ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ കൊല: ഡിവൈഎഫ്‌ഐ നേതാവ്‌ അറസ്റ്റില്‍

Tuesday 10 December 2013 9:18 pm IST

പയ്യന്നൂര്‍: ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ സി.എം.വിനോദ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ്‌ ചെയ്തു.
ഡിവൈഎഫ്‌ഐ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ അഡ്വ.പി.സന്തോഷ്‌ കുമാറാണ്‌ അറസ്റ്റിലായത്‌. കേസന്വേഷണത്തിന്റെ ചുമതലയുള്ള പയ്യന്നൂര്‍ സിഐ അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ വെള്ളൂരില്‍ വെച്ചാണ്‌ സന്തോഷിനെ അറസ്റ്റ്‌ ചെയ്തത്‌. കൊലപാതകത്തിന്‌ ശേഷം ഇയാള്‍ പാര്‍ട്ടി സംരക്ഷണയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന്‍ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വാഹനം തടഞ്ഞ്‌ നിര്‍ത്തി സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങളുമായി ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ വിനോദ്കുമാര്‍ സംഭവ സ്ഥലത്ത്‌ വെച്ച്‌ തന്നെ മരണപ്പെട്ടിരുന്നു. അക്രമത്തില്‍ ആര്‍എസ്‌എസ്‌ ചെറുപുഴ താലൂക്ക്‌ കാര്യവാഹ്‌ പാടിയോട്ടുചാല്‍ തട്ടുമ്മലിലെ ലക്ഷ്മണനും ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ അന്നൂരിലെ ഇടവലത്ത്‌ ആനിടീല്‍ നാരായണനും മാരകമായി പരിക്കേറ്റിരുന്നു. സംഘര്‍ഷത്തോടനുബന്ധിച്ച്‌ മൂന്നു കേസ്സുകളിലായി 49 സിപിഎമ്മുകാര്‍ പ്രതികളാണ്‌.
അറസ്റ്റിലായ സന്തോഷ്‌ കുമാറിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. വൈദ്യ പരിശോധനക്ക്‌ ശേഷം കോടതിയില്‍ ഹാജരാക്കിയ സന്തോഷിനെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകക്കേസില്‍ ഡിവൈഎഫ്‌ഐക്കാരായ വി.ഇ.രാജേഷ്‌, എന്‍.ജലേഷ്‌, എ.വി.രഞ്ചിത്ത്‌, കോറോത്ത്‌ അജയന്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. വിനോദ്കുമാര്‍ വധക്കേസില്‍ ആകെ 15 പേരെയാണ്‌ പ്രതി ചേര്‍ത്തിട്ടുള്ളത്‌. എസ്‌എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശിയടക്കമുള്ള പ്രതികളെ ഇനിയും അറസ്റ്റ്‌ ചെയ്യാനുണ്ട്‌.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.