രാജസ്ഥാന്‍ ഇന്ന്‌ പോളിംഗ്‌ ബൂത്തിലേക്ക്‌

Saturday 30 November 2013 9:27 pm IST

ന്യൂദല്‍ഹി: ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരായി എന്നും വിധിയെഴുതിയിട്ടുള്ള രാജസ്ഥാന്‍ ഇന്ന്‌ വീണ്ടും പോളിംഗ്‌ ബൂത്തിലേക്ക്‌. 33 ജില്ലകളിലായി 47,223 പോളിംഗ്‌ ബൂത്തുകളില്‍ രാവിലെ 8 മുതല്‍ വൈകിട്ട്‌ 5 മണി വരെയാണ്‌ വോട്ടെടുപ്പ്‌. തെരഞ്ഞെടുപ്പ്‌ നടക്കുന്ന മറ്റു നാല്‌ സംസ്ഥാനങ്ങള്‍ക്കൊപ്പം ഡിസംബര്‍ 8നാണ്‌ രാജസ്ഥാനിലും വോട്ടെണ്ണല്‍.
199 നിയോജക മണ്ഡലങ്ങളിലായി 2087 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്‌. കനത്ത പോലീസ്‌ സംരക്ഷണം തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനായി ഒരുക്കിയിട്ടുണ്ടെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസര്‍ അറിയിച്ചു.
1.92 കോടി സ്ത്രീകള്‍ ഉള്‍പ്പെടെ 4.8 കോടി വോട്ടര്‍മാരാണ്‌ സമ്മദിദാനാവകാശം വിനിയോഗിക്കാനായി ബൂത്തുകളിലേക്ക്‌ എത്തുന്നത്‌. സ്ഥാനാര്‍ത്ഥികളില്‍ 166 പേര്‍ സ്ത്രീകളും ഒരാള്‍ ഹിജഡയുമാണ്‌. 19 മന്ത്രിമാരും 29 നിലവിലെ എംഎല്‍എമാരും 31 പുതുമുഖങ്ങളുമാണ്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്‌. ആരോപണ വിധേയരായ മന്ത്രിമാര്‍ക്കുള്‍പ്പെടെ സീറ്റു നല്‍കിയത്‌ ജനങ്ങളില്‍ അതൃപ്തിക്കു കാരണമായിട്ടുണ്ട്‌.
ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി,ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്‌, ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌,രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി രാജസ്ഥാനില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമാണ്‌ കോണ്‍ഗ്രസിനുവേണ്ടി എത്തിയത്‌.
കേന്ദ്രമന്ത്രിയും രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥനുമായ സി.പി ജോഷിയെ പ്രചാരണ വിഭാഗം തലവനായി നിയോഗിച്ച ഹൈക്കമാന്റ്‌ നടപടി കോണ്‍ഗ്രസിനുള്ളില്‍ സൃഷ്ടിച്ചിരിക്കുന്ന വിഭാഗീയത തെരഞ്ഞെടുപ്പ്‌ ഫലത്തില്‍ പ്രതിഫലിക്കുമെന്നാണ്‌ വിവരം. മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലെ തെരഞ്ഞെടുപ്പ്‌ വിജയിപ്പിച്ച സുശീല്‍കുമാര്‍ ഷിന്‍ഡെയെ മാറ്റി വിലാസ്‌റാവു ദേശ്മുഖിനെ മുഖ്യമന്ത്രിയാക്കിയതിനു സമാനമായി അശോക്‌ ഗെലോട്ടിനെ മാറ്റി സി.പി ജോഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ എത്തിക്കാനാണ്‌ കോണ്‍ഗ്രസ്‌ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളെ ആകെ ഇതു താളം തെറ്റിച്ചതായാണ്‌ സംസ്ഥാന നേതൃത്വം പറയുന്നത്‌. പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ ജുഗുല്‍ കാബ്രയുള്‍പ്പെടെയുള്ള നേതാക്കള്‍ അശോക്‌ ഗെലോട്ട്‌ തന്നെയാണ്‌ വിജയിച്ചാല്‍ മുഖ്യമന്ത്രിയാകുകയെന്ന്‌ പരസ്യമായി പ്രതികരിച്ചിട്ടുമുണ്ട്‌. കോണ്‍ഗ്രസിലെ തമ്മിലടിയും സര്‍ക്കാരിന്റെ ഭരണ പരാജയവും ബിജെപിക്കു ഗുണകരമാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.