ഉമ്മന്‍‌ചാണ്ടി രാജി വയ്ക്കണമെന്ന് വി.എസും പിണറായിയും

Tuesday 23 August 2011 4:48 pm IST

തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സ്‌ കോടതി മുഖ്യമന്ത്രിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനും, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ എല്‍.ഡി.എഫ്‌ നടത്തുന്ന മാര്‍ച്ച്‌ സെക്രട്ടറിയേറ്റ്‌ മുന്നില്‍ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു വി.എസ്‌. പാമോയില്‍ കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്‌. എന്നാല്‍ വിജിലന്‍സ്‌ വകുപ്പ്‌ ഒഴിഞ്ഞ്‌ തടിതപ്പാനാണ്‌ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്‌. ഉമ്മന്‍ചാണ്ടി വിജിലന്‍സ്‌ വകുപ്പ്‌ ഒഴിഞ്ഞതു കൊണ്ട്‌ മാത്രം പ്രശ്നം തീരുന്നില്ല. വിജിലന്‍സ്‌ വകുപ്പ്‌ പൊതുഭരണ വകുപ്പിന്‌ കീഴിലാണ്‌ വരുന്നത്‌. ഈ പൊതുഭരണ വകുപ്പ്‌ ആഭ്യന്തര വകുപ്പിന്‌ കീഴിലും. ആഭ്യന്തര വകുപ്പ്‌ കൈയാളുന്നത്‌ മുഖ്യമന്ത്രിയുമാണ്‌. ഈ അവസരത്തില്‍ നിഷ്‌പക്ഷമായ അന്വേഷണം സാധ്യമാണോയെന്നും വി,എസും ചോദിച്ചു. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ്‌ ഉമ്മന്‍ചാണ്ടി അന്വേഷണത്തെ നേരിടണമെന്നും പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന്‌ പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നാണം കെട്ട്‌ ഇറങ്ങിപ്പോകേണ്ടി വരും. ഉമ്മന്‍ചാണ്ടി വിജിലന്‍സ്‌ വകുപ്പ്‌ ഒഴിഞ്ഞതിനെ കോണ്‍ഗ്രസും, യു.ഡി.എഫും മഹാകാര്യമായാണ്‌ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന്‌ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും പിണറായി പറഞ്ഞു. സ്വിസ്‌ ബാങ്കില്‍ നിക്ഷേപമുള്ളവരില്‍ കോണ്‍ഗ്രസുകാരും ഉണ്ടെന്നും പിണറായി ആരോപിച്ചു. പേര്‌ വെളിപ്പെടുത്തിയാല്‍ ഇത്‌ കോണ്‍ഗ്രസിനെ തന്നെ ബാധിക്കുമെന്നതിനാലാണ്‌ കള്ളപ്പണക്കാരുടെ പേരുവിവരം പുറത്ത്‌ വിടാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ലോകായുക്തയുടെ പരിധിയില്‍ ഉള്‍പ്പെടുത്താമെങ്കില്‍ പ്രധാനമന്ത്രിയെ ലോക്‌പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവാത്തത്‌ എന്തു കൊണ്ടാണെന്നും അദ്ദഹം ചോദിച്ചു.