ലോക്‌പാല്‍ ബില്‍ : തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി

Monday 22 August 2011 5:15 pm IST

കൊല്‍ക്കത്ത: ലോക്‌പാല്‍ ബില്ല്‌ നിലവില്‍ വരുന്നതോടെ അഴിമതി പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിയുമെന്ന്‌ കരുതുന്നില്ലെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. ഹസാരെ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാണെന്നും കൊല്‍ക്കത്തയില്‍ ഐ.ഐ.എമ്മില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി. അഴിമതി പൂര്‍ണമായും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ വേണ്ടതൊക്കെ ചെയ്യും. ഇത്‌ വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്‌. അഴിമതിയെ സൂക്ഷ്‌മതലത്തില്‍ തന്നെ നശിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി കൈകാര്യം ചെയ്യുമ്പോള്‍ കരുത്തുറ്റ പുന:ക്രമീകരണം സര്‍ക്കാര്‍ തലത്തില്‍ തന്നെ ആവശ്യമാണ്‌. എന്നാല്‍ മാത്രമേ സംവിധാനങ്ങളെ അഴിമതിവിമുക്തമാക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടവും അത് തടയുകയും വളരെ പ്രധാനമാണ്. അഴിമതി പലവിധത്തിലുണ്ട്. ഇത് തടയാന്‍ ഒറ്റമൂലിയില്ല. പാര്‍ലമെന്റില്‍ ഒരു ബില്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെയാണുള്ളത്. ബില്ലിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ പൗരന്മാര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. നിര്‍ദേശങ്ങള്‍ പരിഗണിച്ച് ബില്ലില്‍ മാറ്റം വരുത്താനുള്ള അധികാരം കമ്മിറ്റിക്കുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയാറാണ്. ലോക്പാല്‍ ബില്‍ അഴിമതി തടയാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.