വിവേകാനന്ദ പ്രതിമയോടുള്ള അവഗണന അവസാനിപ്പിക്കണം -ഹിന്ദു ഐക്യവേദി

Tuesday 3 December 2013 10:12 pm IST

കൊച്ചി: എറണാകുളം ബോട്ട്‌ ജെട്ടിക്ക്‌ സ്വാമി വിവേകാനന്ദന്റെ പേര്‌ നല്‍കാന്‍ നഗരസഭ എടുത്ത തീരുമാനം ഉടന്‍ നടപ്പാക്കണമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. സ്വാമി വിവേകാനന്ദ പ്രതിമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല ടീച്ചര്‍. നഗരസഭയുടെ അനുമതിയോടെ നിയമാനുസൃതമായിട്ടാണ്‌ ജെട്ടിയില്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്‌. വരും തലമുറയ്ക്ക്‌ പ്രേരണയും പ്രചോദനവുമാവണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ ഇത്‌ ചെയ്തത്‌.
ചരിത്രം ഉണ്ടാകുമ്പോഴല്ല അതിനെ ബഹുമാനിക്കുന്ന ഒരു തലമുറ പിന്നാലെ വരുമ്പോഴാണ്‌ അതിന്‌ പൂര്‍ണത കൈവരുന്നതെന്നും ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഇവിടെ ഇപ്പോള്‍ മതില്‍ കടന്ന്‌ ആരാധന നടത്തേണ്ട സ്ഥിതിയാണ്‌. പ്രതിമയ്ക്ക്‌ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ മാറ്റാന്‍ തയ്യാറാവണം . ഗേറ്റ്‌ വയ്ക്കുന്നതിന്‌ ഭാരത്‌ വികാസ്‌ പരിഷത്‌ ചെലവ്‌ വഹിക്കാമെന്ന്‌ പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അതിന്‌ അനുമതി നല്‍കുകയും വേണം. വിവേകാനന്ദ സാര്‍ദ്ധശതി ആഘോഷവേളയില്‍ത്തന്നെ വിവേകാനന്ദ പ്രതിമയ്ക്ക്‌ മുന്നിലുള്ള തടസ്സങ്ങള്‍ നമ്മുടെ പൈതൃകത്തിനും പൊതുസമൂഹത്തിനും അപമാനമുണ്ടാക്കുമെന്നും ഉടന്‍ ഇതിന്‌ പരിഹാരം കണ്ടെത്തണം . ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. സ്വാമി വിവേകാനന്ദനോട്‌ കാട്ടുന്ന അവഗണനയ്ക്കെതിരെ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്ക്‌ ഹിന്ദുഐക്യവേദി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ശശികല ടീച്ചര്‍ പറഞ്ഞു. ഭാരത്‌ വികാസ്‌ പരിഷത്ത്‌ ദേശീയ കണ്‍വീനര്‍ കെ.പി.ഹരിഹരകുമാര്‍, മേഖലാ ചെയര്‍മാന്‍ അഡ്വ.പി.എസ്‌ ഗോപിനാഥ്‌, കണ്‍വീനര്‍ പി.വി.അതികായന്‍, സി.ജി.രാജഗോപാല്‍, മേജര്‍ കെ.പി.ആര്‍.കുമാര്‍, എം.കെ.കുഞ്ഞോല്‍, കൗണ്‍സിലര്‍ സുധാ ദിലീപ്‌, എന്‍.ആര്‍.സുധാകരന്‍, ബിടിഎച്ച്‌ ഗോപിനാഥ്‌, എം.രഘുനന്ദന്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.