സ്വകാര്യ ബസ് പണിമുടക്ക് ഭാഗികം; ചര്‍ച്ചയ്ക്കില്ലെന്ന് മന്ത്രി

Saturday 14 December 2013 2:13 pm IST

കൊച്ചി: സംസ്ഥാനത്ത് ഒരു വിഭാഗം ബസുടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. മിനിമം ചാര്‍ജ് വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സൂചനാ പണിമുടക്ക് നടത്തുന്നത്. ബസുടമകളുമായി ചര്‍ച്ച നടത്തില്ലെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. സമരം അനിശ്ചിതകാലത്തേയ്ക്ക് കടന്നാല്‍ ബസുടമകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ആര്യാടന്‍ മുന്നറിയിപ്പ് നല്‍കി. സംഘടനകള്‍ തമ്മിലുള്ള മത്സരമാണ് ഇപ്പോഴത്തെ സമരത്തിന് കാരണമെന്നും ആര്യാടന്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമെ ചാര്‍ജ് വര്‍ധനയുടെ കാര്യം ആലോചിക്കൂ. അതിനാല്‍ റിപ്പോര്‍ട്ട് കിട്ടാത്ത സ്ഥിതിക്ക് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിക്കേണ്ട കാര്യമില്ലെന്നും ആര്യാടന്‍ പറഞ്ഞു. സമരം നേരിടാന്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. എന്നാല്‍ ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തില്‍ പങ്കെടുക്കുന്നില്ല. മിനിമം ചാര്‍ജ്ജ് എട്ട് രൂപയായും കിലോമീറ്ററിന് 65 പൈസയായും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഏഴ് സംഘടനകള്‍ ഉള്‍പ്പെടുന്ന ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ബസ് സമരം ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. ആലപ്പുഴയിലും കോട്ടയത്തും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ല. ശബരിമല സീസണായതിനാല്‍ കെ‌എസ്‌ആര്‍ടിസി കോട്ടയത്ത് അധിക സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം മലയോര മേഖലയായ ഇടുക്കിയില്‍ സമരം പൂര്‍ണമാണ്. കുമളി-കോട്ടയം റൂട്ടില്‍ മാത്രമാണ് കെ‌എസ്‌ആര്‍‌ടിസി സര്‍വീസ് നടത്തുന്നത്. വടക്കന്‍ കേരളത്തില്‍ പണിമുടക്ക് ഭാഗികമാണ്. കണ്ണൂരിലും കാസര്‍കോട്ടും മലപ്പുറത്തും ഭൂരിഭാഗം ബസുകളും സര്‍വ്വീസ് നടത്തിയില്ല. എന്നാല്‍ തിരൂര്‍, മഞ്ചേരി, വയനാട് എന്നിവിടങ്ങളില്‍ ബസുകള്‍ സര്‍വീസ് നടത്തി. തെക്കന്‍ കേരളത്തിലും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ല. ഇവിടെ സ്വകാര്യ ബസ്സുകളേക്കാള്‍ കെഎസ്ആര്‍ടിസിയാണ് സര്‍വ്വീസ് നടത്തുന്നത്. മാത്രമല്ല രണ്ടാം ശനിയാഴ്ചയായതിനാല്‍ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.