ലോക്പാല്‍ ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍

Thursday 12 December 2013 10:34 pm IST

ന്യൂദല്‍ഹി: അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. സെലക്റ്റ്‌ കമ്മിറ്റി നിര്‍ദ്ദേശിച്ച 13 ഭേദഗതികളോടെയാണ്‌ ബില്‍ അവതരിപ്പിക്കുന്നത്‌. ബില്ലിനെ പിന്തുണക്കുമെന്ന്‌ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്‌. സെലക്ട്‌ കമ്മിറ്റി മുന്നോട്ട്‌ വെച്ച എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചാല്‍ ചര്‍ച്ച കൂടാതെ ലോക്പാല്‍ ബില്‍ പാസാക്കാന്‍ തയ്യാറാണെന്ന്‌ പ്രതിപക്ഷ നേതാക്കളായ സുഷമാ സ്വരാജും അരുണ്‍ ജെറ്റ്ലിയും അറിയിച്ചു.
പ്രതിപക്ഷ ബഹളംമൂലം പാര്‍ലമെന്റ്‌ സ്ഥിരമായി തടസ്സപ്പെടുന്നതിനിടെയാണ്‌ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്‌. നേരത്തെ ലോക്സഭ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയുടെ സെലക്ട്‌ കമ്മിറ്റി നിര്‍ദേശിച്ച 13 ഭേദഗതികളോടെയാണ്‌ കേന്ദ്രമന്ത്രിസഭ ബില്‍ അംഗീകരിച്ചത്‌. അതിനാല്‍ രാജ്യസഭ പാസാക്കിയാലും നിയമമാകും മുന്‍പ്‌ വീണ്ടും ലോക്സഭയില്‍ അവതരിപ്പിക്കേതുണ്ട്‌. നേരത്തെ അവതരിപ്പിച്ച ബില്ലിന്‌ ഭേദഗതിബില്‍ എന്ന നിലയിലായിരിക്കും പരിഗണിക്കുക.
ലോകായുക്ത നിയമനത്തിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കുന്നതടക്കമുള്ള ഭേദഗതികളാണ്‌ വരുത്തിയത്‌. മത രാഷ്ട്രീയ സംഘടനകളെ ലോക്പാല്‍ പരിധിയില്‍ നിന്ന്‌ ഒഴിവാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ വാദം ആദ്യം അവതരിപ്പിക്കാനുള്ള പ്രത്യേക അവകാശവും പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.നിയമ മന്ത്രാലയത്തിന്റെ എതിര്‍പ്പ്‌ മറികടന്നാണ്‌ ഈ ഭേദഗതി കരടില്‍ ഉള്‍പ്പെടുത്തിയത്‌. ഭേദഗതിക്കെതിരെ അണ്ണാ ഹസാരെ സംഘം രംഗത്തെത്തിയിരുന്നു ലോക്പാല്‍ ബില്ല്‌ പാസാക്കണമെന്നാവശ്യപ്പെട്ട്‌ അണ്ണാഹസാരെ രണ്ടാമതും നിരാഹാരം തുടങ്ങിയത്‌ സര്‍ക്കാരിന്‌ തലവേദനയായിട്ടുണ്ട്‌. ബില്ല്‌ പാസാക്കിയില്ലെങ്കില്‍ മരണംവരെ നിരാഹാരം തുടരുമെന്നാണ്‌ ഹസാരെയുടെ പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയേറ്റ കോണ്‍ഗ്രസ്‌ ലോക്പാല്‍ ബില്ല്‌ പാസാക്കിയാല്‍ ജനവിശ്വാസം നേടിയെടുക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നുണ്ട്‌. ഇന്നലെയും നിയമ നിര്‍മാണങ്ങളിലേക്ക്‌ കടക്കാതെ പാര്‍ലമെന്റ്‌ പിരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.