പതിനാറ്‌ കലകളോടു കൂടിയ പുരുഷന്‍ താന്‍ തന്നെ

Wednesday 4 December 2013 8:04 pm IST

ഓങ്കാരോപാസനയിലൂടെ പരമമായ അക്ഷരസാക്ഷാത്ക്കാരംവരെ ഉയരുന്നതിനെക്കുറിച്ച്‌ അഞ്ചാം പ്രശ്നത്തില്‍ നിര്‍ണ്ണയിച്ചതു കേട്ട സുകേശാവ്‌ പിപ്പലാദ മഹര്‍ഷിയോട്‌ പതിനാറ്‌ കലകളോട്‌ കൂടിയ പുരുഷന്‍ എവിടെയാണുള്ളതെന്ന്‌ ചോദിക്കുന്നതാണ്‌ പ്രശ്നോപനിഷത്തിലെ ആറാം പ്രശ്നം. തന്നോട്‌ വളരെ മുമ്പ്‌ ഹിരണ്യനാഭന്‍ എന്ന രാജകുമാരന്‍ ചോദിച്ച പ്രശ്നമാണ്‌ താന്‍ ഗുരുവോട്‌ ചോദിക്കുന്നത്‌ എന്ന്‌ പറയുന്ന സുകേശാവിന്റെ ഒരു വാക്യം വളരെ ശ്രദ്ധേയമാണ്‌.
"അസത്യം പറയുന്നവന്‍ വേരോടുകൂടെ ഉണങ്ങിപ്പോകുന്നു". പല വ്യവഹാരങ്ങളിലും പെട്ട്‌ അസത്യം പറഞ്ഞുപോകാതിരിക്കാന്‍ നാം വളരെ കരുതലോടെ ശ്രദ്ധിക്കണം. സകല ഉയര്‍ച്ചയുടെയും അടിസ്ഥാനം നാം പാലിക്കുന്ന സത്യനിഷ്ഠയായിരിക്കണം. ഉപനിഷദ്‌ വിചാരയജ്ഞം നാല്‍പ്പത്തിയെട്ടാം ദിവസം പ്രശ്നോപനിഷത്തിനെ അധികരിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍.
യാതൊരുവനില്‍ പതിനാറുകലകളും നിലകൊള്ളുന്നുവോ ആ പുരുഷന്‍ തന്റെ തന്നെ ഉള്ളിലാണെന്ന്‌ അനുസന്ധാനം ചെയ്യാന്‍ പിപ്പലാദന്‍ ഉപദേശിക്കുന്നു. സത്യത്തെത്തേടിയുള്ള യാത്ര പുറമേക്ക്‌ വിഷയങ്ങളുടെ മേഖലകളിലേക്കാവാതെ തന്റെ തന്നെ വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്കാവണം. യാതൊന്ന്‌ ഉത്ക്രമിച്ചാല്‍ താന്‍ ഉത്ക്രമിച്ചതാകുന്നുവോ, യാതൊന്ന്‌ പ്രതിഷ്ഠിതമായാല്‍ താന്‍ പ്രതിഷ്ഠിതനാകുമോ എന്ന്‌ പുരുഷന്‍ സങ്കല്‍പ്പിച്ചു. അനന്തരം പ്രാണന്‍, ശ്രദ്ധ, ആകാശം, വായു, അഗ്നി, ജലം, ഭൂമി, ഇന്ദ്രിയം, മനസ്സ്‌, അന്നം, വീര്യം, തപസ്‌, മന്ത്രങ്ങള്‍, കര്‍മ്മം, ലോകങ്ങള്‍, നാമം എന്നിവയാണ്‌ പതിനാറ്‌ കലകള്‍. ഈ കലകളെല്ലാം തന്നെ നിലകൊള്ളുന്നത്‌ തന്നിലാണെന്നും താനാണ്‌ സര്‍വ്വാത്മാവെന്നുമുള്ള തിരിച്ചറിവാണ്‌ വേദാന്ത പ്രമാണത്തിലൂടെ നേടേണ്ടതെന്നും സ്വാമി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.