ദേവപ്രശ്നം: വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തില്ലെന്ന് ഉമ്മന്‍‌ചാണ്ടി

Tuesday 23 August 2011 5:31 pm IST

ന്യൂദല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്നം സംബന്ധിച്ച്‌ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താത്ത നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. ക്ഷേത്രത്തിലെ സമ്പത്ത്‌ രാജകുടുംബം മോഷ്ടിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ പരാമര്‍ശം ശരിയല്ലെന്ന്‌ തന്നെയാണ്‌ തന്റെ നിലപാടെന്നും ഉമ്മന്‍‌ചാണ്ടി അറിയിച്ചു. ദല്‍ഹിയില്‍ കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ ഏതൊരു പൗരനും അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്‌. അത്‌ വി.എസ്‌ വിനിയോഗിക്കുന്നതില്‍ തെറ്റില്ലെന്നും, ഉമ്മന്‍ ചാണ്ടി ഇതു സംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. ആസൂത്രണ കമ്മീഷന്‍ അംഗമായി തരുണ്‍ദാസിനെ നിയമിച്ചതില്‍ മാറ്റമില്ലെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. തരുണ്‍ദാസിന്റെ പേരില്‍ ഇപ്പോഴുയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങളില്‍ കാര്യമില്ല. പശ്ചിമബംഗാളില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ ഇല്ലാതിരുന്ന ആക്ഷേപം കേരളത്തില്‍ വരുമ്പോള്‍ മാത്രം എന്തിനാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം കേരളത്തില്‍ റിസല്‍ട്ട്‌ ഉണ്ടാക്കുകയെന്നതാണ്‌ പ്രധാനപ്പെട്ട കാര്യമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്നാ ഹസാരെ നടത്തുന്ന സമരത്തോട്‌ യോജിപ്പില്ലെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. ഹസാരെയുടെ സമരത്തിന്റെ കാര്യകാരണങ്ങളിലേക്ക്‌ കടക്കുന്നില്ല. എന്നാല്‍ ജനാധിപത്യപരമായതും, ഭരണഘടനയ്ക്കുള്ളില്‍ നിന്നുമാണ്‌ ഒരാള്‍ സമരം ചെയ്യേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.