ശബരിമല തീര്‍ത്ഥാടകരോടുള്ള ദ്രോഹം തുടരുന്നു

Monday 9 December 2013 9:50 pm IST

തീര്‍ത്ഥാടകരെ ഭക്ഷണത്തിനായി നിര്‍ബ്ബന്ധപൂര്‍വ്വം വിളിച്ചിറക്കുന്നതായി പരാതി എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി ബസില്‍ വരുന്ന തീര്‍ത്ഥാടകരെ നിര്‍ബ്ബന്ധിച്ച് ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളില്‍ കെഎസ്ആര്‍ടിസിക്കാര്‍ ഇറക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് കോഴിക്കോട് നിന്നും വന്ന നെല്ലിക്കോട് ഉദയംനഗര്‍ സ്വദശി നാരായണന്‍ എരുമേലി റവന്യൂ കണ്‍ട്രോള്‍ ഓഫീസില്‍ പരാതിയും നല്‍കി. കോഴിക്കോട് നിന്നും കെഎസ്ആര്‍ടിസി ബസില്‍ കയറിയ തങ്ങളുടേതടക്കമുള്ള തീര്‍ത്ഥാടകരെ എരുമേലിക്ക് 7 കിലോമീറ്റര്‍ അകലെ കൂവപ്പള്ളിയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എരുമേലിയില്‍ തിരക്ക് കൂടുതലാണെന്നും കിലോമീറ്ററുകളോളം ഇനിയും സഞ്ചരിക്കണമെന്നും ബസിലെ ജീവനക്കാര്‍ പറഞ്ഞാണ് തീര്‍ത്ഥാടകരെ ഹോട്ടലിനു മുന്നില്‍ ഇറക്കിയതെന്നും നാരായണന്‍ പറഞ്ഞു. എന്നാല്‍ തിരക്കു കുറഞ്ഞ ഉച്ചയ്ക്ക് 2മണിയോടെ എരുമേലിയിലെത്തിയ തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ പരാതി നല്‍കുകയായിരുന്നു. എരുമേലിയിലെത്താന്‍ വെറും ഏഴു കിലോമീറ്റര്‍ മാത്രം ബാക്കി നില്‍ക്കെ കൂവപ്പള്ളിയില്‍ ആഹാരം കഴിക്കാന്‍ തീര്‍ത്ഥാടകരെ ഇറക്കിയ സംഭവം പ്രതിഷേധാര്‍ഹമാണെന്നും ഹിന്ദു ഐക്യവേദി നേതാക്കളായ ആര്‍.ഹരിലാല്‍, മനോജ് എസ്. എന്നിവര്‍ പറഞ്ഞു. തീര്‍ത്ഥാടകര്‍ക്കുനേരെ പാലായില്‍ വീണ്ടും ആക്രമണം പാലാ: ശബരിമല തീര്‍ത്ഥാടകര്‍ക്കു നേരെ പാലായില്‍ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. വയനാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പാലാ പൊന്‍കുന്നം റോഡിലാണ് അയ്യപ്പഭക്തര്‍ക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഹിന്ദു ഐക്യവേദി, മീനച്ചില്‍ ഹിന്ദുമഹാസംഗമം, ബിജെപി, ആര്‍എസ്എസ്, സംഘടനകള്‍ പ്രതിഷേധിച്ചു. മദ്യപിച്ചെത്തിയ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ സ്വാമിമാരുടെ വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമഴിച്ചുവിട്ടതെന്ന് തീര്‍ത്ഥാടകര്‍ പറഞ്ഞു. തീര്‍ത്ഥാടക സംഘത്തിന്റെ ഡ്രൈവര്‍ രതീഷ്, പെരിയസ്വാമി സുമേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഘത്തിലെ മാളികപ്പുറം, മണികണ്ഠസ്വാമികളുള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കെയാണ് ഇവരെ മര്‍ദ്ദിച്ചത്. ശനിയാഴ്ച ഇടപ്പാളില്‍ നിന്നും കാല്‍ നടയായി ശബരിമലയ്ക്കു പോകുകയായിരുന്ന സംഘത്തെ മുണ്ടുപാലത്തു ആക്രമിച്ചിരുന്നു. ഇതില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തുടര്‍ച്ചയായി തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെടുന്ന സംഭവത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. തീര്‍ത്ഥാടനപാതകളില്‍ വഴിവിളക്കുകളില്ല എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി നിത്യേന പതിനായിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന തീര്‍ത്ഥാടന പാതയായ കാഞ്ഞിരപ്പള്ളി 26 കവല മുതല്‍ എരുമേലി കൊരട്ടി വരെയുള്ള ഭാഗത്ത് വഴിവിളക്കുകളില്ല. സംസ്ഥാന പാതകൂടിയായ ഇവിടെ കാഞ്ഞിരപ്പള്ളി , പാറത്തോട് പഞ്ചായത്തുകളുടെ അതിര്‍ത്തിമേഖലകൂടിയാണ്. തീര്‍ത്ഥാടക വാഹനങ്ങള്‍ക്കു പുറമേ നടന്നുവരുന്ന തീര്‍ത്ഥാടകരും ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടന പാതയിലെങ്കിലും വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. വഴിവിളക്കുകളില്ലാത്തതിനാല്‍ വാഹനങ്ങളുടെ അധികമായ തിരക്ക് നടന്നുവരുന്ന തീര്‍ത്ഥാടകര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന് തീര്‍ത്ഥാടകരും നാട്ടുകാരും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.