എന്‍സിഡിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Monday 2 December 2013 8:09 pm IST

കോഴിക്കോട്‌: ശിശുക്ഷേമം, ശിശുവിദ്യാഭ്യാസം, കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിംഗിനുള്ള നാഷണല്‍ ചെയില്‍ഡ്‌ ഡവലപ്മെന്റ്‌ കൗണ്‍സില്‍ കേരള റീജിയന്റെ 2012 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച പത്ര പരമ്പരയ്ക്കുള്ള അവാര്‍ഡിന്‌ സാലിഹ്‌ കക്കോടി(ചീഫ്‌ ലൈബ്രേറിയന്‍, മാധ്യമം കോഴിക്കോട്‌) അര്‍ഹനായി. മാധ്യമം ദിനപത്രത്തില്‍ 2012 ജൂലൈ 2 മുതല്‍ 6 വരെ പ്രസിദ്ധീകരിച്ച 'മരണച്ചുഴി വിഴുങ്ങുന്ന ജീവിതങ്ങള്‍' എന്ന പരമ്പരയാണ്‌ അവാര്‍ഡ്‌ നേടിക്കൊടുത്തത്‌. 'മൊഗ്രാല്‍-പുത്തൂരിന്റെ ദുരിതകാഴ്ച' എന്ന റിപ്പോര്‍ട്ടിന്‌ മാതൃഭൂമി കാസര്‍കോട്‌ യൂണിറ്റ്‌ റിപ്പോര്‍ട്ടര്‍ പി പി ലിബീഷ്‌ കുമാര്‍ മികച്ച പത്ര റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ്‌ നേടി. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ്‌ 'കുറ്റവാളികളെ കണ്ട്‌ പേടിച്ച അംഗന്‍വാടി കുട്ടികളെക്കുറിച്ചുള്ള 2012 നവംബര്‍ 11 ലെ റിപ്പോര്‍ട്ടിന്‌' ജോഷികുര്യന്‍(ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചീഫ്‌ റിപ്പോര്‍ട്ടര്‍, കൊച്ചി) കരസ്ഥമാക്കി. മികച്ച ടെലിവിഷന്‍ ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ്‌ ദര്‍ശന ടിവിയില്‍ പ്രക്ഷേപണം ചെയ്ത 'മാരി' പോഗ്രാമിന്‌ മുഹമ്മദ്‌ ആരിഫ്‌ വെള്ളയില്‍(പ്രോഗ്രാം പ്രൊഡ്യൂസര്‍, ദര്‍ശന ടി വി, കോഴിക്കോട്‌) നേടി. മികച്ച വാര്‍ത്താചിത്രത്തിനുള്ള അവാര്‍ഡ്‌ മലയാള മനോരമ പാലക്കാട്‌ യൂണിറ്റ്‌ ക്യാമറ അസിസ്റ്റന്റ്‌ സിബു ഭുവനേന്ദ്രന്‌ ലഭിച്ചു. 2012 ഡിസംബര്‍ 4 ന്‌ പ്രസിദ്ധീകരിച്ച 'ആദ്യം അഭ്യാസം പിന്നെ വിദ്യ' എന്ന ചിത്രത്തിനാണ്‌ അവാര്‍ഡ്‌. പ്രൊഫ. പി. രാജേന്ദ്രന്‍ നായര്‍, ഡോ. ടി. കെ. അബൂബക്കര്‍, അലക്സാണ്ടര്‍ വാളകം, ഡോ. ഹിമദീപ്‌ ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ്‌ കമ്മറ്റിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ നിശ്ചയിച്ചത്‌. 7501 രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണ്‌ പുരസ്കാരം. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ടി കെ അബൂബക്കര്‍, അലക്സാണ്ടര്‍ വാളകം, ഡോ. ഹിമദീപ്‌ ബാലകൃഷ്ണന്‍, കെ ദിവ്യ, ആര്‍ രുഗ്മിണി ദേവി എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട്‌ തളി ചാച്ചാജി നഗര്‍ ഹാളില്‍ ഈ മാസം നടക്കുന്ന സമ്മേളനത്തില്‍ നഗരവികസനവകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അവാര്‍ഡ്‌ ദാനം നിര്‍വ്വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.