മണ്ടേലയ്ക്ക്‌ ലോകത്തിന്റെ അന്ത്യാഞ്ജലി

Tuesday 10 December 2013 10:12 pm IST

ജൊഹനാസ്ബര്‍ഗ്‌: ആഫ്രിക്കയുടെ ആകാശവും ഭൂമിയും കണ്ണീര്‍ തൂകിനിന്ന ദിനത്തില്‍ കറുത്ത സൂര്യന്‌ ലോകത്തിന്റെ അന്ത്യാഞ്ജലി. വര്‍ണവിവേചന വിരുദ്ധപോരാട്ടത്തിലൂടെയും ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റെന്ന അതുല്യ വിശേഷണത്തിലൂടെയും തലമുറകളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠനേടിയ നെല്‍സണ്‍ മണ്ടേലയെന്ന ഇതിഹാസ പുരുഷന്റെ ഓര്‍മകളെ ലോകം ഇന്നലെ നമിച്ചുനിന്നു. നൂറിലധികം ലോക നേതാക്കളും ഹോളിവുഡ്‌ താരങ്ങളുമെല്ലാം മാഡിബയ്ക്ക്‌ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജോഹാന്നസ്ബര്‍ഗിലെ വിഖ്യാതമായ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ ഒഴുകിയെത്തി.
അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്‍റിക ലെറ്റ, ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍കോയിസ്‌ ഒളാന്റെ, ക്യൂബന്‍ പ്രസിഡന്റ്‌ റൗള്‍ കാസ്ട്രോ, സിംബാബ്‌വെ പ്രസിഡന്റ്‌ റോബര്‍ട്ട്‌ മുഗാബെ എന്നിവര്‍ ആ വിശിഷ്ട സാന്നിധ്യങ്ങളില്‍ ഇടം പിടിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി മണ്ടേലയ്ക്ക്‌ ബാഷ്പാഞ്ജലി അര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവരും ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായി. ജോര്‍ജ്‌ ബുഷും ജിമ്മി കാര്‍ട്ടറും ടോണി ബ്ലയറും ജോണ്‍ മേജറും ഗോര്‍ഡന്‍ ബ്രൗണും നിക്കോളസ്‌ സര്‍ക്കോസിയുമെല്ലാം മുന്‍ രാഷ്ട്രത്തലവന്‍മാരുടെ നിരയെ സമ്പന്നമാക്കി. ഐക്യരാഷ്ട്ര സഭാ മുന്‍ അധ്യക്ഷന്‍ കൊഫി അന്നനും മണ്ടേലയെ സ്മരിക്കാന്‍ എത്തി. അവര്‍ക്കൊപ്പം തങ്ങളുടെ പ്രിയനേതാവിനെ ഹൃദയത്തിന്റെ ചെപ്പിലെ അമൂല്യ നിധിയായി സൂക്ഷിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ജനതയും സ്നേഹസമ്പന്നരായ കുടുംബാംഗങ്ങളും ചേര്‍ന്നപ്പോള്‍ അനുസ്മരണ ചടങ്ങ്‌ മണ്ടേലയോടുള്ള ആദരത്തിന്റെ ഉത്തമ ദൃഷ്ടാന്തമായിത്തീര്‍ന്നു. മഴയെപ്പോലും അവഗണിച്ച്‌ ഒരു ലക്ഷംപേരാണ്‌ മണ്ടേലയ്ക്ക്‌ ഔദ്യോഗികമായി വിടനല്‍കുന്ന ചടങ്ങ്‌ വീക്ഷിച്ചത്‌.
ഒരിക്കലും മാറ്റംവരുത്താന്‍ സാധ്യമല്ലാത്ത സാമൂഹിക- സാമ്പത്തിക പരിവര്‍ത്തനങ്ങളുടെ പ്രതികമാണ്‌ മണ്ടേലയെന്ന്‌ അനുസ്മരണ പ്രസംഗത്തില്‍ പ്രണബ്‌ മുഖര്‍ജി വിശേഷിപ്പിച്ചു. സഹജീവികളോടുള്ള അസാധാരണമായ സ്നേഹത്തിലൂടെ ഏവരെയും പ്രചോദിപ്പിച്ച അതുല്യ വ്യക്തിത്വമാണ്‌ അദ്ദേഹം. തന്റെ ലക്ഷ്യങ്ങള്‍ തേടിയുള്ള പോരാട്ടങ്ങള്‍ക്കിടെ ഒരിക്കല്‍പ്പോലും മണ്ടേല സത്യഗ്രഹത്തിന്റെ മഹിമയെ വിലകുറച്ചുകണ്ടില്ലെന്നും പ്രണബ്‌ ചൂണ്ടിക്കാട്ടി. മണ്ടേലയെ വാഴ്ത്താന്‍ വാക്കുകളില്ല. ചരിത്രത്തിലെ മഹാപ്രതിഭയാണ്‌ അദ്ദേഹം. പോരാട്ടങ്ങളിലൂടെയും നേതൃപാടവത്തിലുടെയും രാഷ്ട്രീയ നടപടിയുടെ കരുത്ത്‌ തെളിയിച്ചു കൊടുത്തുകൊണ്ടുമായിരുന്നു തലമുറകളുടെ മനസില്‍ അദ്ദേഹം ഇടംനേടിയത്‌, ഒബാമ പറഞ്ഞു. 20-ാ‍ം നൂറ്റാണ്ടിലെ അവസാനത്തെ മഹാനായ വിമോചന പോരാളിയാണ്‌ മണ്ടേല. ഒരു രാഷ്ട്രത്തെ നീതിയിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.