പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി വിഎസ്‌

Saturday 30 November 2013 10:52 am IST

കോഴിക്കോട്‌: കോഴിക്കോട്‌ നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സമാപന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയ വി.എസ്‌.അച്യുതാനന്ദന്‍ പാലക്കാട്ടും ഇതേ നടപടി ആവര്‍ത്തിച്ചു. പാര്‍ട്ടി പ്ലീനത്തിന്റെ ഭാഗമായി നടന്ന സമാപന റാലിയില്‍ പങ്കെടുക്കാതെയാണ്‌ വിഎസ്‌ തിരുവനന്തപുരത്തേക്ക്‌ തിരിച്ചത്‌.
ശക്തമായ പ്രതിഷേധ നിലപാടിലൂടെ പാര്‍ട്ടിയെ വിഎസ്‌ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്‌. വിഎസിനെ ഒതുക്കാന്‍ ലക്ഷ്യമിട്ടു ചേര്‍ന്ന പാര്‍ട്ടി പ്ലീനം സംസ്ഥാനഘടകത്തിലെ വിഎസ്‌ വിരുദ്ധര്‍ക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ്‌. അതിനിടെ എം.എം.ലോറന്‍സിനെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാടും വിഎസിന്‌ അനുകൂലമായി.
പാര്‍ട്ടി പ്ലീനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളാണ്‌ സമ്മേളനത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ വിഎസിനെ പ്രേരിപ്പിച്ചത്‌. ആരോഗ്യപരമായ കാരണങ്ങളാണ്‌ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതിന്‌ കാരണമായി പറയുന്നത്‌. എന്നാല്‍ ഈ വിശദീകരണത്തില്‍ പാര്‍ട്ടിയുടെ അടിയുറച്ച പ്രവര്‍ത്തകര്‍പോലും തൃപ്തരല്ല. വിഎസ്‌ വിഭാഗത്തിനെതിരെ പ്ലീനത്തില്‍ നടന്ന വിമര്‍ശനം മാത്രമല്ല പ്ലീനത്തിന്റെ സമാപന ദിവസം പാര്‍ട്ടി പത്രത്തില്‍ വന്ന വിവാദ വ്യവസായിയുടെ പരസ്യവും വി എസിനെ ചൊടിപ്പിച്ചിച്ചു. തന്റെ നിലപാടിനു കാരണം സംസ്ഥാന നേതൃത്വത്തിന്റെ പിഴവാണെന്ന്‌ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുന്നതില്‍ വിഎസ്‌ വിജയിക്കുകയും ചെയ്തിട്ടുണ്ട്‌.
വിഎസ്‌ സമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങിയതിന്‌ പിന്നാലെ വിഎസിനെ അനുകൂലിച്ചുകൊണ്ട്‌ നിരവധി പോസ്റ്റുകളും ഫെയ്സ്‌ ബുക്ക്‌ പേജുകളില്‍ പ്രത്യക്ഷപ്പെട്ടു. വഴിതെറ്റി സഞ്ചരിക്കുന്ന വലിയൊരാള്‍ക്കൂട്ടത്തില്‍ പങ്കുചേരുന്നതിനെക്കാള്‍ നല്ലത്‌ ഒറ്റക്ക്‌ നേരായ ദിശയിലേക്ക്‌ സഞ്ചരിക്കുന്നതാണ്‌. അങ്ങയുടെ ജീവിതം ഞങ്ങള്‍ക്ക്‌ പഠിപ്പിച്ചു തന്ന വലിയൊരുപാഠമാണിത്‌, എന്നാണ്‌ ഒരു പേജില്‍ പ്രത്യക്ഷപ്പെട്ടത്‌.
പോളിറ്റ്‌ ബ്യൂറോയില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോഴാണ്‌ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സമാപന സമ്മേളനത്തില്‍ നിന്നും വിഎസ്‌ വിട്ടുനിന്നു പ്രതിഷേധിച്ചത്‌. അന്ന്‌ വിഎസ്‌ പങ്കെടുക്കാതെ പ്രതിഷേധിച്ചത്‌ പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തിരുവനന്തപുരത്ത്‌ കുറച്ചു നേരത്തെ എത്തേണ്ടതിനാല്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരെ വിഎസ്‌ അറിയിച്ചത്‌.1985ല്‍ കൊല്‍ക്കത്തയില്‍ നടന്ന 12-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ മുതല്‍ പാര്‍ട്ടി പിബി അംഗമായ വി.എസ്‌. അച്യുതാനന്ദനെ കോയമ്പത്തൂരില്‍ നടന്ന 19-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസിലും പിബി അംഗമായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ 2009ല്‍ വിഭാഗീയതയുടെ പേരില്‍ വിഎസിനെ പിബിയില്‍നിന്നും പുറത്താക്കുകയായിരുന്നു. പിബിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ എന്നന്നേക്കുമായി അടഞ്ഞതു കണ്ടുകൊണ്ടാണ്‌ വിഎസ്‌ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പടികളിറങ്ങിയത്‌.
പാര്‍ട്ടിയിലെ വിഭാഗീയത പാര്‍ട്ടി പ്ലീനത്തിലൂടെ ഇല്ലാതാവുമെന്നാണ്‌ പിബി അംഗമായ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്ലീനത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്‌. വിഎസ്സിനും വിഎസ്‌ പക്ഷത്തിനുമെതിരെ ഔദ്യോഗിക പക്ഷം വീണ്ടും വിജയം നേടിയെന്നതാവണം പാര്‍ട്ടി പ്ലീനത്തിന്‌ സമാപനം കുറിച്ച്‌ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങാന്‍ വിഎസിനെ പ്രേരിപ്പിച്ചത്‌.
പി. ഷിമിത്ത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.