പ്ലീനം വന്നു അറ്റകൈ പ്രയോഗമാകും

Wednesday 27 November 2013 9:49 am IST

തിരുവനന്തപുരം: സിപിഎം 'പ്ലീനം' തീരുമ്പോള്‍ കേരളത്തിന്റെ സ്ഥിതിയെന്താകും? കുറഞ്ഞപക്ഷം വി.എസ്.അച്യുതാനന്ദന്റെ സ്ഥാനം എന്താകും? രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നവരുടെയെല്ലാം ചോദ്യമതാണ്. ഒരുപക്ഷേ സിപിഎം സംസ്ഥാനകമ്മിറ്റിയിലെ 'കിച്ചണ്‍ കാബിനറ്റിന്' ഇത് സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ടാകാം. എന്നാല്‍ ബഹുഭൂരിപക്ഷം സാധാരണ പാര്‍ട്ടിക്കാരും പൊതുജനങ്ങളും ആശങ്കയില്‍ത്തന്നെയാണ്. സിപിഎമ്മിലെ ഗ്രൂപ്പ് പോരുകളെക്കുറിച്ച് വാര്‍ത്ത വരുമ്പോഴൊക്കെ 'അതെല്ലാം മാധ്യമസൃഷ്ടി' എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നതാണ് കണ്ടുപോന്നത്. എന്നാല്‍ അടുത്തകാലത്തായി നേതൃത്വത്തിന് സമ്മതിക്കേണ്ടിവന്നു. പ്ലീനം നടത്താന്‍ നിശ്ചയിച്ചതോടെ വിഘടന പ്രവര്‍ത്തനങ്ങള്‍ ഗൗരവതരമാണെന്ന് ബോധ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ തന്നെ സംഘടനാ പ്രശ്‌നങ്ങള്‍ എത്ര വലുതാണെന്ന് വ്യക്തമാവുകയാണ്. ''കേരളത്തില്‍ അതത് കാലത്ത് നിലനിന്ന രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുന്നതിനുമാണ് അതത് കാലഘട്ടങ്ങളില്‍ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെ വിശേഷാല്‍ സമ്മേളനങ്ങള്‍ ചേര്‍ന്നത്. അതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഇപ്പോഴത്തെ പ്ലീനം ചേരുന്നത്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എന്തെങ്കിലും ഭിന്നതകള്‍ കേരളത്തിലെ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്നില്ല. എന്നാല്‍, സംഘടനാപരമായ ചില ദൗര്‍ബല്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവ പരിഹരിക്കുക എന്നതാണ് ഈ പ്ലീനത്തിന്റെ പ്രധാന ലക്ഷ്യം''. എല്ലാം സുവ്യക്തം- ആശയപരമായതൊന്നും ചര്‍ച്ച ചെയ്യാനില്ല. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ഇണങ്ങാത്തതും ഉണങ്ങിയതുമായ കമ്പുകള്‍ വെട്ടിമാറ്റപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അത് പരിശോധിക്കുമ്പോഴാണ് വിഎസ്സിന്റെ ഭാവി എന്ത് എന്ന ചോദ്യമുയരുന്നത്. 'പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്ക് മീതെ ചായുമ്പോള്‍ വെട്ടിമാറ്റണം' എന്ന തത്ത്വം സിപിഎം മനസ്സിലാക്കിയിട്ട് കാലം കുറേയായി. ഉപയോഗിച്ച കോടാലികളൊന്നും ഫലവത്തായില്ലെന്ന് മാത്രം. കേന്ദ്രകമ്മിറ്റിയും പിബിയും താങ്ങിയതുകൊണ്ടുമാത്രം 'മരം' വീണില്ല. അറ്റകൈ പ്രയോഗമാണ് പ്ലീനമെന്ന കാര്യത്തില്‍ സംശയമില്ല. നാളെയാണ് പ്ലീനം ഔദ്യോഗികമായി തുടങ്ങുന്നത്. മൂന്നുദിവസത്തെ പ്ലീനത്തില്‍ 400 ഓളം നേതാക്കളാണ് പങ്കെടുക്കുന്നത്. നാല് പിബി മെമ്പര്‍മാരും പങ്കെടുക്കും. കേരളത്തില്‍ പ്ലീനം നാലാം തവണയും. പാലക്കാട് പ്ലീനം നടക്കുമ്പോള്‍ അതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. വിഎസ് സംസ്ഥാന സെക്രട്ടറിയായിരിക്കെ പാലക്കാട് നടന്ന സമ്മേളനത്തിലാണ് വിഘടന മുദ്രകുത്തി നിരവധി നേതാക്കളെ വെട്ടിനിരത്തിയത്. മധുരപ്രതികാരം തീര്‍ക്കാന്‍ അവര്‍ക്ക് പാലക്കാട് തന്നെ ഒത്തുകൂടാന്‍ കഴിഞ്ഞതിലുള്ള ആവേശം സ്വാഭാവികമാണ്. ഒന്നും സംഭവിക്കാതിരിക്കണമെങ്കില്‍ വിഎസ് നിരുപാധികം പാര്‍ട്ടിക്ക് വഴിപ്പെടുകതന്നെ വേണ്ടിവരും. അല്ലെങ്കില്‍ തിരുവനന്തപുരം സമ്മേളനത്തില്‍ ഒരു കുട്ടിസഖാവ് ആവശ്യപ്പെട്ടതുപോലെ 'ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്' തന്നെ കാത്തിരിക്കുന്നുണ്ടാവണം. അത് പ്ലീനത്തില്‍ വേണോ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തീരുംവരെ കാത്തിരിക്കണോ എന്നതേ അറിയാനുള്ളു. മുന്നണി ബന്ധങ്ങളില്‍ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കുമ്പോള്‍ ഒരു കീറാമുട്ടിയായേക്കാവുന്ന വിഎസ്സിനോട് ഇനിയൊരു മമത പ്രതീക്ഷിക്കേണ്ടതില്ല. പാലക്കാട് പ്ലീനം, തുടര്‍ന്നുള്ള കേന്ദ്രകമ്മറ്റി. സിപിഎമ്മിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍ ഒഴിവാക്കപ്പെടുകയോ പുറത്തിറങ്ങുകയോ സംഭവിക്കുന്നതേതെന്നു കാത്തിരിക്കാം. കെ. കുഞ്ഞിക്കണ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.