റിയല്‍ എസ്റ്റേറ്റ്‌ ചൂഷണങ്ങള്‍ക്കെതിരെ നിയമം വരുന്നു

Wednesday 11 December 2013 9:44 pm IST

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലെ ചൂഷണങ്ങള്‍ തടയുന്നതിനായി കേരള റിയല്‍ എസ്റ്റേറ്റ്‌(ഡവലപ്മെന്റ്‌ആന്റ്‌റഗുലേഷന്‍) ബില്‍ കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വില്‍പനയ്ക്കായി നിര്‍മ്മിക്കുന്ന ഫ്ലാറ്റുകള്‍/ഷോപ്പിംഗ്‌ കോംപ്ലക്സുകള്‍ എന്നിവയടക്കമുള്ള ഗാര്‍ഹിക-വാണിജ്യ, ഓഫീസ്‌, ബിസിനസ്‌ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും വില്‍പ്പനയും നിര്‍മ്മാണവും നിയമവിധേയമാക്കുന്നതിനുള്ള ബില്‍ രൂപപ്പെടുത്താനാണ്‌ മന്ത്രിസഭ നിയമവകുപ്പിന്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. ഫ്ലാറ്റ്‌ നിര്‍മ്മാതാക്കളും ഉടമകളും തമ്മിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ബില്‍ വരുന്നതോടെ കഴിയും.
റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ തട്ടിപ്പിനെതിരേ നിയമം നിര്‍മിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍, കേന്ദ്രനിയമംവരുന്നതിന്റെ പശ്ചാത്തലത്തില്‍ തീരുമാനം നടപ്പാക്കല്‍ വൈകി. പക്ഷേ പാര്‍ലമെന്റില്‍ നിയമം പാസായില്ല.
നിര്‍മ്മാണത്തിനുള്ള രേഖകളില്ലാതെ സ്ഥാപനങ്ങളുടെ പേരില്‍ പരസ്യം നല്‍കി ആവശ്യക്കാരില്‍നിന്ന്‌ പണം തട്ടുന്നതുസംബന്ധിച്ച്‌ നിത്യവും പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്‌. കരാര്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുന്നുവെന്ന പരാതികള്‍ക്ക്‌ ശാശ്വതമായ പരിഹാരമെന്ന നിലക്കാണ്‌ പുതിയ നിയമം കൊണ്ടുവരുന്നത്‌.
ഉപഭോക്താക്കളില്‍നിന്ന്‌ മുന്‍കൂര്‍ പണം സ്വീകരിക്കണമെങ്കില്‍ റിയല്‍ എസ്റ്റേറ്റ്‌ റഗുലേറ്ററി അതോറിറ്റിയില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. നിര്‍മ്മാണം നടത്തുന്നവരുടെ സാമ്പത്തികവും സാങ്കേതികവുമായ വിശദാശംങ്ങള്‍ അതോറിറ്റിയെ അറിയിക്കണം. നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും വിശദമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. ഉപഭോക്താക്കള്‍ക്ക്‌ ഇത്‌ പരിശോധിക്കാന്‍ ആവശ്യമായ സമയം നല്‍കണം. ഉപഭോക്താക്കള്‍ നിര്‍മ്മാതാക്കളെ വഞ്ചിക്കുന്ന സാഹചര്യവും നിയമം മൂലം തടയാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടാകും. കരാറില്‍നിന്ന്‌ വാങ്ങുന്നയാള്‍ അന്യായമായി വ്യതിചലിച്ചാല്‍ നിര്‍മ്മാതാക്കള്‍ക്ക്‌ ട്രൈബ്യൂണലിനെ സമീപിക്കാം. ഫ്ലാറ്റുകള്‍ ഉടമകള്‍ക്ക്‌ യഥാസമയം കൈമാറുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചെയ്യും.
ഫ്ലാറ്റുകള്‍ കൈമാറിയാല്‍ ഉടമകളുടെ അസോസിയേഷന്‍ രൂപവല്‍ക്കരിച്ച്‌ കെട്ടിടവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ അവരെ ഏല്‍പ്പിക്കണം. ഒരു പ്ലോട്ടില്‍ ഒന്നിലധികം വ്യത്യസ്ത കെട്ടിടങ്ങളുണ്ടെങ്കില്‍ ഓരോന്നിനും ഓരോ അസോസിയേഷനും എല്ലാവര്‍ക്കും മുകളിലായി അപ്പെക്സ്‌ അസോസിയേഷനും രൂപവല്‍ക്കരിക്കേണ്ടതുണ്ട്‌. ഇവയെല്ലാം റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഫ്ലാറ്റ്‌ ഉടമകള്‍ തമ്മില്‍ കെട്ടിടസംബന്ധമായി തര്‍ക്കമുണ്ടായാലും അതോറിറ്റിക്ക്‌ ഇടപെടാനാവും.
സ്വന്തം ലേകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.