എടിഎം തകര്‍ത്ത് മോഷണശ്രമം

Saturday 30 November 2013 9:45 pm IST

കോട്ടയം: എസ്ബിടിയുടെ നാഗമ്പടത്തെ എടിഎം കൗണ്ടര്‍ തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമം. നാഗമ്പടം ബസ് സ്റ്റാന്റിനും റെയില്‍വേ സ്റ്റേഷനും മദ്ധ്യേയുളള എടിഎം കൗണ്ടറിലാണ് ശനിയാഴ്ച പുലര്‍ച്ചെ 1നും രാവിലെ 6നും ഇടയില്‍ കവര്‍ച്ചാശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ എടിഎം കൗണ്ടറിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രാത്രി ഒമ്പതേമുക്കാലോടെയാണ് ഇയാള്‍ കൗണ്ടറിലെത്തിയത്. 10.33നാണ് കവര്‍ച്ചാശ്രമം നടന്നത്. പുലര്‍ച്ചെ ഒന്നുവരെ പ്രദേശത്ത് പൊലീസ് പട്രോളിംഗ് ഉണ്ടായിരുന്നു. അതിനാല്‍ ഒന്നിനുശേഷമാണ് മോഷണശ്രമം നടന്നതെന്നാണ് കരുതുന്നത്. എടിഎം മെഷീനും തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈസ്റ്റ് സിഐ റിജോ പി.ജോസഫ്, എസ്‌ഐ കെ.പി.ടോംസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയും വിരലടയാള വിദഗ്ദ്ധരും തെളിവുകള്‍ ശേഖരിച്ചു. കുത്തിത്തുറക്കാനുപയോഗിച്ച കമ്പി പൊലീസിനു ലഭിച്ചു. കമ്പി മണത്ത നായ നാഗമ്പടം മൈതാനത്തേക്കും പിന്നീട് അണ്ണാന്‍കുന്ന്ഭാഗത്തും എത്തി. നാഗമ്പടം കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ വഴിയാത്രക്കാരെ ഭീഷണപ്പെടുത്തി പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി പരാതികളുയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള സംഘങ്ങളാകാം കവര്‍ച്ചാശ്രമത്തിനു പിന്നിലെന്നാണ് സംശയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.