ഒരുമീനും നെല്ലും പദ്ധതിയുടെ മറവില്‍ കുട്ടനാട്ടില്‍ വ്യാപക നിലം നികത്തല്‍

Monday 2 December 2013 8:13 pm IST

കുട്ടനാട്‌: ഒരു മീനും നെല്ലും പദ്ധതിയുടെ മറവില്‍ കുട്ടനാട്ടില്‍ വ്യാപകമായി നിലം നികത്തുന്നു. നിലം നികത്തുന്നതില്‍ ഭൂരിഭാഗവും റിസോര്‍ട്ട്‌ മാഫിയകളാണ്‌. ഇതുവരെ 40 ശതമാനത്തോളം പാടശേഖരങ്ങള്‍ ഇത്തരത്തില്‍ നികത്തിക്കഴിഞ്ഞു. കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലാണ്‌ വ്യാപകമായി നികത്തല്‍ നടക്കുന്നത്‌.
കാവാലം, പുളിങ്കുന്ന്‌ പഞ്ചായത്തുകളില്‍പ്പെടുന്ന പാടശേഖരങ്ങളിലാണ്‌ അടുത്തിടെ ഈ പദ്ധതിയുടെ മറവില്‍ വ്യാപകമായി റിസോര്‍ട്ട്‌ മാഫിയകള്‍ നിലം നികത്തിത്തുടങ്ങിയത്‌. ഈ പദ്ധതിക്കായുള്ള നഴ്സറിയുടെ പേരില്‍ ആദ്യം ജെസിബി ഉപയോഗിച്ച്‌ ചിറ പിടിക്കും. പേരിന്‌ മത്സ്യകൃഷി ഒരുതവണ നടത്തും. തുടര്‍ന്ന്‌ സ്ഥലങ്ങള്‍ നികത്തി തെങ്ങും തൈകള്‍ നടുകയും പിന്നീട്‌ റിസോര്‍ട്ടുകള്‍ നിര്‍മിക്കുകയുമാണ്‌ പതിവ്‌.
പുളിങ്കുന്ന്‌ വില്ലേജിലെ ശ്രീമൂലം കായലിന്‌ കിഴക്ക്‌ നാലേക്കര്‍ വരുന്ന നെല്‍വയല്‍ ഇത്തരത്തില്‍ നികത്തി കഴിഞ്ഞു. ഇതിന്റെ പിന്നില്‍ വന്‍ റിസോര്‍ട്ട്‌ മാഫിയയാണെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. നെടുമുടി പാലത്തിന്‌ പടിഞ്ഞാറുവശം ഏക്കറുകണക്കിന്‌ നെല്‍വയല്‍ നികത്തി. പുളിങ്കുന്ന്‌ പറത്തറ പാലത്തിന്‌ സമീപം നീര്‍ത്തടം വ്യാപകമായി നികത്തി കണ്‍വന്‍ഷന്‍ സെന്ററും ആരാധനാലയവും നിര്‍മിക്കാനും ശ്രമം നടക്കുന്നു.
നിലം നികത്തലിനെതിരെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ അധികാരികള്‍ക്ക്‌ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കൃഷി, റവന്യു വകുപ്പ്‌ ഉദ്യോഗസ്ഥര്‍ റവന്യു മാഫിയക്ക്‌ ഒത്താശ ചെയ്യുകയാണെന്നും ആരോപണമുണ്ട്‌. ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമായില്ലെന്ന്‌ പാടശേഖര കമ്മറ്റികളും കുറ്റപ്പെടുത്തുന്നു. രാമങ്കരിയില്‍ എ-സി റോഡിലെ പള്ളിക്കൂട്ടുമ്മ ജങ്ങ്ഷന്‌ സമീപം വീടുവയ്ക്കാനെന്ന പേരില്‍ അനുമതി വാങ്ങിയ ശേഷം ഷോപ്പിങ്‌ കോംപ്ലക്സ്‌ നിര്‍മാണം തുടങ്ങിയിരിക്കുകയാണ്‌.
തലവടി, എടത്വ, മുട്ടാര്‍ തകഴി, ചമ്പക്കുളം, കൈനകരി, കാവാലം, പുളിങ്കുന്ന്‌, വെളിയനാട്‌, നീലംപേരൂര്‍ പഞ്ചായത്തുകളിലും നിലം നികത്തല്‍ വ്യാപകമാണ്‌. രേഖകളില്‍ കൃത്രിമം കാണിച്ച്‌ റിസോര്‍ട്ടുകളെ സഹായിക്കുകയാണ്‌ കൃഷി, റവന്യു ഉദ്യോഗസ്ഥരെന്നും കര്‍ഷകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.