പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: അമിക്കസ് ക്യൂറി

Saturday 30 November 2013 11:18 am IST

ന്യൂദല്‍ഹി: കസ്റ്റഡി, ലോക്കപ്പ് മരണങ്ങള്‍ തടയുന്നതിന് രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യൂറി. മനുഷ്യാവകാശ കമ്മീഷനുകള്‍ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നും എല്ലാ ജില്ലകളിലും മൂന്ന് മാസത്തിനകം മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദ്ദേശിച്ചു. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് സ്റ്റേഷനിലെ മുറികളെല്ലാം എല്ലാ കോണുകളില്‍ നിന്നും വ്യക്തമായി കാണുന്ന തരത്തിലാകണം സി.സി.ടി.വികള്‍. ലോക്കപ്പ്,​ ചോദ്യം ചെയ്യുന്ന മുറികള്‍ തുടങ്ങിയവ വ്യക്തമായി കാണാനാവുന്ന തരത്തിലായിരിക്കണെന്നും അമിക്കസ് ക്യൂറി അഭിഷേക് മനു സിംഗ്‌വി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളും പോലീസും തമ്മില്‍ ആശയ വിനിമയം നടത്തുന്ന ഇടങ്ങള്‍ തുടങ്ങി സ്‌റ്റേഷനുകളിലെ എല്ലാ കോണുകളും ദിവസത്തില്‍ 24 മണിക്കൂറും നിരീക്ഷണ വലയത്തില്‍ വരുന്ന വിധത്തില്‍ വേണം ക്യാമറകള്‍ സ്ഥാപിക്കേണ്ടത്. പോലീസ് സ്‌റ്റേഷനുകളെ മാധ്യമ ഓഡിറ്റിംഗിനു വിധേയമാക്കണം. ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ കണ്‍ട്രോള്‍ റൂമികളിലേക്ക് പോലീസ് സ്‌റ്റേഷനുകള്‍ അയച്ചു കൊടുക്കണം. ഇവ നിശ്ചിത ഇടവേളകളില്‍ മനുഷ്യാവകാശ കമ്മീഷന്‍ കൃത്യമായി പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പു വരുത്തണം. രണ്ട് ഘട്ടങ്ങളായി രാജ്യത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറ സംവിധാനം നിലവില്‍ കൊണ്ടുവരണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളെയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലകളില്‍ പ്രത്യേക മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും ഇതുവരെ പാലിക്കപ്പെട്ടില്ല. മൂന്ന് മാസത്തിനകം ഈ നിര്‍ദ്ദേശം നടപ്പില്‍ വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.