റിയല്‍ എസ്റ്റേറ്റ്‌ ഗ്രൂപ്പുമായി കരാര്‍: കെസിഎ സ്റ്റേഡിയം നിര്‍മ്മാണം അഴിമതി നിഴലില്‍

Monday 9 December 2013 9:26 pm IST

കാസര്‍കോട്‌: ആഭ്യന്തര ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്കുള്ള സൗകര്യങ്ങളോടെ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ (കെസിഎ) കാസര്‍കോട്ട്‌ നിര്‍മ്മിക്കുന്ന സ്റ്റേഡിയം അഴിമതി നിഴലില്‍. റിയല്‍ എസ്റ്റേറ്റ്‌ ഗ്രൂപ്പുമായി കരാറുണ്ടാക്കിയാണ്‌ കെസിഎ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്‌. വന്‍തുകയ്ക്ക്‌ സ്ഥലം ഏറ്റെടുത്തതും വിവാദത്തിലായിട്ടുണ്ട്‌.
കാസര്‍കോട്‌ ബദിയഡുക്ക പഞ്ചായത്തിലെ മുണ്ടോട്ടാണ്‌ സ്റ്റേഡിയം വരുന്നത്‌. സ്വകാര്യ പാര്‍പ്പിട സമുച്ചയത്തിനായി റിയല്‍ എസ്റ്റേറ്റ്‌ ഗ്രൂപ്പായ വിന്‍ടെച്ച്‌ ഏറ്റെടുത്ത സ്ഥലത്തുനിന്നും 8.26 ഏക്കര്‍ വാങ്ങിയാണ്‌ നിര്‍മ്മാണം. സെന്റിന്‌ 54000 പ്രകാരം നാലരക്കോടിയോളം രൂപയാണ്‌ സ്ഥലത്തിനായി മുടക്കുന്നത്‌. ഇതിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തുച്ഛമായ വിലയ്ക്ക്‌ വിന്‍ടെച്ച്‌ ഏറ്റെടുത്ത സ്ഥലമാണ്‌ പത്തിരട്ടിയോളം മുടക്കി കെസിഎ വാങ്ങിയിരിക്കുന്നത്‌. പാര്‍പ്പിട സമുച്ചയത്തിനോട്‌ ചേര്‍ന്ന്‌ ക്രിക്കറ്റ്‌ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്‌ റിയല്‍ എസ്റ്റേറ്റ്‌ ഗ്രൂപ്പിന്റെ താത്പര്യത്തിനുവേണ്ടിയാണെന്നും ആരോപണമുയരുന്നു. പാര്‍പ്പിട സമുച്ചയത്തിന്റെ പ്രധാന ആകര്‍ഷണമായി സ്റ്റേഡിയം മാറുമെന്നും ബിസിനസിന്‌ ഇത്‌ മുതല്‍ക്കൂട്ടാകുമെന്നുമാണ്‌ വിന്‍ടെച്ചിന്റെ കണക്കുകൂട്ടല്‍. ഭൂമി ഏറെ ലഭ്യമായിട്ടുള്ള കാസര്‍കോട്ട്‌ വന്‍തുകയ്ക്ക്‌ സ്ഥലം വാങ്ങിയത്‌ അഴിമതി ആരോപണത്തെ ബലപ്പെടുത്തുന്നു.
സ്റ്റേഡിയത്തിന്‌ ഏറ്റവും അനുയോജ്യമായ പ്രദേശമാണ ്മുണ്ടോട്ടെന്നാണ്‌ കെസിഎയുടെ വാദം. എന്നാല്‍ ജില്ലയുടെ വടക്കേ അറ്റത്തെ ഉള്‍പ്രദേശമായ ഇവിടേക്ക്‌ ദേശീയ പാതയില്‍ നിന്നും പത്ത്‌ കിലോമീറ്ററിലേറെ ദൂരമുണ്ട്‌. ജില്ലയുടെ മധ്യഭാഗത്തായി കുറഞ്ഞ ചിലവില്‍ ഏക്കറുകണക്കിന്‌ സ്ഥലം ലഭ്യമാണെന്നിരിക്കെയാണ്‌ കെസിഎയുടെ വാദം.
റിയല്‍ എസ്റ്റേറ്റ്‌ ഗ്രൂപ്പുമായി കരാറുണ്ടാക്കിയെന്ന്‌ കെസിഎ സംസ്ഥാന പ്രസിഡണ്ട്‌ ടി.സി.മാത്യു തന്നെ പറയുന്നു. എന്നാല്‍ കായികതാരങ്ങള്‍ക്കും കെസിഎക്കും ഗുണകരമായ വ്യവസ്ഥകള്‍ മാത്രമാണ്‌ കരാറിലുള്ളതെന്നാണ്‌ അവകാശവാദം. പാര്‍പ്പിട സമുച്ചയത്തിലെ ജിംനേഷ്യവും നീന്തല്‍ക്കുളവും ക്രിക്കറ്റ്‌ കളിക്കാര്‍ക്ക്‌ ഉപയോഗിക്കാമെന്നതാണ്‌ നേട്ടമായി ചൂണ്ടിക്കാണിക്കുന്നത്‌. ക്രിക്കറ്റ്‌ സ്റ്റേഡിയം വഴി വിന്‍ടെച്ചിനുണ്ടാകുന്ന ലാഭവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്‌ നിസാരമാണെന്ന്‌ ആര്‍ക്കും ബോധ്യമാകും.
റിയല്‍ എസ്റ്റേറ്റ്‌ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലേക്ക്‌ ക്രിക്കറ്റ്‌ സ്റ്റേഡിയം എത്താനുള്ള സാധ്യതയും ഏറെയാണ്‌. പാര്‍പ്പിട സമുച്ചയത്തിലേക്കുള്ള റോഡാണ്‌ സ്റ്റേഡിയത്തിലേക്കുള്ള പ്രധാന വഴി. 'സാധാരണക്കാര്‍ക്ക്‌' പുറത്ത്‌ മറ്റൊരു റോഡുണ്ടാകുമെന്ന്‌ കെസിഎ പറയുന്നു. പാര്‍പ്പിട സമുച്ചയത്തിന്റെ അതിരുകള്‍ക്കുള്ളില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിലെ പൊരുത്തക്കേട്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ പാര്‍പ്പിട സമുച്ചയം സ്റ്റേഡിയത്തിനുള്ളിലാണെന്ന്‌ പറഞ്ഞ്‌ നിസാരവത്കരിക്കുകയായിരുന്നു ടി.സി.മാത്യു. ജില്ലയുടെ സ്വന്തം ക്രിക്കറ്റ്‌ പ്രതിഭകള്‍ക്കും ക്ലബ്ബുകള്‍ക്കും സ്റ്റേഡിയം അപ്രാപ്യമാകുമെന്ന ആശങ്കയുമുണ്ട്‌.
മുന്‍സിപ്പല്‍ സ്റ്റേഡിയം നവീകരിച്ചാല്‍ ആഭ്യന്തര മത്സരങ്ങള്‍ക്കുള്ള സൗകര്യം ലഭ്യമാക്കാന്‍ സാധിക്കും. മറ്റ്‌ കായിക മത്സരങ്ങള്‍ക്ക്‌ താരതമ്യേന ചെലവ്‌ കുറഞ്ഞ മിനിസ്റ്റേഡിയം നിര്‍മ്മിച്ചാല്‍ പൂര്‍ണ്ണമായും മുന്‍സിപ്പല്‍ സ്റ്റേഡിയം ക്രിക്കറ്റിന്‌ ഉപയോഗപ്പെടുത്താം. ഇതിന്‌ പകരം സ്വകാര്യ ഗ്രൂപ്പിന്റെ സാമ്പത്തിക താത്പര്യങ്ങളെ പിന്തുണച്ച്‌ സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള കെസിഎയുടെ തീരുമാനം സാമ്പത്തിക ക്രമക്കേടിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.
കെ. സുജിത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.