കൊച്ചിയിലെ മെഡിക്കല്‍ കോളേജ്‌ സര്‍ക്കാരിന്റേതാകുമ്പോള്‍

Thursday 12 December 2013 9:27 pm IST

കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ്‌ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ കൊച്ചിക്ക്‌ സ്വന്തമായി ഒരു മെഡിക്കല്‍ കോളേജ്‌ ലഭ്യമായി എന്ന്‌ മാത്രമല്ല സൂപ്പര്‍സ്പെഷ്യാലിറ്റി സൗകര്യങ്ങളും മറ്റും വരുന്നതോടെ കൊച്ചിയിലെ രോഗികള്‍ക്ക്‌ ഇനി കോട്ടയം-ആലപ്പുഴ മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കാതെ കൊച്ചിയില്‍തന്നെ ചികിത്സ ലഭിക്കുമെന്നതും കൊച്ചി നിവാസികള്‍ക്ക്‌ ആഹ്ലാദകരമായ വാര്‍ത്തയാണ്‌. സംസ്ഥാനത്തെ ഈ ഏഴാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ ഇനി വിദ്യാഭ്യാസവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലാകും.
സ്വന്തമായി 35 ഏക്കറോളം മിച്ചഭൂമിയുള്ള ഈ കോളേജിനോടനുബന്ധിച്ച്‌ ഒരു കാന്‍സര്‍ സെന്ററും തുടങ്ങണമെന്ന ആവശ്യം ശക്തമാകുകയാണ്‌. കാന്‍സര്‍ ഒരു ജീവിതശൈലീരോഗമായി മാറിയതോടെ കാന്‍സര്‍ രോഗികളുടെ വര്‍ധന 200 ശതമാനത്തിലധികമാണ്‌. ഇവര്‍ക്കും ഇനി റീജണല്‍ കാന്‍സര്‍ സെന്ററിനെ ആശ്രയിക്കാതെ ചികിത്സ ലഭ്യമാകും കാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ അഞ്ച്‌ കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ടെങ്കിലും അതിന്‌ വേണ്ട ഒരു പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായിട്ടില്ല.
കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ്‌ നിലവില്‍ വന്നിട്ട്‌ 13 കൊല്ലമായെങ്കിലും ഇവിടെ സൗകര്യങ്ങളെക്കാളധികം പരാധീനതകളും പരിമിതികളുമാണ്‌. കെടുകാര്യസ്ഥത മൂലം ചികിത്സാ പിഴവും ഓക്സിജന്‍ സംവിധാനത്തിന്റെ തകരാര്‍ മൂലം മരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്‌. വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവം സിടി സ്കാന്‍, കാര്‍ഡിയോളജി വകുപ്പുകളില്ലാത്തത്‌ മുതലായവ ഈ 500 കിടക്കകളുള്ള ആശുപത്രിയുടെ പരാധീനതകളാണ്‌. 500 ബെഡ്ഡുകളുള്ള ആശുപത്രിയില്‍ ആവശ്യത്തിന്‌ നഴ്സുമാര്‍ ഇല്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
കൊച്ചി മെഡിക്കല്‍ കോളേജ്‌ ആകുന്നതോടെ ഇവിടെ 100 മെഡിക്കല്‍ സീറ്റുകള്‍ മെറിറ്റ്‌ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഫീസില്‍ ലഭ്യമാകുമെന്നതാണ്‌ എടുത്തുപറയത്തക്ക മറ്റൊരു വസ്തുത. ഇതോടെ കൊച്ചിയിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‌ മറ്റ്‌ ജില്ലകളില്‍ തേടേണ്ട സ്ഥിതിയും അപ്രത്യക്ഷമാകും. ഇത്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറുന്നത്‌ ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമാകുന്നത്‌ ഇനി സര്‍ക്കാര്‍ ഫീസില്‍ അധ്യയനം തുടരാന്‍ കഴിയും എന്നതുമൂലമാണ്‌. ക്രമേണ ഇവിടെ കൂടുതല്‍ പിജി കോഴ്സുകള്‍ വരികയും ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നതോടെ ഡോക്ടര്‍മാരുടെ കുറവും പരിഹരിക്കപ്പെടും. ശുദ്ധജലം,ഫയര്‍ ആന്റ്‌ സേഫ്റ്റി സംവിധാനം, ചുറ്റുമതില്‍, ആവശ്യത്തിന്‌ ലിഫ്റ്റുകള്‍ മുതലായ സംവിധാനങ്ങള്‍ ലഭ്യമാക്കണം.
എന്നാല്‍ പുതിയ തീരുമാനം ഏറ്റവും ഉപകാരപ്രദമാകുക രോഗികള്‍ക്കാണ്‌. സ്വകാര്യ ആശുപത്രിയിലെന്നപോലെ ഭീകരമായ ചികിത്സാതുക നല്‍കേണ്ടിവരില്ല എന്നത്‌ അവര്‍ക്ക്‌ ആശ്വാസകരമാകും. മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുമ്പോള്‍ വിദഗ്ധ ചികിത്സ തേടി സ്വകാര്യ ആശുപത്രികളിലേക്കുള്ള പലായനവും കുറയും. മരുന്നുകള്‍ക്കായി മെഡിക്കല്‍ഷോപ്പുകളെ ആശ്രയിക്കേണ്ടിവരികയില്ല എന്നും പ്രതീക്ഷിക്കാം. പിഎസ്സി വഴി നിയമനം നേടുന്ന ഡോക്ടര്‍മാരില്‍നിന്നും മികച്ച സേവനവും പ്രതീക്ഷിക്കാം. നിലവിലുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ മെച്ചപ്പെടുത്തുമ്പോള്‍ സാധാരണക്കാര്‍ക്ക്‌ ഈ ആശുപത്രി ഒരു അനുഗ്രഹമാകുമെന്നുറപ്പാണ്‌.
ഇപ്പോള്‍ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ കൊച്ചി മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച്‌ കാന്‍സര്‍ സെന്റര്‍ വേണമെന്ന കാമ്പയിന്‍ ശക്തിപ്പെടുന്നുണ്ട്‌. ഈ ആശുപത്രിയില്‍ തന്നെ കുറെ കിടക്കകള്‍ കാന്‍സര്‍ രോഗികള്‍ക്കായി നീക്കിവെക്കുകയും സ്വന്തമായി സ്ഥലമുള്ളതിനാല്‍ കാന്‍സര്‍ ആശുപത്രി സ്ഥാപിക്കാനുള്ള പണി തുടങ്ങുകയും വേണം. കാസര്‍കോട്‌ മുതലുള്ളവര്‍ തിരുവനന്തപുരം ആര്‍സിസിയെയാണ്‌ ഇപ്പോള്‍ ആശ്രയിക്കുന്നത്‌. ഹോസ്പിറ്റല്‍ പ്രാവര്‍ത്തികമായാല്‍ അന്താരാഷ്ട്ര കാന്‍സര്‍ സെന്റര്‍ കം റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ കൂടി ഇവിടെ സ്ഥാപിക്കും.
സ്തനാര്‍ബുദം, തൈറോയിഡ്‌ കാന്‍സര്‍ തുടങ്ങിയ രോഗങ്ങളില്‍ വന്‍ വര്‍ധന വന്നിരിക്കുകയാണ്‌. ചികിത്സയോടൊപ്പം പ്രതിരോധവും ആവശ്യമാണ്‌. അതുകൊണ്ടാണ്‌ കാന്‍സര്‍ സെന്ററിനോടൊപ്പം ഒരു റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടും പ്രസക്തമാകുന്നത്‌. കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന്‌ ആരോഗ്യമന്ത്രി ഉറപ്പുനല്‍കുന്നുണ്ട്‌. മെഡിക്കല്‍ കോളേജ്‌ ആശുപത്രി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിനോടൊപ്പം കാന്‍സര്‍ സെന്ററും വൈകാതെ സ്ഥാപിതമാകുമെന്ന്‌ പ്രത്യാശിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.