മലയാളനാട്‌ മഥുരാപുരിയായി

Sunday 21 August 2011 11:23 pm IST

കൊച്ചി: ജന്മാഷ്ടമിദിനമായ ഇന്നലെ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആയിരക്കണക്കിന്‌ ശോഭായാത്രകളില്‍ രാധാകൃഷ്ണംവഷധാരികളായ ലക്ഷക്കണക്കിന്‌ ബാലികാബാലന്മാര്‍ അണിനിരന്നതോടെ കേരളം മറ്റൊരു മഥുരാപുരിയായി.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ആയിരത്തോളം ശോഭായാത്രകളാണ്‌ ഇന്നലെ നടന്നത്‌. നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, നെടുമങ്ങാട്‌, വര്‍ക്കല എന്നീ നഗരങ്ങളിലും ശോഭായാത്രകളില്‍ വന്‍ജനാവലി അണിനിരന്നു. കൊല്ലം ജില്ലയില്‍ 500 കേന്ദ്രങ്ങളില്‍ ശോഭായാത്ര നടന്നു. ആലപ്പുഴയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന്‌ ശോഭായാത്രകള്‍ നടന്നു.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം പത്തനംതിട്ട ജില്ലകളിലായി 80 മഹാശോഭായാത്രകളും 450 ലേറെ ഉപശോഭായാത്രകളും നടന്നു. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മഹാശോഭായാത്രകള്‍. വിവിധ ശോഭായാത്രകളിലായി ആയിരക്കണക്കിന്‌ അമ്പാടിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നു. കോട്ടയം ജില്ലയില്‍ 275 ശോഭായാത്രകളിലായി 180 സംഗമപരിപാടികള്‍ നടന്നു. കോട്ടയം നഗരത്തില്‍ 13 ഗോകുലങ്ങളില്‍ നിന്നുമുള്ള ഉപശോഭായാത്രകള്‍ തിരുനക്കരയില്‍ സംഗമിച്ചു.
എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി പത്തിലേറെ മഹാശോഭായാത്രകള്‍ നടന്നു. തൃശൂര്‍ ജില്ലയില്‍ വിവിധ ശോഭായാത്രകളിലായി കാല്‍ലക്ഷത്തിലധികം കുട്ടികള്‍ രാധാ-കൃഷ്ണ വേഷങ്ങളും മറ്റു പുരാണവേഷങ്ങളും ധരിച്ച്‌ വീഥികളില്‍ നിറഞ്ഞു.
കോഴിക്കോട്‌ ജില്ലയില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ആയിരം ശോഭായാത്രകള്‍ നടന്നു. ഇതില്‍ 30 എണ്ണം മഹാശോഭായാത്രകളായിരുന്നു. മലപ്പുറം ജില്ലയില്‍ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ പതിമൂന്നോളം മഹാശോഭായാത്രകള്‍ നടന്നു.
പാലക്കാട്‌ ജില്ലയില്‍ ആയിരത്തോളം ശോഭായാത്രകള്‍ നടന്നു. നഗരത്തിലെ ശോഭായാത്ര അമ്പാടിയില്‍ നിന്നാരംഭിച്ച്‌ കോട്ടക്കകം ആഞ്ജനേയ ക്ഷേത്രത്തില്‍ സമാപിച്ചു. വയനാട്‌ ജില്ലയിലും നൂറുകണക്കിന്‌ ശോഭായാത്രകള്‍ നടന്നു.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്‌ കണ്ണൂര്‍-കാസര്‍കോട്‌ ജില്ലകളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ അമ്പതോളം മഹാശോഭായാത്രകളും അഞ്ഞൂറിലേറെ ശോഭായാത്രകളും നടന്നു. പൗരപ്രമുഖരും സാംസ്കാരിക നായകരും ശോഭായാത്രകള്‍ക്ക്‌ നേതൃത്വം നല്‍കി.
സ്വന്തം ലേഖകന്മാര്‍