തെക്കേപാട്ടുപുരയ്ക്കല്‍ താലപ്പൊലി ഇന്നു മുതല്‍

Tuesday 23 August 2011 10:47 pm IST

നെട്ടൂര്‍: പ്രദേശത്തെ ക്ഷേത്രോത്സവങ്ങള്‍ക്കു തുടക്കം കുറിച്ച്‌ നെട്ടൂര്‍ തെക്കേപാട്ടുപുരക്കല്‍ ദേവീക്ഷേത്രത്തിലെ ചിങ്ങം താലപ്പൊലി ഇന്നു തുടങ്ങും. കൊച്ചി ദേവസ്വം ബോര്‍ഡും ക്ഷേത്രഉപദേശകസമിതിയും മേല്‍നോട്ടം വഹിക്കുന്ന താലപ്പൊലിക്ക്‌ ഇന്നു രാവിലെ 7ന്‌ ക്ഷേത്രം തന്ത്രി അനുജന്‍ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലുള്ള കലശപൂജയോടെയാണ്‌ തുടക്കം. രാവിലെ 9ന്‌ നാരായണീയം, ഉച്ചക്ക്‌ അന്നദാനം, വൈകുന്നേരം 6ന്‌ ഭക്തിഗാനാലാപനം എന്നിവയും ഉണ്ടാവും.
താലപ്പൊലിയുടെ ഭാഗമായി നാളെ പകല്‍പ്പൂരം നടക്കും. ചോറ്റാനിക്കര മുരളിയുടെ പ്രമാണത്തില്‍ പഞ്ചവാദ്യവും, പൂണിത്തുറ ശ്രീരാജിന്റെ പ്രമാണത്തില്‍ പഞ്ചാരിമേളവും ഉണ്ടാവും. സമാപന ദിനമായ വെള്ളിയാഴ്ച രാവിലെ പതിവുക്ഷേത്രചടങ്ങുകള്‍ക്കു പുറമെ വൈകിട്ട്‌ 5ന്‌ പകല്‍പ്പൂരം നടക്കും. നെട്ടൂര്‍ പുലയ സമാജം സുബ്രഹ്മണ്യക്ഷേത്രത്തില്‍നിന്നും വിളക്ക്‌, താലം, എന്നിവയുടെ അകമ്പടിയോടെ ഐഎന്‍ടിയുസി വഴി ക്ഷേത്രത്തില്‍ എത്തും. പഞ്ചാരിമേളവും, തായമ്പകയും അകമ്പടിയായി ഉണ്ടാവും. തുടര്‍ന്ന്‌ കാണിക്ക ഇടല്‍, നടക്കല്‍ പറ എന്നിവയും, രാത്രി 9ന്‌ മേള ചക്രവര്‍ത്തി കല്‍പ്പാത്തി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ തായമ്പകയും, രാത്രി 11 മുതല്‍ താലപ്പെലി എഴുന്നള്ളിപ്പും, തുടര്‍ന്ന്‌ നടക്കുന്ന കളമെഴുത്തും പാട്ടോടുകൂടി താലപ്പൊലി സമാപിക്കും.