ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ കടലാടിപ്പാറയെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഒഴിവാക്കി

Saturday 14 December 2013 9:35 am IST

കാസര്‍കോട്‌: പശ്ചിമഘട്ട സംരക്ഷണം അട്ടിമറിച്ചതില്‍ കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ക്കും പങ്കുണ്ടെന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കാസര്‍കോട്‌ ജില്ലയെ പൂര്‍ണമായും ഒഴിവാക്കിയതിനുപിന്നില്‍ ആഷാപുര കമ്പനിയുടെ ഖാനന താത്പര്യമാണെന്ന്‌ ആരോപണമുയരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കാസര്‍കോട്‌ ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ്‌ താലൂക്കിനെ പരിസ്ഥിതിലോല മേഖലയായി ഉള്‍പ്പെടുത്തിയിരുന്നു. ഇടത്‌ വലത്‌ സര്‍ക്കാരുകള്‍ ഒത്തുകളിച്ച്‌ ആഷാപുരയ്ക്ക്‌ ബോക്സൈറ്റ്‌ ഖാനനത്തിന്‌ അനുമതി നല്‍കിയ കടലാടിപ്പാറ ഹോസ്ദുര്‍ഗ്ഗ്‌ താലൂക്കിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഖാനനത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായും അവസാനിക്കുമായിരുന്നു. എന്നാല്‍ തുടര്‍ന്ന്‌ വന്ന കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഹോസ്ദുര്‍ഗ്ഗ്‌ താലൂക്ക്‌ ഉള്‍പ്പെട്ടില്ല. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി ഖാനനത്തിനെതിരെ പ്രതിഷേധമുയരുന്നുണ്ട്‌. എന്നാല്‍ കടലാടിപ്പാറ പശ്ചിമഘട്ട സംരക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ്‌ കമ്പനി പ്രധാനമായും വാദിക്കുന്നത്‌. ശാസ്ത്രീയമായും ജനാധിപത്യപരമായും തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ പുറം തള്ളി കസ്തൂരിരംഗന്‍ സമിതിയെ നിയോഗിച്ചത്‌ തന്നെ അട്ടിമറിയാണെന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
പരിസ്ഥിതി ലോല മേഖലയില്‍ മൂന്നാം സോണിലാണ്‌ കടലാടിപ്പാറ ഉള്‍പ്പെടുന്ന ഹോസ്ദുര്‍ഗ്ഗ്‌ താലൂക്കിനെ ഗാഡ്ഗില്‍ ഉള്‍പ്പെടുത്തിയത്‌. ഇതില്‍ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന ഖാനനത്തിന്‌ അനുമതി ലഭിക്കില്ലെന്ന്‌ മാത്രമല്ല നിലവിലെ ഖാനനങ്ങള്‍ 15 വര്‍ഷത്തിനകം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയുമുണ്ട്‌. എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശമായ കാസര്‍കോടിന്റെ സവിശേഷ സാഹചര്യവും ജൈവകൃഷിയും തദ്ദേശീയ കന്നുകാലി സമ്പത്തും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ഗാഡ്ഗില്‍ എടുത്തുപറയുന്നുണ്ട്‌. ഇതിനുപുറമെ പനത്തടി, കള്ളാര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ വനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ചൂണ്ടിക്കാട്ടുന്നു. 2005-ല്‍ ആഷാപുരയ്ക്ക്‌ വേണ്ടി ഹൈദരാബാദിലെ അനലാബ്സ്‌ ഏജന്‍സി നടത്തിയ പഠനത്തില്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ചൂണ്ടികാണിക്കുന്നുണ്ട്‌.
ജില്ലയുടെ പടിഞ്ഞാറ്‌ തീരദേശപ്രദേശത്തിനും കിഴക്ക്‌ മലയോരത്തിനും ഇടയിലെ ചെങ്കല്‍ പീഠഭൂമിയുടെ ഭാഗമാണ്‌ കടലാടിപ്പാറ. സമുദ്രനിരപ്പില്‍ നിന്നും 165 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഭൂഗര്‍ഭ ജലസാധ്യത ഏറെയുള്ള പ്രദേശമാണ്‌. കടലാടിപ്പാറ ഉള്‍പ്പെടുന്ന ചെങ്കല്‍ പീഠ ഭൂമിയില്‍ പത്തോളം കാവുകളും കൃഷിയിടങ്ങളുമുണ്ട്‌. നീലേശ്വരം പുഴയുടെ ഉത്ഭവസ്ഥാനമാണ്‌ കടലാടിപ്പാറ. ദേശാടന പക്ഷികള്‍ വിരുന്നെത്തുന്ന ഇവിടം അപൂര്‍വ്വ സസ്യങ്ങളുടെ കലവറ കൂടിയാണ്‌. എട്ട്‌ മീറ്റര്‍ വരെ ആഴത്തില്‍ ബോക്സൈറ്റും 22 മീറ്റര്‍ വരെ ആഴത്തില്‍ കളിമണ്ണും സ്ഥിതി ചെയ്യുന്നു. സംസ്ഥാനത്ത്‌ ഏറ്റവുമധികം ബോക്സൈറ്റ്‌ നിക്ഷേപമുള്ള പ്രദേശം കൂടിയാണിത്‌. ഇവിടെയാണ്‌ ബഹുരാഷ്ട്ര കമ്പനികളുടെ കണ്ണ്‌ പതിഞ്ഞിരിക്കുന്നത്‌. കിനാനൂര്‍, കരിന്തളം വില്ലേജുകളിലായി ഖാനനത്തിന്‌ മൂവായിരത്തോളം ഏക്കര്‍ ഭൂമിക്കാണ്‌ ആഷാപുര അപേക്ഷ നല്‍കിയത്‌. ഇതിനായി നൂറ്‌ കണക്കിന്‌ ആള്‍ക്കാരെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നതിനാല്‍ പുറമ്പോക്ക്‌ ഭൂമിയായ 200 ഏക്കറിന്‌ മാത്രം സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. നേരത്തെ ലഭിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയുടെ ചുവടുപിടിച്ച്‌ ഇപ്പോള്‍ ജനകീയ പ്രതിഷേധം മറികടക്കാന്‍ ചരടുവലിക്കുകയാണ്‌ ആഷാപുര. ഗാഡ്ഗില്‍ കണ്ട പലതും കസ്തൂരിരംഗന്‍ കാണാതെ പോയത്‌ യാദൃശ്ചികമല്ലെന്നാണ്‌ കാസര്‍കോട്ടെ സംഭവം തെളിയിക്കുന്നത്‌. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നതിനുപിന്നിലെ വ്യാവസായിക താത്പര്യം പൊതുസമൂഹത്തില്‍ തുറന്നു കാട്ടപ്പെട്ടതാണ്‌. യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കേണ്ട ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ ചവറ്റുകൊട്ടയിലെറിഞ്ഞതിന്റെ തെളിവുകള്‍ പുറത്തുവരുന്നതേയുള്ളു.
കെ. സുജിത്ത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.