്ലാം നമ്രശിരസ്‌കരായി. പ്രത്യേകിച്ച് അച്ഛന്‍. അന്ന് വേദാദ്ധ്യയനം കഴിഞ്ഞ് ശാസ്ത്രങ്ങള്‍ അഭ്യസിച്ചു തുടങ്ങിയ യുവാവായ തന്നെ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു. കേരളത്തിലെ ബാക്കി യാത്രയില്‍ അദ്ദേഹത്തെ ശുശ്രൂഷിയ്ക്കാനും മീമാംസാശാസ്ത്രത്തിന്റെ ഉള്‍ത്തളങ്ങളിലേയ്ക്കിറങ്ങിച്ചെല്ലാനും സാധിച്ചു. അതിനുശേഷം രണ്ടു പ്രാവശ്യമേ കേരത്തില്‍ തീര്‍ത്ഥയാത്രയ്ക്കായി എത്തിയിട്ടുള്ളൂ. രണ്ടു പ്രാവശ്യവും സാമവേദികളുടെ അഭാവം വിഷമിപ്പിച്ച സമയത്തുതന്നെയായിരുന്നൂ എന്നതാണ് അത്ഭുതം.    അതില്‍ ആദ്യം വന്നതാണ് സൗരാഷ്ട്രക്കാര്‍ വരുവാന്‍ വഴിതെളിയിച്ചത്. പക്ഷേ പെരുങ്കൂറു വാഴുന്നവരുടേയും ഊരുഗ്രാമക്കാരുടേയും ഈര്‍ഷ്യതയുടെ അകമ്പടിയുള്ള ക്രൂരത അവരില്‍ ഒരുവിധം എല്ലാവരേയും മടങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചു. ഇപ്രാവശ്യം എണ്‍പതോളം വയസ്സായിട്ടും കേരളത്തിലേയ്ക്കു തന്നെ തീര്‍ത്ഥയാത്ര നടത്താന്‍ തീരുമാനിച്ചത് യജ്ഞപുരം ഗ്രാമത്തിന്റെ ഭാഗ്യം എന്നല്ലാതെ ഒന്നും പറയാനില്ല. സൗരാഷ്ട്രക്കാര്‍ മടങ്ങിപ്പോയതും യജ്ഞങ്ങള്‍ക്ക് വീണ്ടും മുടക്കം വരുന്നതും അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തായായിരുന്നു. അദ്ദേഹം തിരിച്ചുപോയി അധികം താമസിയയാതെ തന്നെ കൃഷ്ണശര്‍മ്മയുടേയും കുടുബത്തിന്റേയും ആഗമനം സൂചിപ്പിച്ചുകൊണ്ടുള്ള സന്ദേശം ലഭിയ്ക്കുകയും ചെയ്തു. ചൊമാരി ഭൂതകാലത്തിന്റെ വിദൂരതയില്‍നിന്ന് വര്‍ത്തമാനകാലത്തേയ്ക്ക് തിരിച്ചിറങ്ങി കാര്യസ്ഥനായ നാണുവിനോട് കൃഷ്ണശര്‍മ്മയ്ക്കും സഹോദരങ്ങള്‍ക്കും കുളിയ്ക്കാനുള്ള സൗകര്യങ്ങള്‍ തികഞ്ഞില്ലേ എന്നന്വേഷിച്ചു. മകന്‍ കുഞ്ചു എല്ലാം ശ്രദ്ധിയ്ക്കും എന്നാലും കാര്യസ്ഥന് പാകം നോക്കാനുള്ള കഴിവു കൂടും. അതിഥികള്‍ക്ക് ഒരു കുറവും ഉണ്ടാവരുത്. എന്തങ്കിലും മടുപ്പുവന്ന് തിരിച്ചുപോകാന്‍ തോന്നരുത്. (തുടരും) കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.