തിരക്കേറി; തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക്‌ നിയന്ത്രണം

Monday 2 December 2013 7:55 pm IST

ശബരിമല: സന്നിധാനത്ത്‌ തീര്‍ത്ഥാടക തിരക്ക്‌ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്‌ പമ്പയിലേക്കുള്ള വാഹനങ്ങള്‍ പോലീസ്‌ വടശ്ശേരിക്കരയില്‍ തടഞ്ഞിട്ടു.തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റി വിടാന്‍ കേന്ദ്ര ദ്രുതകര്‍മ്മ സേനയും രംഗത്തെത്തി.തീര്‍ത്ഥാടകരെ പതിനെട്ടാം പടികയറ്റി വിടാന്‍ ഉണ്ടായ കാലതാമസമാണ്‌ സന്നിധാനത്തും പമ്പയിലും തിരക്ക്‌ ഏറുവാന്‍ കാരണം. തിരക്കിനെ തുടര്‍ന്ന്‌ പമ്പ മുതല്‍ വടശ്ശേരിക്കര വരെ തീര്‍ത്ഥാകരുടെ വാഹനങ്ങള്‍ കടന്നുപോകുന്നതിന്‌ പ്രയാസം നേരിട്ടു. ഇന്നലെ രാത്രി വൈകിയും നിയന്ത്രണം തുടരുകയാണ്‌ .താഴെതിരുമുറ്റം മുതല്‍ മരക്കൂട്ടം വരെ വലിയ തിരക്കുള്ള സമയങ്ങളില്‍ താഴെ തിരുമുറ്റത്തും ഫ്ലൈ ഓവറിലും തിരക്ക്‌ അനുഭവപെടാറുള്ളതാണ്‌. എന്നാല്‍ തീര്‍ത്ഥാടകരുടെ നീണ്ടനിര മരക്കൂട്ടം വരെ എത്തുകയും പമ്പയില്‍ തീര്‍ത്ഥാടകരെ തടയുന്ന സമത്ത്‌ പോലും തിരുമുറ്റത്തും ഫ്ലൈ ഓവറിലും തീര്‍ത്ഥാടകരുടെ തിരക്ക്‌ വളരെ കുറവാണ്‌. പടികയറ്റി വിടുന്നതില്‍ പോലീസ്‌ കാരുടെ പരിചയ കുറവാണ്‌ ക്യൂ നീളാന്‍ ഇടയാക്കുന്നത്‌. ഇതോടെയാണ്‌ തിരക്ക്‌ നീയന്ത്രിക്കുവാനും തീര്‍ത്ഥാടകരെ പടികയറ്റി വിടുന്നത്‌ വേഗത്തിലാക്കുവാനും പോലീസ്‌ കേന്ദ്രസേനയുടെ സഹായം തേടിയത്‌.
തിരക്ക്‌ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്‌ ഇന്നലെ വൈകിട്ടും തീര്‍ത്ഥാടകരെ പമ്പാ നടപ്പന്തലില്‍ പോലീസ്‌ വടം കെട്ടി തടഞ്ഞ്‌ നീയന്ത്രിച്ചു. ഇന്നലെ വൈകിട്ട്‌ ശബരീശ ദര്‍ശനത്തിനായിട്ടുള്ള തീര്‍ത്ഥാടകരുടെ നീണ്ട നിര മരകൂട്ടം വരെ എത്തിയിരുന്നു. തിരക്ക്‌ നിയന്ത്രിക്കുവാന്‍ സേനയ്ക്കും പോലീസിനുമൊപ്പം പോലീസ്‌ സ്പെഷ്യല്‍ ഓഫീസര്‍ ഉണ്ണിരാജനും രംഗത്തെത്തി. സന്നിധാനത്തും പമ്പയിലും അനിയന്ത്രിതമായ തിരക്കിനെ തുടര്‍ന്ന്‌ ഇന്നലെ വൈകിട്ട്‌ 6.45ന്‌ പത്തനംതിട്ട പമ്പാ റോഡില്‍ വടശ്ശേരിക്കര ഭാഗത്ത്‌ വാഹനം തടഞ്ഞിട്ടു. മകരവിളക്കും കാലത്ത്‌ മാത്രമാണ്‌ ഇത്തരത്തില്‍ വാഹനങ്ങള്‍ തടഞ്ഞിടുന്നത്‌.തിരക്ക്‌ നിയന്ത്രിക്കാന്‍ പോലീസ്‌ പരാജയപെട്ടതാണ്‌ കാരണം. വഴിയില്‍ തീര്‍ത്ഥാടകരെ തടഞ്ഞിട്ടത്മൂലം പ്രാഥമിക ആവശ്യം നിറവേറ്റാന്‍ കഴിയാതയും കുടിവെള്ളം കിട്ടാതെയും തീര്‍ത്ഥാടകര്‍ വലഞ്ഞു. പമ്പയില്‍ നിന്നുളള തീര്‍ത്ഥാടകരുടെ മടക്കയാത്രയും പ്രതികൂലമായി ബാധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.