ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം: എം. എന്‍. ജയചന്ദ്രന്‍

Wednesday 11 December 2013 9:59 pm IST

കാഞ്ഞിരപ്പള്ളി: പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി സംസ്ഥാന ചെയര്‍മാന്‍ എം. എന്‍. ജയചന്ദ്രന്‍. ഹിന്ദു ഐക്യവേദിയുടെയും പ്രകൃതി സംരക്ഷണ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ പൊന്‍കുന്നത്ത് നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് സമരം നടത്തുന്നവര്‍ മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ചാ വിഷയമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട മലനിരകളുടെ ജൈവസമൃദ്ധിയെയും പ്രകൃതി വിഭവങ്ങളെയും ജലസ്രോതസുകളെയും സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവിയില്‍ പരിസ്ഥിതി സംരക്ഷണത്തിന്‍െ്‌റ ആവശ്യകത മനസിലാക്കി തരുന്നതാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അംഗീകരിേക്കണ്ടത് നൂറു ശതമാനം ജനാധിപത്യപരമായാവണമെന്നും ഇതിനായി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള ജനങ്ങളുടെ ആശങ്കകള്‍ അകറ്റണമെന്നും മാധവ് ഗാഡ്ഗില്‍ പറയുന്നു. പൈതൃക ഗ്രാമമായ ആറന്‍മുളയെ ഇല്ലാതാക്കുന്ന വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നും എം. എന്‍. ജയചന്ദ്രന്‍ പറഞ്ഞു. ആറന്‍മുളയും പശ്ചിമഘട്ടവും വന്‍കിട ഭൂമാഫിയാകള്‍ക്ക് തീറെഴുതി നല്‍കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്്് അദ്ദേഹം ആരോപിച്ചു. യോഗത്തില്‍ ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്‍്‌റ് ഇ. കെ. ജി. നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. ടി. തുളസീധരന്‍, സെക്രട്ടറി ആര്‍. ഹരിലാല്‍, ബി. ജെ. പി. നിയോജക മണ്ഡലം പ്രസിഡന്‍്‌റ് കെ. ജി. കണ്ണന്‍, ഹിന്ദു ഐക്യവേദി താലൂക്ക് ഭാരവാഹികളായ സി. കെ. ഉത്തമന്‍, എ. സി. പൊന്നപ്പന്‍ പിള്ള, കണ്ണന്‍ ചോറ്റി, മനോജ് എസ്, ശ്യാം എരുമേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.