കൊച്ചി: ദീര്‍ഘദൂര ഇനങ്ങളില്‍ പാലക്കാടിന്റ പൊന്മുത്ത് പി.യു. ചിത്ര തീര്‍ത്ത വീരഗാഥകള്‍ സ്കൂള്‍ കായികമേളയുടെ ചരിത്രത്താളുകളിലെ സുവര്‍ണ രേഖകളായി ഇനി മായാതെ കിടക്കും. വിടവാങ്ങല്‍ മീറ്റിനിറങ്ങിയ ചിത്ര പത്തരമാറ്റുള്ള പ്രകടനങ്ങളിലൂടെ ഏവരുടെയും ഹൃദയത്തില്‍ ചിരപ്രതിഷ്ഠ ഉറപ്പിച്ചാണ് മടങ്ങുന്നത്. മുണ്ടൂര്‍ എച്ച്എസിന്റെ ഈ അഭിമാനക്കുട്ടി ഇന്നലെ ക്രോസ് കണ്ട്രിയിലൂടെ കൊച്ചി മീറ്റിലെ നാലാം സ്വര്‍ണവും തികച്ചു.
നേരത്തെ, സീനിയര്‍ പെണ്‍കുട്ടികളുടെ 1500, 3000 മീറ്ററുകളില്‍ ദേശീയ റെക്കോര്‍ഡുകളോടെ ചിത്ര സ്വര്‍ണം അണിഞ്ഞിരുന്നു. 5000 മീറ്ററില്‍ പുതിയ മീറ്റ് റെക്കോര്‍ഡും സ്ഥാപിച്ചു.
ഇഷ്ടഇനങ്ങളിലെല്ലാം കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച ആത്മസംതൃപ്തിയോടെയാവും ചിത്ര സ്കൂള്‍ ട്രാക്കിനോട് ബൈ പറയുന്നത്. 2012ലും നാല് സ്വര്‍ണം നേടി ചിത്ര വ്യക്തിഗത ചാമ്പ്യനായിരുന്നു. മുണ്ടൂര്‍ പാലക്കീഴ് ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മകളും പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ ചിത്രയുടെ പരിശീലകന് എന്‍.എസ്. സിജിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: