രണ്ടാം ജന്മത്തിലേക്കൊരു നൂഴുവഴി

Saturday 14 December 2013 6:05 pm IST

പുനര്‍ജന്മം അങ്ങനെ ഒന്നുണ്ടോ? വേദാന്തവും ശാസ്ത്രവും തമ്മില്‍ തര്‍ക്കിക്കുമ്പോള്‍ യുക്തിവാദികള്‍ക്കുപോലും ഒരു ഘട്ടത്തില്‍ മൗനം പാലിക്കേണ്ടി വരാറുള്ള വിഷയമാണിത്‌. ആത്മാവിന്‌ നാശമില്ലെന്ന്‌ വേദാന്തവും ഊര്‍ജ്ജത്തെ നശിപ്പിക്കാനോ നിര്‍മിക്കാനോ കഴിയില്ലെന്ന്‌ ശാസ്ത്രവും ആണയിടുമ്പോള്‍ പുനര്‍ജന്മത്തിന്റെ വിശ്വാസ പക്ഷത്തിന്‌ അടിത്തറ കൂടുതല്‍ ശക്തമാവുകയാണ്‌.
പക്ഷേ ഊര്‍ജ്ജവാദക്കാര്‍ക്ക്‌ പരീക്ഷണവും നിരീക്ഷണവും ഗവേഷണവുംവഴി വാദം സ്ഥാപിക്കാന്‍ കഴിയുമ്പോള്‍ ആത്മവാദികള്‍ക്ക്‌ തെളിവിന്റെ ചിഹ്നങ്ങള്‍ കാണിക്കാന്‍ കഴിയാതെ പോകുന്നു. അവരുടെ വാദങ്ങള്‍ക്ക്‌ മുടന്തോ മുട്ടാപ്പോക്കൊ ഉണ്ടെന്ന യുക്തിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കു മുമ്പില്‍ അങ്ങനെ മുട്ടുകുത്തേണ്ടിവരുന്നു. പുനര്‍ജന്മത്തിന്റെ സ്ഥിതി അങ്ങനെ. പക്ഷേ, ജീവിച്ചിരിക്കെ ഒരു പുനര്‍ജന്മത്തിന്റെ അനുഭവം ഉണ്ടായാല്‍. അതു സ്വന്തം ജീവിതത്തോട്‌ കൂടുതല്‍ പ്രിയം തോന്നിപ്പിക്കില്ലെ. ദേഹിയും ദേഹവും തുലാസിന്റെ ഇരു പുറവുമിരുന്നാല്‍ ദൃശ്യമല്ലാത്ത ദേഹിയുടെ തട്ടുതന്നെയാവും താഴ്‌ന്നിരിക്കുക-കനമില്ലാത്തതിന്റെ കനം. പൊക്കമില്ലാത്തതിന്റെ ഉയരം. പക്ഷേ, ദേഹത്തിനഹങ്കരിക്കാം ദേഹമില്ലാതെ പറ്റില്ലെന്ന്‌. പുനര്‍ജന്മത്തിനു മറ്റൊരു കൂടുതേടുന്ന ദേഹിയെ, അതേ ദേഹത്തില്‍ കുടിയിരുത്തുന്നതുപോലെയൊരു അനുഭവം ഉണ്ടായാല്‍... അതു തികച്ചും രസകരമായിരിക്കും, എന്നല്ല, ഒരു അനുഭൂതിയായിരിക്കും...
ഹൃദയശസ്ത്രക്രിയ, ബൈപാസ്‌ സര്‍ജറി നടത്തുന്ന ഡോക്ടര്‍മാര്‍ പറയാറുണ്ട്‌ അവര്‍ രോഗിക്ക്‌ പുനര്‍ജന്മം നല്‍കുകയാണെന്ന്‌. ഹൃദയത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനം നിര്‍ത്തി കൃത്രിമ ഹൃദയവുമായി ശരീരത്തെ ഘടിപ്പിച്ച്‌, യഥാര്‍ത്ഥ ഹൃദയത്തിന്‌ അറ്റകുറ്റപ്പണി നടത്തി, പഴയ സ്ഥിതി സ്ഥാപിക്കുകയാണ്‌ ബൈപാസില്‍. ഈ സമയം നടക്കുന്നത്‌ ഒരു പുനര്‍ജന്മമാണെന്ന്‌ സാങ്കേതികമായി പറഞ്ഞാല്‍ തെറ്റില്ല. പക്ഷേ അത്‌ രോഗിക്ക്‌ അനുഭവിച്ചറിയാനോ വിശദീകരിക്കാനോ കഴിയില്ല. ഒരു ഗര്‍ഭസ്ഥശിശു അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന്‌ പുറംതള്ളപ്പെടുന്ന സ്ഥിതിയെക്കുറിച്ച്‌ വിവരിക്കാന്‍ അവന്‌ കഴിയുന്നില്ല. എന്നാല്‍ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വെളിപ്പെടുത്തലിലൂടെ അതെങ്ങനെയെന്ന്‌ നമുക്ക്‌ അറിയാന്‍, അനുഭവിച്ചല്ല, കഴിയുന്നുണ്ട്‌.
ജന്മത്തിന്റെയും പുനര്‍ജന്മത്തിന്റെയും ഈ അറിവുകള്‍ വെച്ചു വേണം തിരുവില്വാമലയിലെ പുനര്‍ജനി നൂഴലിന്റെ ഗുഹാമുഖത്തേക്ക്‌ പോകാന്‍. തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ മലകളുടെ ചുറ്റുകോട്ടക്ക്‌ വശത്തുള്ള ഗുഹാമുഖത്താണിപ്പോള്‍ നിങ്ങള്‍ നില്‍ക്കുന്നത്‌. വര്‍ഷത്തില്‍ ഒരിക്കല്‍, വിശ്വാസത്തിന്റെ ഭാഷയില്‍ ഗുരുവായൂര്‍ ഏകാദശി നാളില്‍, വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയില്‍ അവിടെ നടക്കുന്ന ഒരു അനുഷ്ഠാനമാണ്‌ പുനര്‍ജനിനൂഴല്‍. (ഈവര്‍ഷത്തെ പുനര്‍ജനി നൂഴല്‍ ഡിസംബര്‍ 13നായിരുന്നു) അക്ഷരാര്‍ത്ഥത്തില്‍ അത്‌ ഒരു രണ്ടാം ജന്മമാണെന്ന്‌ പുനര്‍ജനി നൂണ്ടവര്‍ക്ക്‌ അറിയാം. ആലോചിക്കുമ്പോള്‍ പോലും അന്ധാളിപ്പുണ്ടാക്കുന്ന ഈ യാത്രയെക്കുറിച്ച്‌ അല്‍പ്പം.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്നതാണ്‌ ഈ ഗുഹാമാര്‍ഗം 15 മിനിട്ട്‌ വേണം ഇതില്‍ പ്രവേശിച്ചാല്‍ പുറത്തെത്താന്‍. കടക്കുന്ന സ്ഥലത്ത്‌ ആറടി വ്യാസമുണ്ടെങ്കില്‍ ഉള്ളിലേക്ക്‌ ചെല്ലുമ്പോള്‍ അത്‌ ചുരുങ്ങിച്ചുരുങ്ങി വരും. ചിലയിടങ്ങളില്‍ കഷ്ടിച്ച്‌ തലമാത്രം കടക്കുന്ന വിടവേ ഉണ്ടാകു. തല കടന്നാല്‍ ഉടലും കടക്കും എന്ന നാട്ടുമൊഴിയാണ്‌ ഇവിടെ സഹായം. ഗുഹക്കുള്ളില്‍ ചിലഘട്ടങ്ങളിള്‍ തലകീഴിലാക്കിവേണം കയറാന്‍. ഒന്നു രണ്ടിടങ്ങളില്‍ ഇഴഞ്ഞേ നീങ്ങാനാകൂ. ഇടക്ക്‌ മടിയും ഭയവും തോന്നി പിന്നിലേക്ക്‌ പോരാമെന്ന്‌ കരുതുന്നുവെങ്കില്‍ തെറ്റി. അതിനേക്കാള്‍ എളുപ്പം മുന്നോട്ടു തന്നെയുള്ള യാത്രയായിരിക്കും. മുന്നില്‍ നൂഴുന്നവര്‍ക്ക്‌ പിന്നില്‍ വരുന്നവരുടെ ദേഹമായിരിക്കും ചുവടുവെക്കാന്‍ കിട്ടുക. പിന്നാലെ വരുന്നവന്‌ മുന്നില്‍ പോകുന്നവനാകും കച്ചിത്തുരുമ്പ്‌. ഇടക്ക്‌ വെളിച്ചമില്ല. ഉള്ള ചെറിയ വെളിച്ചം ഒരുപക്ഷേ വഴിതെറ്റിച്ചേക്കാം. ഉറവയായി വരുന്ന വെള്ളം കാല്‍ വഴുതിച്ചേക്കാം. കൂര്‍ത്തുമൂര്‍ത്ത കല്ലിന്‍ തട്ടി ദേഹം ഉരഞ്ഞ്‌ ചോര ചീന്തിയേക്കാം-എന്താ വായിക്കുമ്പോള്‍ തന്നെ ശ്വാസം മുട്ടുന്നുണ്ടോ? ഉള്ളില്‍ കയറി പുതുജന്മത്തിന്റെ അനുഭവം അറിയാന്‍ നിങ്ങളെയും കൊതിപ്പിക്കും നൂണ്ട്‌ പുറത്തുവരുന്നവരുടെ മുഖഭാവം.
ഈ ഗുഹാമുഖത്ത്‌ കാത്തു നില്‍ക്കുക. 15 മിനിട്ട്‌ ഇഴഞ്ഞും ചരിഞ്ഞും ദേഹം നുറുങ്ങിയും ചോരയൊലിപ്പിച്ചും പുറത്തുവരുന്നവരും അവരെ കാത്ത്‌ ഗുഹയുടെ പുറംവാതിലില്‍ കാത്തുനില്‍ക്കുന്നവരും തമ്മില്‍ കാണുന്ന കാഴ്ചയുണ്ടല്ലോ. ആ കാഴ്ച മൂന്നാമതൊരു കക്ഷിയായി കാണാന്‍ നില്‍ക്കു. അങ്ങനെ കാണുന്നതാണ്‌ പുനര്‍ജന്മത്തിന്റെ സാക്ഷിപത്രം.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തലകീഴായി കിടന്ന്‌ അതില്‍നിന്ന്‌ ചുറ്റിക്കറങ്ങി പൊക്കിള്‍ക്കൊടിയില്‍ കുരുങ്ങാതെയും അതുപൊട്ടിപ്പോകാതെയും രക്താഭിഷിക്തരായി പുറത്തുവന്ന്‌ ആദ്യ ശ്വാസം വലിക്കുമ്പോള്‍ ഒരു നവജാത ശിശുവിനുണ്ടാകുന്ന അനുഭവം എന്തായിരിക്കും. ആധുനിക ശാസ്ത്രം അതെക്കുറിച്ചെല്ലാം ഒട്ടേറെ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ. അതേ അനുഭവമാണ്‌ പുനര്‍ജനിയുടെ പുറംവാതിലില്‍ എത്തി ആദ്യ ശ്വാസം കഴിക്കുമ്പോള്‍ ഉണ്ടാകുന്നതെന്ന്‌ പുനര്‍ജനി നൂണ്ടിട്ടുള്ളവര്‍ക്കും ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ പറയാനാകും.
പുനര്‍ജനി നൂഴല്‍ ദിവസം ക്ഷേത്ര പൂജാരി വന്ന്‌ ഗുഹാമുഖം തുറന്ന്‌ പൂജ നടത്തുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ഈ വഴിയില്‍ തടസ്സമുണ്ടോ എന്നറിയാന്‍ മുകളില്‍നിന്ന്‌ ഉരുട്ടുന്ന നാരങ്ങാ താഴെ എത്തിയാല്‍ ഉള്ളില്‍ തടസ്സമില്ലെന്നുറപ്പ്‌. പിന്നെ ക്ഷേത്രം അധികാരി ആദ്യം കയറിയിറങ്ങുന്നു. തുടര്‍ന്ന്‌ വ്രതം നോറ്റവരുടെ ഊഴം. ഈ രണ്ടം ജന്മാനുഭവം തേടി എത്തുന്നവര്‍ ഒട്ടേറെ. തന്നാട്ടുകാര്‍ മത്രമല്ല, അകലങ്ങളില്‍നിന്നും അവരെത്തുന്നു. വിശ്വാസം നല്‍കുന്ന ആശ്വാസം അതു പ്രത്യക്ഷത്തില്‍ അനുഭവിക്കുന്നതിന്റെ ആസ്വാദ്യത ഒന്നു വേറേതന്നെയാണ്‌. എത്രയോ കാലമായി തുടരുന്ന ഈ തിരുവില്വാമയ പുനര്‍ജന്മവഴിയില്‍ ആരും ഇതുവരെ അപകടപ്പെട്ടിട്ടില്ല. കാലങ്ങളായി നടന്നുവരുന്ന ഈ അനുഷ്ഠാനത്തിന്റെ വിശ്വാസപ്രമാണമാണത്‌.
യോഗാഭ്യാസത്തിലെ ശീര്‍ഷാസനത്തെക്കുറിച്ച്‌ ഇങ്ങനെ പറയാറുണ്ട്‌;വീണ്ടും കുഞ്ഞായി പുനര്‍ജനിക്കാനുള്ള ആഗ്രഹമാണ്‌ അതിന്റെ മനഃശാസ്ത്രമെന്ന്‌. ഗര്‍ഭസ്ഥശിശു തലകീഴായാണല്ലോ കിടപ്പ്‌. യോഗാസനവിദ്യയിലെ ഏതാണ്ടെല്ലാ ഘട്ടങ്ങളും സമന്വയിപ്പിച്ചുള്ള ഒരു ശരീരാഭ്യാസമാണ്‌ ഈ പുനര്‍ജനി വിടവില്‍ ദേഹം അനുഭവിക്കേണ്ടത്‌. പുറത്തിറങ്ങി എന്റെ പ്രപഞ്ചത്തെ കാണണമെന്ന, ശ്വാസവായു കഴിക്കണമെന്ന അടങ്ങാത്ത ആഗ്രഹം കൊണ്ടുള്ള ജീവിതരതിയാണ്‌ യാത്രയുടെ ആത്മീയാഭ്യാസം. ആത്മയീയതയും ഭൗതികതയും ചേര്‍ന്ന ഈ യാത്ര നിങ്ങളുടെ ജീവിതരീതിയെ ചിന്തയെ ദര്‍ശനത്തെ തന്നെ മാറ്റി മറിച്ചേക്കാം. അതെ ഇത്‌ പുനര്‍ജനിതന്നെയാണ്‌. ഒരു നവജന്മത്തിന്റെ വഴിത്താര...
സുദര്‍ശന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.