ആന്ധ്രയില്‍ ഭരണപ്രതിസന്ധി

Sunday 21 August 2011 11:24 pm IST

ഹൈദരാബാദ്‌: അനധികൃത സ്വത്ത്‌ സമ്പാദിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി അധ്യക്ഷന്‍ വൈ.എസ്‌. ജഗന്‍മോഹന്‍ റെഡ്ഡിയോട്‌ കൂറുപുലര്‍ത്തുന്ന 27 എംഎല്‍എമാര്‍ രാജിവെക്കാന്‍ തീരുമാനിച്ചതോടെ ആന്ധ്രയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായി. രണ്ട്‌ കോണ്‍ഗ്രസ്‌ എംപിമാരും രാജി സന്നദ്ധത അറിയിച്ചു.
അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ജഗന്‍ റെഡ്ഡിയുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ്‌ നടന്നതിന്‌ പിന്നാലെയാണ്‌ സമ്മര്‍ദ്ദതന്ത്രവുമായി 27 നിയമസഭാംഗങ്ങളും രണ്ട്‌ എംപിമാരും രാജിക്ക്‌ ഒരുങ്ങിനില്‍ക്കുന്നത്‌. നിയമസഭാംഗങ്ങള്‍ ഇന്ന്‌ രാവിലെ 11ന്‌ സ്പീക്കര്‍ എന്‍. മനോഹറിന്‌ രാജിസമര്‍പ്പിക്കും. ഇവരില്‍ രണ്ടുപേര്‍ പ്രതിപക്ഷമായ ടിഡിപിയില്‍ നിന്നുള്ളവരാണെന്ന്‌ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ പി. സുഭാഷ്‌ ചന്ദ്രബോസ്‌ അറിയിച്ചു.
നെല്ലൂര്‍, അങ്കപ്പള്ളി ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള എം. രാജമോഹന്‍ റെഡ്ഡി, സബ്ബം ഹരി എന്നീ എംപിമാരും രാജിവെക്കുമെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു. ജഗന്‍ റെഡ്ഡിക്കെതിരെ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ അദ്ദേഹത്തിന്റെ അച്ഛനും മുന്‍ മുഖ്യമന്ത്രിയുമായ വൈ.എസ്‌. രാജശേഖരറെഡ്ഡിയുടെ പേരും പ്രത്യക്ഷപ്പെട്ടതില്‍ പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടു. പരേതനായ നേതാവിനെ കുറ്റക്കാരനായി ചിത്രീകരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ നിയമസഭാംഗങ്ങളുടെ സാന്നിധ്യത്തില്‍ സുഭാഷ്‌ ബോസ്‌ വായിച്ച പ്രസ്താവനയില്‍ പറയുന്നു.
2004ലും 2009ലും സംസ്ഥാനത്ത്‌ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്‌ വൈഎസ്‌ആര്‍ ആണെന്നും മരണശേഷം അദ്ദേഹത്തെ തഴയുന്ന സമീപനമാണ്‌ പാര്‍ട്ടി സ്വീകരിക്കുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഒരു കുറ്റക്കാരനായി ചിത്രീകരിച്ച്‌ വൈഎസ്‌ആറിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ നടത്തുന്ന ശ്രമം ദൗര്‍ഭാഗ്യകരമാണ്‌. ഇത്തരമൊരു സാഹചര്യത്തില്‍ രാജിയല്ലാതെ മറ്റുപോംവഴിയൊന്നുമില്ല. രാജിവെക്കുകയെന്നത്‌ തങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്തമായി കരുതുന്നുവെന്നും ബോസ്‌ പറഞ്ഞു. കൂടുതല്‍ നിയമസഭാംഗങ്ങള്‍ രാജിക്കൊരുങ്ങുകയാണെന്നും വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ അവകാശപ്പെട്ടു.
മുന്‍മന്ത്രി കൊണ്ട സുരേസ്ഖ, നടിയും നിയമസഭാംഗവുമായ ജയസുധ, കൗണ്‍സില്‍ അംഗം സത്യവതി എന്നിവര്‍ നിയമസഭയില്‍ നിന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ആദരണീയനായ മുന്‍ നേതാവിനോടുള്ള സ്നേഹത്തില്‍ നിന്നാണ്‌ തങ്ങളുടെ രാജിയെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അമര്‍നാഥ്‌ റെഡ്ഡി നേരത്തെ വാര്‍ത്താലേഖകരോട്‌ പറഞ്ഞു. 'മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വൈഎസ്‌ആറിനെ കോണ്‍ഗ്രസ്‌ പാര്‍ട്ടി ദൈവമെന്നാണ്‌ വിളിച്ചിരുന്നത്‌. അതേ പാര്‍ട്ടിതന്നെ മരണശേഷം അദ്ദേഹത്തിന്റെ പ്രതിഛായയെ താറടിക്കുകയാണെന്ന്‌ റെഡ്ഡി കുറ്റപ്പെടുത്തി.
27 എംഎല്‍എമാരുടെ രാജിയോടെ കിരണറെഡ്ഡി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്‌. സര്‍ക്കാരിന്റെ പതനം ആസന്നമല്ലെങ്കിലും 40 കോണ്‍ഗ്രസ്‌ എംഎല്‍എമാരുടെ രാജി ജഗന്‍റെഡ്ഡി ഉറപ്പാക്കിയാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജഗന്‍ സംഘത്തിന്റെ രാജി തീരുമാനത്തോട്‌ സ്പീക്കര്‍ എങ്ങനെ പ്രതികരിക്കുമെന്നും അറിയേണ്ടതുണ്ട്‌. പ്രത്യേക തെലുങ്കാന സംസ്ഥാനം ആവശ്യപ്പെട്ട്‌ കഴിഞ്ഞ മാസം 101 നിയമസഭാംഗങ്ങള്‍ നല്‍കിയ രാജി സ്പീക്കര്‍ കൂട്ടത്തോടെ തള്ളിയിരുന്നു. കൂടുതല്‍ അംഗങ്ങള്‍ രാജിക്ക്‌ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ്‌ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി. ഇന്ന്‌ 29 അംഗങ്ങള്‍ കൂടി രാജിവെക്കുമെന്ന്‌ പാര്‍ട്ടി നേതാവ്‌ ജുപ്പുഡി പ്രഭാകര്‍ അവകാശപ്പെട്ടു.
ജഗന്‍മോഹന്‍ റെഡ്ഡിയുടെ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ച ചില കമ്പനികള്‍ക്ക്‌ വൈഎസ്‌ആര്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്തതായി എഫ്‌ഐആറില്‍ പറയുന്നു. 2004-ല്‍ മുഖ്യമന്ത്രിയായ വൈഎസ്‌ആര്‍ 2009ലുണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ കൊല്ലപ്പെടുകയായിരുന്നു. പാര്‍ട്ടി നേതൃത്വം ഒതുക്കിയെന്നാരോപിച്ച്‌ കഴിഞ്ഞ വര്‍ഷമാണ്‌ ജഗന്‍റെഡ്ഡി കോണ്‍ഗ്രസ്‌ വിട്ടത്‌. കഴിഞ്ഞ മാര്‍ച്ചില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി രൂപീകരിച്ച അദ്ദേഹം കഡപ്പയില്‍ നിന്ന്‌ ലോക്സഭയില്‍ എത്തുകയും ചെയ്തു.
സംസ്ഥാനത്തെ ഒരു മന്ത്രിയുടെയും പ്രതിപക്ഷമായ ടിഡിപിയിലെ ചില നേതാക്കളുടെയും ഹര്‍ജികളില്‍ ആന്ധ്ര ഹൈക്കോടതി നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ചയാണ്‌ ജഗനെതിരെ സിബിഐ അന്വേഷണം തുടങ്ങിയത്‌. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ജഗന്റെയും കുടുംബാംഗങ്ങളുടെയും വസതികളിലും കമ്പനികളിലും സിബിഐ വ്യാപകമായി റെയ്ഡ്‌ നടത്തിയിരുന്നു.
സുഭാഷ്ചന്ദ്രബോസിന്‌ പുറമെ ബി. ശ്രീനിവാസ റെഡ്ഡി, കൊണ്ട സുരേഖ, കെ. രാമകൃഷ്ണ എന്നിവരും ഇന്നലെ ചേര്‍ന്ന ജഗന്‍ അനുകൂലികളുടെ യോഗത്തില്‍ പങ്കെടുത്തു. ഇതേസമയം, തന്റെ അച്ഛന്റെ മരണത്തില്‍ ദുഃഖം താങ്ങാനാവാതെ മരിക്കുകയും ജീവനൊടുക്കുകയും ചെയ്തവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ നടത്തുന്ന സാന്ത്വനയാത്രയുമായി ജഗന്‍ കൃഷ്ണ ജില്ലയില്‍ പര്യടനം തുടരുകയാണ്‌.
294 അംഗ ആന്ധ്ര നിയമസഭയില്‍ കോണ്‍ഗ്രസിന്‌ 155 അംഗങ്ങളാണുള്ളത്‌. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ഔദ്യോഗികമായി ലയിച്ച പ്രജാരാജ്യം പാര്‍ട്ടിക്ക്‌ 18 അംഗങ്ങളുണ്ട്‌. ഇവരില്‍ ജഗനോട്‌ കൂറുപുലര്‍ത്തുന്ന ഒരാള്‍ രാജിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യത്തില്‍ ആറംഗങ്ങള്‍ മാത്രമുള്ള മജ്ലിസ്‌-ഇ-ഇത്തിഹാദുള്‍ മുസ്ലീമിനും (എംഐഎം) സര്‍ക്കാരിന്റെ രക്ഷയ്ക്ക്‌ എത്തുമെന്ന്‌ പറയപ്പെടുന്നു.