ബാലാമണിയമ്മ പുരസ്കാരം പി. വത്സലക്ക്‌

Saturday 7 December 2013 10:28 pm IST

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ പത്താമത്‌ ബാലാമണിയമ്മ പുരസ്കാരം പ്രശസ്ത നോവലിസ്റ്റ്‌ പി. വത്സലക്ക്‌. നോവല്‍, ചെറുകഥാ രംഗത്തെ അഞ്ച്‌ പതിറ്റാണ്ടുകാലത്തെ സമഗ്രസംഭാവനക്കാണ്‌ പുരസ്കാരം. സാമൂഹ്യ പ്രതിബദ്ധതയുള്ള രചനകളാണ്‌ പി. വത്സലയുടെ തൂലികയില്‍ പിറന്നത്‌. പല തരത്തിലും തലങ്ങളിലുമുള്ള ജീവിതചിത്രങ്ങളാല്‍ സമ്പന്നമാണ്‌ വത്സലടീച്ചറുടെ നോവല്‍പ്രപഞ്ചം. അനുഭവത്തിന്റെ ആഴം സങ്കല്‍പ്പങ്ങളെ കവച്ചുവയ്ക്കുന്നവയാണ്‌. കുടുംബബന്ധത്തിന്റെ ആഴം, സ്നേഹതീവ്രത, വിരഹം, ദാരിദ്ര്യം, പ്രണയാര്‍ദ്രത ഇവയൊക്കെ വത്സ ലക്കൃതികളെ സമ്പന്നമാക്കുന്നു. ഒട്ടേറെ നോവലുകളും, ചെറുകഥകളും പി. വത്സല കൈരളിക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, മുട്ടത്തുവര്‍ക്കി അവാര്‍ഡ്‌, സി.വി. കുഞ്ഞുരാമന്‍ അവാര്‍ഡ്‌ എന്നിവയും ലഭിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു.
ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍വെച്ച്‌ ജനുവരി ഏഴിന്‌ സമര്‍പ്പിക്കും. ഡോ. എം. ലീലാവതി, പ്രൊഫ. എം. അച്യുതന്‍, സി. രാധാകൃഷ്ണന്‍, ഇ.എന്‍. നന്ദകുമാര്‍ എന്നിവരടങ്ങിയ പുരസ്കാരനിര്‍ണയസമിതിയാണ്‌ പി. വത്സലയെ നിര്‍ദ്ദേശിച്ചത്‌. സുഗതകുമാരി, ഡോ. എം. ലീലാവതി, കാക്കനാടന്‍, എം.പി. വീരേന്ദ്രകുമാര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, സി. രാധാകൃഷ്ണന്‍, യൂസഫലി കേച്ചേരി എന്നിവര്‍ക്കായിരുന്നു മുന്‍വര്‍ഷങ്ങളിലെ പുരസ്കാരം. 2013 ജനുവരി 4 മുതല്‍ 13 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലാണ്‌ ഈവര്‍ഷം പുസ്തകോത്സവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.