ചെളിയും ബഹുമാനവും

Monday 22 August 2011 9:45 pm IST

റബ്ബര്‍, പാമോയില്‍, വെറുതേകിടന്നു തുരമ്പിയ്ക്കുവാന്‍ കോടിക്കണക്കിനു രൂപ വിലയുള്ള യന്ത്രസാമഗ്രികള്‍, പെട്രോ ഡോളര്‍, ഭീകരവാദം, മതപരിവര്‍ത്തനഅജന്‍ഡ, കള്ളപ്പണം, വിദേശനിര്‍മ്മിതമായ ആധുനിക ആയുധങ്ങള്‍ തുടങ്ങിയ അമൂല്യവസ്തുക്കള്‍പോലെ നമുക്ക്‌ അടിയന്തരമായി ഇറക്കുമതി ചെയ്യേണ്ട രണ്ടു വസ്തുക്കളായിരിയ്ക്കുന്നു ചെളിയും ബഹുമാനവും.
ബഹുമാന്യരായ നമ്മുടെ നേതാക്കള്‍ ദിവസത്തില്‍ ഇരുപത്തിനാല്‌ മണിക്കൂറും പരസ്പരം ചെളിവാരിയെറിയുന്ന യജ്ഞത്തില്‍ ഞാന്‍ മുമ്പേ ഞാന്‍ മുമ്പേ എന്നു മത്സരിച്ചു ജനത്തെ സേവിക്കുകയാണല്ലോ. പത്രങ്ങളും ചാനലുകളുമൊക്കെ ഈ ചെളികൊണ്ട്‌ എന്നോ നിറഞ്ഞു കഴിഞ്ഞു. ജനാധിപത്യത്തിന്റെ ഒരു മഹാഭാഗ്യം! പക്ഷേ, ഈ പോക്കുപോയാല്‍ ഈ നാട്ടില്‍ മറ്റാവശ്യങ്ങള്‍ക്ക്‌ ചെളി ഇല്ലാതായിത്തീരും. ഉള്ളതു തീര്‍ന്നു കഴിഞ്ഞാല്‍ നേതാക്കന്മാര്‍ക്കും വെറുതേ ഇരിയ്ക്കേണ്ടിവരും. മാത്രമല്ല, ഈയൊരു കായികവിനോദത്തെ ദേശീയഗയിംസിലോ സ്പോര്‍ട്സിലോ ഒന്നും ഇതുവരെ ഉള്‍പ്പെടുത്തി അംഗീകരിച്ചിട്ടുമില്ല. അങ്ങനെയായാല്‍ അവരുടെ കാര്യവും കഷ്ടത്തിലാകും. അതുകൊണ്ട്‌ ബന്ധപ്പെട്ടവര്‍ മുന്‍കയ്യെടുത്ത്‌ അന്യനാടുകളില്‍ നിന്ന്‌ നല്ല ഗുണനിലവാരമുള്ള ചെളി ആവശ്യത്തിന്‌ ഇറക്കുമതി ചെയ്യേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു.
അതുപോലെത്തന്നെയാണ്‌ ബഹുമാനത്തിന്റെ കാര്യവും. ഇക്കൂട്ടരെയൊക്കെ ഓര്‍മ്മവച്ചകാലം മുതല്‍ മുന്‍പിന്‍ ചിന്തിയ്ക്കാതെ ബഹുമാനിച്ചു ബഹുമാനിച്ച്‌ നമ്മുടെ കയ്യിലുള്ള ബഹുമാനവും ഏതാണ്ടു തീര്‍ന്നു കഴിഞ്ഞിരിയ്ക്കുന്നു. ഇനിയും അനുസരണയുള്ള പ്രജകള്‍ എന്ന നിലയില്‍ നമുക്കുള്ള കടമ നിറവേറ്റണമെങ്കില്‍ ചെളിയോടൊപ്പം ടണ്‍കണക്കിനു ബഹുമാനവും ഇറക്കുമതി ചെയ്തേ തീരൂ.
അരിഷ്ടിച്ച്‌, പാര്‍ലമെന്റില്‍ നൂറ്റമ്പത്‌ ക്രിമിനലുകള്‍ ഉണ്ടത്രേ. എല്ലാപേരും അറിയപ്പെടുന്നവര്‍. അറിയപ്പെടാത്തവരുടെ കാര്യം ദൈവത്തിനു പോലും അറിയില്ലത്രേ. എന്നുവച്ച്‌ നമുക്ക്‌ അവരെ ബഹുമാനിയ്ക്കാതിരിയ്ക്കാന്‍ പറ്റുമോ? നമ്മളൊക്കെ ഇവിടത്തെ പ്രജകളായി ജനിച്ചുപോയില്ലേ? അവര്‍ക്കുള്ള 'പ്രത്യേകബഹുമാനം ' പ്രത്യേകമായിത്തന്നെ ഇറക്കുമതി ചെയ്യിയ്ക്കുന്നതായിരിയ്ക്കും നല്ലത്‌.
അതിനുള്ള കരാര്‍ ഇഷ്ടമുള്ളവര്‍ക്കു കൊടുക്കാം. ഇഷ്ടമുള്ള കരാര്‍വ്യവസ്ഥയില്‍, കമ്മീഷന്‍ വ്യവസ്ഥയില്‍ കച്ചവടം ഉറപ്പിയ്ക്കാം. സംഗതി അത്യാവശ്യവും അത്യന്താപേക്ഷിതവും അടിയന്തരപ്രാധാന്യമുള്ളതുമാകയാല്‍ ആരെങ്കിലും ഇടങ്കോലിടാന്‍ വരുമെന്നു തോന്നുന്നില്ല. പിന്നെ, അഴിമതിയാരോപണം. എന്തിലാണ്‌ അതില്ലാത്തത്‌? അസൂയക്കാര്‍ ഓരോന്നു പറഞ്ഞുണ്ടാക്കും. അവനവനു കിട്ടാത്ത മുന്തിരി പുളിയ്ക്കും. അല്ലെങ്കിലും കൊതിക്കെറുവ്‌ ഇവിടെ ലേശം കൂടുതലാണ്‌. ഇനി അഴിമതിയ്ക്കെതിരേയുള്ള ആരോപണമോ അന്വേഷണമോ കമ്മീഷനോ ഒക്കെ വന്നെന്നു തന്നെയിരിയ്ക്കട്ടെ. അപ്പോഴേയ്ക്കും സംഗതിയുടെ ഷഷ്ടിപൂര്‍ത്തിയാഘോഷം കഴിഞ്ഞിട്ടുണ്ടാവില്ലേ? പിന്നെന്തു ഭയം? ആരോപണത്തിലെ പണവും അന്വേഷണത്തിലെ ക്ഷണവും കമ്മീഷനിലെ കമ്മീഷനുമൊക്കെയായി അതൊരുത്സവമായി മാറ്റുക! അതല്ലേ നമുക്കും സുഖം. പണ്ടേ ആരാണ്ടു പറഞ്ഞിട്ടുണ്ടല്ലോ കള്ളന്‍കയറി ഏഴിന്റന്നു കുരയ്ക്കുന്ന കാവല്‍നായെപ്പറ്റി.
ദീര്‍ഘദര്‍ശികളായ നമ്മുടെ നേതാക്കന്മാര്‍ എത്രയും വേഗം ഈ രണ്ട്‌ ഇറക്കുമതികളും സാധിച്ചു തരുമെന്ന്‌ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വന്തം പ്രജകളായ ഞങ്ങള്‍ സ്വന്തമായി അപേക്ഷിച്ചു കൊള്ളുന്നു!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.