പ്രധാനമന്ത്രി രാജിവെക്കണം: അദ്വാനി

Monday 22 August 2011 9:50 pm IST

നെല്ലൂര്‍/ആന്ധ്രാപ്രദേശ്‌: രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ രാജിവെക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. സര്‍ക്കാരില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇക്കാരണത്താല്‍ പ്രധാനമന്ത്രി രാജിവെച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി അഭിപ്രായപ്പെട്ടു.
ആന്ധ്രാപ്രദേശില്‍ നടന്ന പാര്‍ട്ടി ഉന്നതതല സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ തികച്ചും അജ്ഞനാണ്‌ പ്രധാനമന്ത്രി. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതുമുതല്‍ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്‌, അദ്വാനി കുറ്റപ്പെടുത്തി. ഇതോടൊപ്പം അഴിമതിക്കാരായ മന്ത്രിമാരെ ഒഴിവാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുകയാണെന്നും സ്പെക്ട്രം കേസില്‍ കുറ്റക്കാരായ രാജക്കും കനിമൊഴിക്കുമെതിരെ നടപടികള്‍ സ്വീകരിച്ചതുപോലും സിഎജി റിപ്പോര്‍ട്ടിന്റെ സമ്മര്‍ദ്ദഫലമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത്‌ അഴിമതി വ്യാപകമാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്നും യുപിഎ അധ്യക്ഷ സോണിയാഗാന്ധിക്കും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും ഒഴിവാകാനാകില്ല, അദ്വാനി ഓര്‍മിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.