സ്വാശ്രയം: സര്‍ക്കാരിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍

Wednesday 22 June 2011 10:12 pm IST

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി സീറ്റുകളില്‍ സര്‍ക്കാരിന്‌ പ്രവേശനം നടത്താനാവില്ലെന്ന്‌ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ്‌ മെഡിക്കല്‍ കൗണ്‍സില്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം ബിരുദാനന്തര ബിരുദ സീറ്റുകളില്‍ മാനേജ്മെന്റുകള്‍ പ്രവേശനം നടത്തിയത്‌ തടയണമെന്നാവശ്യപ്പെട്ട്‌ ഒരു വിദ്യാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ്‌ മെഡിക്കല്‍ കൗണ്‍സില്‍ നിലപാട്‌ അറിയിച്ചിരിക്കുന്നത്‌.
പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി 31 വരെ സമയം അനുവദിച്ചതിനാല്‍ മാനേജ്മെന്റുകള്‍ക്ക്‌ സര്‍ക്കാര്‍ ക്വാട്ടയായ 50 ശതമാനം സീറ്റുകളില്‍ പ്രവേശനം നടത്താന്‍ അവകാശമില്ലെന്ന്‌ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പ്രവേശനം 31 വരെ നീട്ടിയത്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ടയില്‍ മാത്രമാണെന്നും സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഇതില്ലെന്നും കൗണ്‍സില്‍ അറിയിച്ചു. മെഡിക്കല്‍ പിജി പ്രവേശനത്തില്‍ തങ്ങള്‍ക്കവകാശപ്പെട്ട 50 ശതമാനം സീറ്റ്‌ ഏറ്റെടുത്ത്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ സീറ്റുകളിലേക്ക്‌ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനവും സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നിയമപ്രകാരം 50 ശതമാനം മെഡിക്കല്‍ പിജി സീറ്റുകള്‍ സര്‍ക്കാരിന്‌ അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ മാനേജ്മെന്റുമായുണ്ടാക്കിയ കരാര്‍ പ്രകാരം നിശ്ചിത തീയതിക്കകം മെറിറ്റ്ലിസ്റ്റ്‌ നല്‍കാന്‍ സര്‍ക്കാരിനായില്ല. മെറിറ്റ്‌ സീറ്റിലേക്കുള്ള പട്ടിക ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ മാനേജ്മെന്റ്‌ ഈ സീറ്റുകളിലേക്ക്‌ സ്വന്തം നിലയില്‍ പ്രവേശനം നടത്തിയത്‌ വിവാദമായിരിക്കെയാണ്‌ മെഡിക്കല്‍ കൗണ്‍സില്‍ നിലപാട്‌ അറിയിച്ചിരിക്കുന്നത്‌.
ഇതിനിടെ, സ്വാശ്രയ പ്രവേശനത്തിലും ഫീസിലും സാമൂഹ്യനീതി നടപ്പാക്കണമെന്നതാണ്‌ സര്‍ക്കാര്‍ നയമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത്‌ പറഞ്ഞു. ഹൈക്കോടതിയില്‍ അഡ്വക്കേറ്റ്‌ ജനറല്‍ സര്‍ക്കാര്‍ നയത്തിന്‌ വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. മുഹമ്മദ്‌ കമ്മറ്റി സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയാണ്‌. മുഹമ്മദ്‌ കമ്മറ്റിയാണ്‌ ഈ രംഗത്ത്‌ ഫീസും മറ്റുകാര്യങ്ങളും തീരുമാനിക്കുന്നത്‌. പ്രായോഗിക തലത്തില്‍ ചിലകാര്യങ്ങള്‍ കൊണ്ടുവരാന്‍ സമയക്കുറവുമൂലം കഴിഞ്ഞിട്ടില്ലന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സ്വാശ്രയരംഗത്ത്‌ വ്യക്തതയുണ്ടാക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും എല്‍ഡിഎഫിന്‌ കഴിഞ്ഞിട്ടില്ല. അതിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോള്‍ സംഭവിക്കുന്നത്‌. സ്വാശ്രയകോളേജുകള്‍ അനുവദിച്ചപ്പോള്‍ എ.കെ.ആന്റണി കൊണ്ടുവന്ന നിയമമായിരുന്നു ഏറ്റവും അനുയോജ്യം. ക്രോസ്‌ സബ്സിഡി പാടില്ലെന്ന്‌ കാണിച്ച്‌ ഫീസ്‌ സംബന്ധിച്ച വ്യവസ്ഥകള്‍ മാത്രമാണ്‌ സുപ്രീംകോടതി റദ്ദാക്കിയത്‌, എന്നാല്‍, പിന്നീട്‌ വന്ന സര്‍ക്കാര്‍ ഈ നിയമം പൂര്‍ണമായി റദ്ദാക്കി. ഇത്‌ കോടതിയുടെ വരാന്തയില്‍ പോലും എത്തിയില്ല. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ ഇപ്പോഴത്തെ നിലപാടിനോട്‌ യോജിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്‌ സാമൂഹ്യനീതി നടപ്പാക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സിബിഎസ്‌ഇ സ്കൂളുകള്‍ക്ക്‌ വ്യവസ്ഥകളെല്ലാം പാലിച്ച്‌ മാത്രമാണ്‌ എന്‍ഒസി നല്‍കുന്നത്‌. ആശങ്കകള്‍ക്കൊന്നും അടിസ്ഥാനമില്ല. നിയന്ത്രണമില്ലാതെ ആര്‍ക്കും അനുമതി നല്‍കില്ല. പൊതുവിദ്യാഭ്യാസമേഖലക്ക്‌ ദോഷകരമാകുന്ന ഒരു നടപടിയും ഉണ്ടാകില്ല. വിദ്യാലയങ്ങള്‍ തുടങ്ങാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്‌. ഇപ്പോള്‍ എതിര്‍പ്പ്‌ പറയുന്ന ഇടതുമുന്നണിയും മുമ്പ്‌ ഇത്തരം വിദ്യാലയങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.

-സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.