പോരാട്ടങ്ങളുടെ പ്രേരണാ സ്രോതസ്സ്‌

Saturday 30 November 2013 8:02 pm IST

ഇന്ന്‌ ജയകൃഷ്ണന്‍മാസ്റ്റര്‍ ബലിദാന ദിനം
1999 ഡിസംബര്‍ ഒന്ന്‌. ആ ദിവസം രാഷ്ട്രീയ കേരളത്തിന്‌ ഒരിക്കലും മറക്കാന്‍ കഴിയില്ല. കാലം കറുപ്പടയാളപ്പെടുത്തിയ ആ ദിനത്തിലാണ്‌ കേരളം ഒന്നടങ്കം പൈശാചികമെന്ന്‌ വിധിയെഴുതിയ ഒരു കൊലപാതകം നടന്നത്‌. സ്കൂളിലെ ക്ലാസ്‌ മുറിയില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ, യുവമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററെ ഒരു സംഘം ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. അരുംകൊലകള്‍ക്ക്‌ പേരുകേട്ട കണ്ണൂരിലെ മാര്‍ക്സിസ്റ്റുകാരായിരുന്നു പിന്നില്‍. കൊലപാതക രാഷ്ട്രീയത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കുകയായിരുന്നു അവര്‍. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ ഏതുമാര്‍ഗ്ഗവും സ്വീകരിക്കാന്‍ ഒരു മടിയുമില്ലെന്ന്‌ അവര്‍ തെളിയിച്ചു.
പാനൂരിനടുത്ത്‌ മൊകേരി ഈസ്റ്റ്‌ യുപിസ്കൂളില്‍ 6 ബി ഡിവിഷനില്‍ അമ്പതോളം വരുന്ന കൊച്ചുകുട്ടികള്‍, അവര്‍ക്കു മുന്നില്‍ അധ്യാപകന്‍ ചോരയില്‍ കുളിച്ചു പിടിഞ്ഞു വീണപ്പോള്‍ ആര്‍ത്തലച്ചു കരഞ്ഞു. കുട്ടികള്‍ക്കു നേരെയും വാള്‍ വീശി നിശബ്ദരാക്കുകയായിരുന്നു അക്രമികളപ്പോള്‍. പിന്നിലൂടെ വന്ന അക്രമികള്‍ ജയകൃഷ്ണന്‍മാസ്റ്ററെ വെട്ടിവീഴ്ത്തുകയായിരുന്നു. മഴുവും കഠാരയും വീശി അട്ടഹസിച്ച്‌ ഭീകര ദ്യശ്യമൊരുക്കി തങ്ങളുടെ പ്രിയപ്പെട്ട മാഷിനെ തലങ്ങും വിലങ്ങും വെട്ടിപ്പിളര്‍ക്കുന്ന കാഴ്ച കാണേണ്ടി വന്നു കുട്ടികള്‍ക്ക്‌. ഗുരുനാഥനില്‍ നിന്നു വരുന്ന വാക്കുകള്‍ സശ്രദ്ധം കേട്ടുകൊണ്ടിരിക്കുന്ന കുട്ടികളുടെ മുഖത്തേക്ക്‌ ചോര ചീറ്റിത്തെറിച്ചപ്പോള്‍ പലരും മാനസികമായി തകര്‍ന്നു. ശരിയായ മാനസികാവസ്ഥയിലേക്ക്‌ അവരെ മടക്കികൊണ്ടുവരാന്‍ വര്‍ഷങ്ങളെടുത്തു. നീണ്ടകാലം കൗണ്‍സിലിംഗിന്‌ വിധേയമാക്കി. കാലമിത്രകഴിഞ്ഞിട്ടും ആ ഞെട്ടലില്‍ നിന്ന്‌ അവരില്‍ പലരും ഇനിയും മുക്തരായിട്ടില്ല.
കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച ആ സംഭവം സിപിഎമ്മിനെ ഒട്ടും തന്നെ കുറ്റബോധത്തിലാക്കിയില്ല. ഉന്നത സിപിഎം നേതാക്കള്‍ നടത്തിയ ഗൂഢാലോചനയില്‍ നിന്നായിരുന്നു കൊലപാതകം ആസൂത്രണം ചെയ്യപ്പെട്ടത്‌. കേരളത്തിലെ സംസ്കാരസമ്പന്നരായ ജനങ്ങളൊന്നിച്ച്‌ പൈശാചികതയ്ക്കെതിരെ പ്രതികരിച്ചപ്പോള്‍ സിപിഎമ്മുകാര്‍ കൊലപാതകം ആഘോഷിച്ചു. കണ്ണൂരിലെ ആര്‍എസ്‌എസ്‌ അടക്കമുള്ള ദേശീയപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലും പ്രവര്‍ത്തനത്തിലും നിര്‍ണ്ണായക സ്ഥാനമുണ്ടായിരുന്നു ജയകൃഷ്ണന്‍ മാസ്റ്റര്‍ക്ക്‌. എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു അദ്ദേഹം. ഇങ്ങനെയൊരാളെ സിപിഎം വളരെയധികം ഭയന്നു. സിപിഎം അനുഭാവികളടക്കം നിരവധിപേര്‍ ജയകൃഷ്ണന്‍മാസ്റ്ററുടെ സ്വാധീനത്താല്‍ ബിജെപിയിലേക്ക്‌ വന്നു. സിപിഎമ്മിന്റെ ആദര്‍ശത്തിലെയും പ്രവര്‍ത്തനത്തിലെയും പൊള്ളത്തരം തുറന്നുകാട്ടാന്‍ അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഒരിക്കലും അക്രമത്തിന്റെ മാര്‍ഗ്ഗമായിരുന്നില്ല ജയകൃഷ്ണന്‍മാസ്റ്ററുടെ വഴി. ആശയത്തെ ആശയംകൊണ്ടു നേരിടാന്‍ തയ്യാറായ അദ്ദേഹം എന്നും സാധാരണക്കാരുടെ ഒപ്പം നിന്നു. കുട്ടികള്‍ക്കും പ്രിയപ്പെട്ട ഗുരുനാഥനായിരുന്നു. കക്ഷി രാഷട്രീയഭേദമന്യേ ജയകൃഷ്ണന്‍ മാസ്റ്ററെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. മാസ്റ്റര്‍ക്ക്‌ ലഭിച്ചിരുന്ന പിന്തുണ സിപിഎമ്മിനെ ഒട്ടൊന്നുമല്ല വെറളിപിടിപ്പിച്ചത്‌. മാസ്റ്ററുടെ പ്രവര്‍ത്തനം കൊണ്ടുമാത്രം ചിലമേഖലകളില്‍ സിപിഎമ്മിന്റെ ശക്തി ക്ഷയിക്കുമെന്നു കണ്ടപ്പോഴാണ്‌ ചോരക്കളിയുടെ വഴി അവര്‍ തെരഞ്ഞെടുത്തത്‌. കൊലപാതകം ആസൂത്രണം ചെയ്തത്‌ ഉന്നത തലത്തിലായത്‌ അതിനാലാണ്‌. പ്രതികളെ രക്ഷിക്കാന്‍ ഉന്നത നേതാക്കള്‍ രംഗത്തിറങ്ങിയതും അക്കാരണത്താലാണ്‌.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ സിപിഎം കേസിന്റെ അന്വേഷണത്തെ വഴിതെറ്റിച്ചു. തെളിവുകള്‍ നശിപ്പിച്ച്‌ കേസിനെ ദുര്‍ബലപ്പെടുത്തി. വ്യാജപ്രതികളെ ഹാജരാക്കി യഥാര്‍ത്ഥ പ്രതികളെ രക്ഷിച്ചു. എന്നാല്‍ സിപിഎം ചെയ്ത ക്രൂരതയ്ക്ക്‌ എന്നായാലും വിലനല്‍കേണ്ടിവരുമെന്ന തത്വം ശരിയാണെന്നു കാലം തെളിയിച്ചു. ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ ടി.പി.ചന്ദ്രശേഖരനെ വെട്ടികൊന്ന കേസിലെ മുഖ്യപ്രതി ടി.കെ.രജീഷ്‌ ചോദ്യം ചെയ്യലിനിടെ പോലീസിന്‌ നല്‍കിയ മൊഴിയില്‍ താനുള്‍പ്പെടെയുള്ള സംഘമാണ്‌ ജയകൃഷ്ണനെ വധിച്ചതെന്ന്‌ വെളിപെടുത്തി. യഥാര്‍ത്ഥപ്രതികളെ ഒഴിവാക്കിയാണ്‌ പോലീസ്‌ പ്രതിപ്പട്ടിക തയ്യാറാക്കിയതെന്ന്‌ ആദ്യം മുതലേയുള്ള ബിജെപിയുടെയും സംഘപ്രസ്ഥാനങ്ങളുടെയും വാദം ശരിവെയ്ക്കുന്നതായിരുന്നു രജീഷിന്റെ മൊഴി.
ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ മാത്രമേ പിടിക്കപ്പെട്ടുള്ളൂവെന്നായിരുന്നു രജീഷിന്റെ വെളിപെടുത്തല്‍. അച്ചാരുപറമ്പില്‍ പ്രദീപനായിരുന്നു അത്‌. മറ്റുള്ളവര്‍ കണ്ണൂരിലെ സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളവരും ചിലര്‍ പാര്‍ട്ടിയുടെ പ്രാദേശിക ഭാരവാഹികളാണെന്നുമുള്ള വിവരം പുറത്തുവന്നിട്ടുണ്ട്‌. ജയകൃഷ്ണന്‍മാസ്റ്ററുടെ കൊലപാതകം നടന്ന്‌ വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ വെളിപ്പെടുത്തലിനെ തുടര്‍ന്ന്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മാസ്റ്ററുടെ മാതാവും ബിജെപിയും മറ്റ്‌ സംഘപ്രസ്ഥാനങ്ങളും നിരവധി തവണ സര്‍ക്കാരിനെ സമീപിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ ഇക്കഴിഞ്ഞ ജാലായ്‌ 17ന്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.
രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ്‌ പുനരന്വേഷിച്ച ക്രൈംബ്രാഞ്ച്‌ പിന്നീട്‌ അന്വേഷണത്തില്‍ നിന്ന്‌ പിന്‍മാറിയിരുന്നു. കേസ്‌ സിബിഐക്ക്‌ വിടണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെയും നിലപാട്‌. ഇക്കാര്യങ്ങള്‍ വിശദമാക്കി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി ഷൗക്കത്ത്‌ അലി സര്‍ക്കാരിന്‌ റിപ്പോര്‍ട്ടും നല്‍കി. തുടരന്വേഷണം നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും നിയമപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ്ര‍െകെംബ്രാഞ്ച്‌ പിന്‍മാറിയത്‌. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികളെ നിയോഗിക്കണമെന്നും ക്രൈംബ്രാഞ്ച്‌ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തലത്തില്‍ തന്നെയുണ്ടായപ്പോള്‍ സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന്‌ നടത്തിയ ഗൂഢാലോചനയാണ്‌ പുറത്തുവന്നത്‌. ശരിയായ അന്വേഷണം നടന്നാല്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന്‌ ഉറപ്പായതിനാലാണ്‌ സര്‍ക്കാരുമായി ഒത്തു തീര്‍പ്പിലൂടെ കേസ്‌ അട്ടിമറിക്കുന്നത്‌. സ്വന്തം താല്‍പര്യത്തിന്‌ അനുസരിച്ച്‌ സിബിഐയെ ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മറ്റ്‌ പല കേസുകളിലുമെന്ന പോലെ ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസും മരവിപ്പിച്ചിരിക്കുന്നു. കേസിന്റെ കാലപ്പഴക്കവും പ്രതികളെ കോടതി ശിക്ഷിച്ചെന്ന കാരണവും നിരത്തി കേസേറ്റെടുക്കാന്‍ കഴിയില്ലെന്ന്‌ സിബിഐയെക്കൊണ്ട്‌ പറയിക്കുകയായിരുന്നു.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്‌ സിപിഎം നടത്തിയ സെക്രട്ടറിയേറ്റ്‌ ഉപരോധം ഒറ്റ ദിവസം കൊണ്ട്‌ അവസാനിപ്പിച്ചത്‌ സര്‍ക്കാരും സിപിഎം നേതൃത്വവുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ്‌. അതില്‍ പ്രധാനപ്പെട്ട വ്യവസ്ഥ ജയകൃഷ്ണന്‍മാസ്റ്റര്‍ വധം തുടരന്വേഷണം നടത്തില്ലെന്നതായിരുന്നു എന്നത്‌ ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. സിപിഎമ്മും കോണ്‍ഗ്രസ്സുമായുണ്ടാക്കിയ അവിശുദ്ധ ബന്ധം കേരളത്തിന്റെ എല്ലാ മേഖലയിലേക്കും വ്യാപിച്ചുകഴിഞ്ഞു. രാഷ്ട്രീയമായ എല്ലാ അസാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ക്കും ഇവരൊന്നിച്ചു നില്‍ക്കുന്നു. പരസ്യമായി ശത്രുത അഭിനയിക്കുകയും രഹസ്യമായി സന്ധി ചെയ്യുകയുമാണ്‌ ഇവരുടെ രീതി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും ഇതു തന്നെയാണ്‌ സംഭവിച്ചിട്ടുള്ളത്‌.
ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസിന്റെ ഗതി തന്നെയാണ്‌ ആ കേസിനെയും കാത്തിരിക്കുന്നത്‌. പ്രീണനവും അഴിമതിയും ഒരുപോലെ നടത്തുന്ന രാഷ്ട്രീയത്തിലെ ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരായ പോരാട്ടവും ചെറുത്തുനില്‍പ്പുമാണ്‌ ബിജെപിയും യുവമോര്‍ച്ചയും നടത്തുന്നത്‌.
ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസ്‌ സിബിഐ അന്വേഷിക്കണമെന്നും ഗൂഢാലോചനക്കാരെ മുഴുവന്‍ പുറത്തുകൊണ്ടുവരണമെന്നതിലും വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറല്ല. പ്രഗല്‍ഭനായ അദ്ധ്യാപകന്‍, കഴിവുറ്റസംഘാടകന്‍, മികവുറ്റവാഗ്മി, സമൂഹത്തിനുവേണ്ടി സ്വയംസമര്‍പ്പിച്ച പൊതുപ്രവര്‍ത്തകന്‍ ഇതായിരുന്നു ജയകൃഷ്ണന്‍ മാസ്റ്റര്‍. മാഷിനെ ഇല്ലാതാക്കി കണ്ണൂര്‍ ജില്ലയില്‍ ദേശീയപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ തകര്‍ക്കാമെന്ന്‌ മാര്‍കിസ്റ്റ്‌ നേതൃത്വം വ്യാമോഹിച്ചു. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യവത്തായ ആദര്‍ശവും കൊടിക്കൂറയും കൂടുതല്‍ ഉയരങ്ങളിലേക്ക്‌ എത്തിക്കാന്‍ കഠിനപരിശ്രമങ്ങളും ഉശിരന്‍ പോരാട്ടങ്ങളും അനിവാര്യമാണ്‌. അതിന്‌ നമ്മെ പ്രാപ്തരാക്കുവാന്‍ അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ നമുക്ക്പ്രേരണയായിതീരുകതന്നെചെയ്യും.
അഡ്വ.പി.സുധീര്‍ (യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.