സന്നിധാനത്ത്‌ സുരക്ഷ കൂടുതല്‍ ശക്തമാക്കും

Wednesday 4 December 2013 9:33 pm IST

ശബരിമല: തീര്‍ത്ഥാടകര്‍ക്ക്‌ ബുദ്ധിമുട്ട്‌ അനുഭവപെടാത്ത രീതിയില്‍ ഡിസംബര്‍ 6ന്‌ മുന്നോടിയായി സുരക്ഷാ സംവിധാനം ശക്തമാക്കുമെന്ന്‌ സന്നിധാനം പോലീസ്‌ സ്പെഷ്യല്‍ ഓഫീസര്‍ പി.എന്‍. ഉണ്ണിരാജന്‍ പറഞ്ഞു.
ശബരിമല ദര്‍ശനത്തിന്‌ എത്തുന്നവരെ ഡിഎഫ്‌എംഡിയിലൂടെ കടത്തിവിട്ട്‌ സുരക്ഷാ പരിശോധന നടത്തിയ ശേഷമായിരിക്കും തിരുമുറ്റത്തേക്ക്‌ കടത്തിവിടുക. തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന ബാഗുകള്‍ സ്കാനറിലൂടെ കടത്തിവിട്ട്‌ പരിശോധിക്കും. ബോംബ്‌ ഡിറ്റക്ഷന്‍ ആന്റ്‌ ഡിസ്പോസിബിള്‍ ടിം ഉണ്ടാകും. മഫ്തിയില്‍ കൂടുതല്‍ പോലീസുകാരെയും നിയമിക്കും. പതിനെട്ടാംപടിക്ക്‌ സമീപവും,വടക്കേനട, പാണ്ടിത്താവളം എന്നിവിടങ്ങളിലെ വാച്ച്‌ ടവറുകളില്‍ ദ്രൂതകര്‍മ്മ സേനാംഗങ്ങളെ നിരീക്ഷണത്തിനായി നിയോഗിച്ചു. സന്നിധാനത്ത്‌ സായുധരായ ദ്രൂതകര്‍മ്മ സേനാംഗങ്ങളുടെ മൂന്ന്‌ വലയം തീര്‍ത്തിട്ടുണ്ട്‌. താഴെ തിരുമുറ്റത്ത്‌ സുരക്ഷാ സംവിധാനത്തിന്‌ മണല്‍ചാക്കുകള്‍ അടുക്കി മോര്‍ച്ച സ്ഥാപിച്ചു .അവിടെയും പുറത്തും സായുധരായദ്രൂതകര്‍മ്മ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്‌. താഴെ തിരുമുറ്റത്ത്‌ ദ്രൂതകര്‍മ്മ സേനയുടെ കിക്ക്‌ റസ്പോണ്‍സ്‌ ടിം ജാഗരൂപരായി നില ഉറപ്പിച്ചിട്ടുണ്ട.്‌ കുടിവെള്ള സംഭരണ ടാങ്കുകള്‍ക്ക്‌ പോലീസ്‌ സുരക്ഷ ക്രമീകരിക്കുന്നതിനൊപ്പം ഫയര്‍ ഫോഴ്സ്‌ ജീവനക്കാരുടെ സഹായവും ഇവിടെ ലഭ്യമാക്കും. സന്നിധാനം പമ്പാ ഭാഗങ്ങളില്‍ ജോലി നോക്കുന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമായി ധരിക്കണം.
സന്നിധാനത്ത്‌ ഇരുപത്‌ ഡിവൈഎസ്പിമാര്‍, 35 സിഐമാര്‍, 100എസ്‌ഐമാര്‍, 1300 പോലീസുകാര്‍,കേന്ദ്രദ്രൂതകര്‍മ്മസേനയുടെ 135പേര്‍അടങ്ങുന്ന ടിം,എന്‍. ഡി.ആര്‍എഫിന്റെ 45 പേര്‍ അടങ്ങുന്ന സംഘം,കര്‍ണ്ണാടകയില്‍ നിന്നുള്ള 60 പോലീസുകാര്‍ ,ആന്ധ്രയില്‍ നിന്നുള്ള 35 പോലീസുകാര്‍,എന്നിവരും സന്നിധാനത്ത്‌ ഉണ്ട്‌. വനാന്തരങ്ങളിലും ശുദ്ധജല വിതരണ ഉറവിടമായ കുന്നാര്‍ അണക്കെട്ട്‌ മേഖല, പാണ്ടിത്താവളം,ശരംകുത്തി, അരവണപ്ലാന്റിന്‌ സമീപം എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും പമ്പ മുതല്‍ സന്നിധാനം വരെയും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ദൃശ്യ നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പമ്പാ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന്‌ പോലീസ്‌ സദാസമയവും നീരീക്ഷിക്കും. സംശയംതോന്നുന്നവരെ ക്യാമറാ കണ്ണിലൂടെ പിന്‍തുടര്‍ന്ന്‌ നിരീക്ഷിക്കുവാന്‍ ഓട്ടോമാറ്റിക്ക്‌ സൂമിങ്ങ്‌ സംവിധാനവും നിലവിലുണ്ട്‌.
പമ്പയില്‍ നിന്നും കനത്ത സുരക്ഷാ പരിശോധനയ്ക്ക്‌ ശേഷമാണ്‌ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക്‌ കടത്തിവിടുന്നത്‌. പോലീസ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ സംഘവും സന്നിധാനത്ത്‌ ഉണ്ട്‌. സന്നിധാനത്തും സന്നിധാനത്തോട്‌ ചേര്‍ന്നുള്ള വനാന്തരങ്ങളിലും കേന്ദ്ര ദ്രൂത കര്‍മ്മ സേനാംഗങ്ങള്‍ ഇന്ന്‌ തിരച്ചില്‍ നടത്തും. പമ്പാ മണല്‍ പുറം, കെഎസ്‌ ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ പാര്‍ക്കിംങ്ങ്‌ ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. പമ്പാ-വടശ്ശേരിക്കര റോഡില്‍ ബൈക്കില്‍ പോലീസ്‌ പട്രോളിംങ്ങ്‌ നടത്തും. എട്ട്‌ ഡിവൈഎസ്പിമാര്‍, 14സിഐമാര്‍, 45 എസ്‌ഐമാര്‍,460പോലീസുകാര്‍,12 വനിതാപോലീസുകാര്‍, കേന്ദ്ര ദ്രൂതകര്‍മ്മ സേനാംഗങ്ങള്‍ , എന്‍ഡിആര്‍ഫ്‌, മഫ്തി പോലീസ്‌, കേന്ദ്ര-സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗം എന്നിവര്‍ പമ്പയില്‍ ഉണ്ടാകും.
ശബരിമലയിലെ സുരക്ഷാ കാര്യങ്ങള്‍ ഉന്നതപോലീസ്‌ ഉദ്യോഗസ്ഥര്‍ സദാസമയം നിരീക്ഷിക്കുന്നുണ്ട്‌.സുരക്ഷാ ക്രമീകരണങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ ശബരിമല പോലീസ്‌ ചീഫ്‌ കോ-ഓര്‍ഡിനേറ്ററും എഡിജിപിയുമായ എ.ഹേമ ചന്ദ്രന്‍ 6ന്‌ സന്നിധാനത്ത്‌ ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.