പൂര്‍ണാനുഭൂതി

Monday 22 August 2011 7:26 pm IST

ഓംകാരജപവും വിട്ടുമാറി അനുഭവരൂപമായി തെളിയേണ്ട ബോധസത്യം അനുഭവിക്കാന്‍ എക്കാലവും ഓംകാരജപം തുടരേണ്ട ആവശ്യമില്ല. ഓംകാരജപം ആരംഭിക്കുന്നതിനുമുമ്പുതന്നെ നിലവിലുള്ളതാണ്‌ ബോധസത്യം. ഇനി ഓംകാരജപം വിട്ടുമാറുമ്പോഴും ആ സത്യം അങ്ങനെതന്നെ അനുഭവരൂപമായി തുടരും. എല്ലാവരുടെയും സ്വരൂപമാണ്‌ ബോധസത്യം. അതുകൊണ്ടുതന്നെ അത്‌ ഒരനുഷ്ഠാനം കൊണ്ടും പ്രാപിക്കപ്പെടേണ്ട വസ്തുവല്ല. സ്വരൂപമായ ബോധത്തെ മറന്നുപോകുന്നതാണ്‌ അജ്ഞാനം അഥവാ അവിദ്യ. സ്വരൂപാനുഭവത്തെ മറയ്ക്കുന്ന ഈ അവിദ്യാമറയെ മാറ്റാനാണ്‌ ഓംകാരജപം പോലുള്ള അനുഷ്ഠാനങ്ങളെല്ലാം. മറമാറി സ്വരൂപാനുഭവം വ്യക്തമായി തെളിഞ്ഞാല്‍ പിന്നെ അനുഷ്ഠാനങ്ങളൊന്നും ആവശ്യമില്ലെന്ന്‌ താത്പര്യം. മറവി എങ്ങനെ വന്നുചേര്‍ന്നു എന്ന്‌ മറവിക്കിപ്പുറം നിന്നുകൊണ്ട്‌ എത്ര ആലോചിച്ചാലും പിടികിട്ടുന്നതല്ല. മറവി മാറിയാല്‍ പിന്നെ ആലോചിക്കേണ്ട ആവശ്യവും വരുന്നില്ല. മറവി മാറിയ ജ്ഞാനിയുടെ അനുഭവമാണിവിടെ പറയുന്നത്‌.
ജനനമരണങ്ങള്‍ക്കറുതി വരുത്തി ബോധസത്യം അനുഭവിക്കാന്‍ ആദ്യമായി വേണ്ടത്‌ സങ്കല്‍പങ്ങള്‍ വിട്ടുമാറുകയാണ്‌. മറവിയുടെ രൂപത്തിലുള്ള അജ്ഞാനമറനിമിത്തം നേരത്തേതന്നെയുള്ള ബോധസത്യം ആര്‍ക്ക്‌ മറഞ്ഞുപോകുന്നുവോ അയാള്‍ മരണത്തെച്ചിന്തിച്ചു ദുഃഖിക്കാന്‍ ഇടവരുന്നു. അനന്തവും അവനവന്റെ സ്വരൂപവുമായ ബോധാത്മാവില്‍ ഇടയ്ക്ക്‌ കയറിവരുന്ന സങ്കല്‍പങ്ങളാണ്‌ നാനാത്വഭ്രമവും തുടര്‍ന്ന്‌ ജനനമരണരൂപമായ സംസാരഗതിയും ഉണ്ടാക്കിത്തീര്‍ക്കുന്നത്‌.ബോധം സങ്കല്‍പം സംസാരം- ഇതാണ്‌ ക്രമം. സ്വരൂപത്തെക്കുറിച്ചുള്ള മറവിയാണ്‌ സങ്കല്‍പങ്ങളെയുണ്ടാക്കുന്നത്‌.
സങ്കല്‍പങ്ങളുണ്ടാകുന്നതിന്‌ മുന്‍പിലേ നിലവിലുള്ളതാണ്‌ സ്വരൂപബോധം. സങ്കല്‍പങ്ങള്‍ വിട്ടുപോകുന്നതോടെ അത്‌ വ്യക്തമായി തെളിഞ്ഞനുഭവപ്പെടുകയും ചെയ്യും. അതുകൊണ്ട്‌ ജനനമരണങ്ങളറ്റ സ്വരുപാനുഭവം നേടാനുള്ള ഒരേയൊരു വഴി ഇടയ്ക്ക്‌ കയറിവന്ന സങ്കല്‍പങ്ങളെ ഒഴിച്ചുമാറ്റുകമാത്രമാണ്‌. നാനാത്വസങ്കല്‍പങ്ങള്‍ ഒഴിഞ്ഞുമാറാത്തിടത്തോളം സങ്കല്‍പാത്മകങ്ങളായ ജനനമരണഭ്രമങ്ങള്‍ ദുഃഖിപ്പിച്ചുകൊണ്ടേയിരിക്കും. സങ്കല്‍പങ്ങളെ ഒഴിച്ചുമാറ്റി സ്വരൂപാനുഭവം നേടിയ ജ്ഞാനിയുടെ വാക്കുകള്‍ ആണ്‌ ഇവ.
ബോധസത്യത്തെ അറിയാന്‍ കഴിയാത്തവന്‌ അതില്‍ നിഴലുകള്‍ പോലെ ചിന്തകള്‍ ആവിര്‍ഭവിക്കുന്നു. ശുദ്ധബോധാനുഭവമില്ലാത്ത അജ്ഞാനിക്ക്‌ ചിന്തകളും അവ ഉണ്ടെന്ന്‌ തോന്നിക്കുന്ന ലോകവിഷയങ്ങളുമാണ്‌ സത്യം. ശുദ്ധബോധാനുഭവം വന്ന ജ്ഞാനിക്ക്‌ ചിന്തകളുടെ ആകെത്തുകയായ മനസ്‌ അഥവാ അന്തഃകരണം ബോധാനുഭവത്തിന്‌ തടസമായി നില്‍ക്കുന്ന നിഴലാണ്‌.
നിഴലുകള്‍പോലെ ബോധത്തിലാവിര്‍ഭവിക്കുന്ന സുക്ഷ്മദൃശ്യങ്ങളാണ്‌ ചിന്തകള്‍. ഇവ എവിടുന്ന്‌, എങ്ങനെ ,എന്തിനാവിര്‍ഭവിക്കുന്നു എന്നൊന്നും ചിന്തിച്ചറിയാന്‍ സാദ്ധ്യമല്ല. മായയുടെ സൂക്ഷ്മരൂപങ്ങളാണ്‌ ചിന്തകള്‍ അഥവാ ചിത്തവൃത്തികള്‍. അവയാണ്‌ പിന്നെ ജഡപ്രപഞ്ചത്തെ പുറമേയുണ്ടാക്കിക്കാണിക്കുന്നത്‌. ഒരു ജ്ഞാനി ഇവയെ പുറംതള്ളിയിട്ട്‌ ശുദ്ധബോധത്തെ ആനന്ദരൂപമായി അനുഭവിക്കുന്നു. ചിന്തകളുടെ ആകെത്തുകയായ അന്തഃകരണം വന്നുചേരുന്നത്‌ ജ്ഞാനിക്ക്‌ ശുദ്ധബോധാനുഭവത്തിന്‌ തടസ്സമാണ്‌. അജ്ഞാനിക്കാകട്ടെ ചിന്തകളാകുന്ന നിഴലുകളും അവ ഉണ്ടെന്ന്‌ തോന്നിക്കുന്ന ജഡദൃശ്യങ്ങളുമാണ്‌ സത്യം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.