തേജ്പാലിന്റേത്‌ ലൈംഗിക പീഡനം തന്നെയെന്ന്‌

Friday 29 November 2013 9:02 pm IST

ന്യൂഡല്‍ഹി: തരുണ്‍ തേജ്പാല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുക തന്നെയാണ്‌ ചെയ്തതെന്ന്‌ തെഹല്‍ക്കയില്‍നിന്ന്‌ രാജിവച്ച മാധ്യമ പ്രവര്‍ത്തക.
സംഭവത്തിനുശേഷം തനിക്ക്‌ ലഭിച്ച പിന്തുണയ്ക്ക്‌ എല്ലാവരോടും നന്ദിയുണ്ടെന്ന്‌ അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുന്‍പ്‌ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ്‌ ആരോപണം ഉന്നയിച്ചതെന്ന പ്രചാരണം തന്നെ വേദനിപ്പിച്ചുവെന്നും രണ്ടുപേജുള്ള പ്രസ്താവനയില്‍ മാധ്യമ പ്രവര്‍ത്തക വ്യക്തമാക്കി.തേജ്പാലിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ്‌ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ പ്രസ്താവനയിലുള്ളത്‌. തന്റെ ശരീരം തന്റേത്‌ മാത്രമാണെന്നും മേലുദ്യോഗസ്ഥന്‌ അതിന്മേല്‍ അവകാശമില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറയുന്നു. തരുണ്‍ തേജ്പാലില്‍നിന്ന്‌ നേരിടേണ്ടിവന്നത്‌ ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്ന കാര്യം തന്നെയാണെന്ന്‌ അവര്‍ ആവര്‍ത്തിച്ചു.
അതിനിടെ, തരുണ്‍ തേജ്പാലിന്റെ സൗത്ത്‌ ഡല്‍ഹിയിലുള്ള വീട്ടില്‍ വെള്ളിയാഴ്ച രാവിലെ ഗോവ പോലീസ്‌ പരിശോധന നടത്തി. രാവിലെ 6.30 ന്‌ വീട്ടിലെത്തിയ പോലീസ്‌ സംഘം ഒരു മണിക്കൂറോളം പരിശോധന തുടര്‍ന്നു. തേജ്പാലിന്റെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിലും പോലീസ്‌ എത്തി. തേജ്പാല്‍ എവിടെയാണെന്ന്‌ അറിയില്ലെന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചതായി പോലീസ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.