അഴിമതിക്കാരുടെ വീടുകള്‍ ബീഹാറില്‍ സ്കൂളുകളാക്കുന്നു

Monday 22 August 2011 9:50 pm IST

പാട്ന: അഴിമതിയിലൂടെ ഉദ്യോഗസ്ഥര്‍ സമ്പാദിച്ച വീടുകള്‍ പാവപ്പെട്ട കുട്ടികള്‍ക്ക്‌ സ്കൂള്‍ തുടങ്ങാനായി ഉപയോഗിക്കുമെന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ പ്രസ്താവന യാഥാര്‍ത്ഥ്യമാകുന്നു. അഴിമതി നടത്തിയെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ സര്‍വീസില്‍നിന്നും പിരിച്ചുവിടപ്പെട്ട ഐഎഎസ്‌ ഓഫീസര്‍ ശിവശങ്കര്‍ വര്‍മയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടം സ്കൂള്‍ തുടങ്ങാനായി ഉപയോഗിക്കാമെന്ന്‌ പാറ്റ്ന ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു.
ഇത്തരമൊരു കോടതിവിധിയോടെ അഴിമതിക്കെതിരെയുള്ള ബീഹാര്‍ സര്‍ക്കാരിന്റെ യുദ്ധത്തിനെ കോടതിയും പിന്തുണച്ചിരിക്കുകയാണെന്ന്‌ ജെഡിയു വക്താവ്‌ സഞ്ജയ്‌ സിങ്ങ്‌ അറിയിച്ചു.
കഴിഞ്ഞ ജൂലൈ 6നാണ്‌ സ്പെഷ്യല്‍ വിജിലന്‍സ്‌ കോടതി വര്‍മയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്‌. ഒന്നരക്കോടിയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ വര്‍മ്മ അനധികൃതമായി സമ്പാദിച്ചതെന്ന്‌ കോടതി കണ്ടെത്തിയിരുന്നു. ജലസേചന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന വര്‍മ്മയെ ഇതേത്തുടര്‍ന്ന്‌ പിരിച്ചുവിടുകയായിരുന്നു. സംസ്ഥാനത്ത്‌ ഇതുപോലെ കണ്ടുകെട്ടിയ അഞ്ചോളം കെട്ടിടങ്ങള്‍ നിലവിലുണ്ടെന്നും ഇവയും കോടതിവിധി അനുസരിച്ച്‌ സ്കൂളുകളാക്കി മാറ്റാനിടയുണ്ടെന്നും ഒരു മുതിര്‍ന്ന വിജിലന്‍സ്‌ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.