പെരുമ്പാവൂരില്‍ എ-ഐ ഗ്രൂപ്പുപോര്‌ തുറന്നയുദ്ധത്തിലേക്ക്‌

Friday 13 December 2013 9:23 pm IST

പെരുമ്പാവൂര്‍: സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ്‌ പോര്‌ മുറുകുമ്പോള്‍ പെരുമ്പാവൂരില്‍ തുറന്ന പോരിലേക്ക്‌ എത്തുകയാണ്‌. ഇവിടുത്തെ എ-ഐ ഗ്രൂപ്പ്‌ യുദ്ധം പെരുമ്പാവൂരില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ പിളര്‍പ്പിലേക്കാണ്‌ നയിക്കുന്നതെന്നാണ്‌ ചില പാര്‍ട്ടി അനുയായികള്‍ പറയുന്നു. മുന്‍ മന്ത്രി ടി.എച്ച്‌.മുസ്തഫ ഇവിടെ എ ഗ്രൂപ്പിന്‌ നേതൃത്വം നല്‍കുമ്പോള്‍ യുഡിഎഫ്‌ കണ്‍വീനറുടെ നേതൃത്വത്തിലാണ്‌ ഐ ഗ്രൂപ്പ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌.
ഇന്ന്‌ കുറുപ്പംപടിയില്‍ നടക്കുന്ന ഐഎന്‍ടിയുസി വേങ്ങൂര്‍ മേഖലാ ഫോറസ്റ്റ്‌ ആന്റ്‌ ജനറല്‍ വര്‍ക്കേഴ്സ്‌ യൂണിയന്റെ പ്രകടനവും പൊതുസമ്മേളനവും കഴിയുന്നതോടെ പെരുമ്പാവൂരില്‍ കോണ്‍ഗ്രസിനുള്ളില്‍ പോര്‌ രൂക്ഷമാകുമെന്നാണ്‌ ചില നേതാക്കള്‍ തന്നെ പറയുന്നത്‌. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍നിന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, ഐഎന്‍ടിയുസി ജില്ലാ നേതാവ്‌ ടി.പി.ഹസ്സന്‍, രായമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ.മാത്തുക്കുഞ്ഞ്‌ എന്നിവരെയെല്ലാം ഒഴിവാക്കിയിരിക്കുകയാണ്‌.
ഐ ഗ്രൂപ്പുകാരെയെല്ലാം എ ഗ്രൂപ്പ്‌ തിരഞ്ഞുപിടിച്ചാണ്‌ ഒഴിവാക്കിയിരിക്കുന്നത്‌. ഇന്നലെ ഇതുമായി ബന്ധപ്പെട്ട്‌ നടന്ന പത്രസമ്മേളനത്തിലും എ ഗ്രൂപ്പുകാര്‍ ഐ ഗ്രൂപ്പിനെ രൂക്ഷമായി വിമര്‍ശിച്ചു. ഐഎന്‍ടിയുസിയുടെ യോഗത്തില്‍നിന്ന്‌ ടി.പി.ഹസനെ ഒഴിവാക്കിയത്‌ സംബന്ധിച്ചുള്ള പത്രക്കാരുടെ ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ വാക്കുകളെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നായിരുന്നു മറുപടി. ഇതിനിടെ സമ്മേളനവുമായി ബന്ധപ്പെട്ട്‌ എ ഗ്രൂപ്പ്‌ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ്‌ ബോര്‍ഡുകള്‍ ചിലര്‍ നശിപ്പിച്ചു.
ബോര്‍ഡുകള്‍ നശിപ്പിച്ചതിനെതിരെ എ ഗ്രൂപ്പുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും പ്രതികളെ പിടികൂടുവാനായിട്ടില്ല. എന്നാല്‍ ബോര്‍ഡുകള്‍ നശിപ്പിക്കുന്നവരുടെ ചിത്രങ്ങള്‍ ചില സ്വകാര്യ സ്ഥാപനങ്ങളുടെ സിസി ടിവിയില്‍ ഉണ്ടെന്ന്‌ എ ഗ്രൂപ്പുകാര്‍ പറയുന്നു. ഐ ഗ്രൂപ്പില്‍പ്പെട്ടവരുടെ ആളുകളാണ്‌ ചെയ്തതെന്നും എതിര്‍വിഭാഗം ആക്ഷേപമുന്നയിക്കുന്നുണ്ട്‌. പോലീസ്‌ മന്ത്രിയുടെ പടം കീറിയവരെ പിടികൂടാത്ത പോലീസിനെതിരെ പോലീസ്മന്ത്രിക്കുതന്നെ പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ്‌ എ നേതൃത്വം.
പെരുമ്പാവൂര്‍ മേഖലയിലെ മിക്ക പഞ്ചായത്തുകളിലും ബ്ലോക്ക്‌ ഭരണത്തിലും എ, ഐ ഗ്രൂപ്പ്‌ പോര്‌ സജീവമാണ്‌. എ ഗ്രൂപ്പിന്‌ മുന്‍തൂക്കമുള്ള റബര്‍ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റിയിലെ ക്രമക്കേടുകള്‍ പൊതുജനമധ്യത്തിലെത്തിച്ചത്‌ ഐ വിഭാഗമാണെന്നാണ്‌ ആരോപണം. വെങ്ങോല പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിനെതിരെ മുസ്ലിംലീഗ്‌ വരെ പരസ്യമായി രംഗത്ത്‌ വന്നിട്ടുണ്ട്‌. ഒക്കലില്‍ ഇരുവിഭാഗവും തമ്മിലുള്ള ഗ്രൂപ്പ്‌ യുദ്ധം ദേഹോപദ്രവത്തില്‍ വരെയെത്തിയിരിക്കുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.