ദല്‍ഹിയില്‍ അനിശ്ചിതത്വം

Saturday 14 December 2013 10:44 pm IST

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക്‌ പിന്തുണ നല്‍കാമെന്ന്‌ വ്യക്തമാക്കി ഗവര്‍ണര്‍ക്ക്‌ കോണ്‍ഗ്രസ്‌ കത്ത്‌ നല്‍കിയിട്ടും ദല്‍ഹിയിലെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍. ഔദ്യോഗിക ക്ഷണമനുസരിച്ച്‌ ഇന്നലെ ഗവര്‍ണറെ സന്ദര്‍ശിച്ചുവെങ്കിലും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ തീരുമാനം അറിയിക്കാന്‍ പത്ത്‌ ദിവസത്തെ സാവകാശം വേണമെന്ന്‌ ആം ആദ്മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാള്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിരുപാധികമായി പിന്തുണ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിംഗിനും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്കും കേജ്‌രിവാള്‍ കത്തെഴുതിയിട്ടുണ്ട്‌. ഇവരുടെ മറുപടി ലഭിക്കുന്നതുവരെ സാവകാശം നല്‍കണമെന്ന്‌ കേജ്‌രിവാള്‍ ഗവര്‍ണറോട്‌ അഭ്യര്‍ത്ഥിച്ചു.
അതേസമയം, സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിക്ക്‌ വസ്തുതാ റിപ്പോര്‍ട്ട്‌ നല്‍കുമെന്ന്‌ ലഫ്‌.ഗവര്‍ണര്‍ നജീബ്‌ ജംഗ്‌ വ്യക്തമാക്കി. അരവിന്ദ്‌ കേജ്‌രിവാളുമായുള്ള കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ്‌ ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അടുത്ത നടപടികള്‍ക്കുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ടാണ്‌ ഗവര്‍ണര്‍ തയ്യാറാക്കിയിരിക്കുന്നത്‌. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ ക്ഷണം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി നേരത്തെ നിരസിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തില്‍ ആരും അവകാശമുന്നയിക്കാത്ത സാഹചര്യത്തിലാണ്‌ രാഷ്ട്രപതിക്ക്‌ ഗവര്‍ണര്‍ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഒരുങ്ങുന്നത്‌.
ആം ആദ്മി പാര്‍ട്ടിക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്‌ നിരുപാധിക പിന്തുണയും ബിജെപി ക്രിയാത്മക പിന്തുണയുമാണ്‌ പ്രഖ്യാപിച്ചത്‌. എന്നാല്‍ ഒരു പിന്തുണയും ഉപാധിയില്ലാതെ ആവില്ലെന്നു പറഞ്ഞ എഎപി നേതാവ്‌ ആരെയും പിന്തണയ്ക്കാന്‍ തയ്യാറല്ലെന്ന മുന്‍ നിലപാട്‌ ഇന്നലെയും ആവര്‍ത്തിച്ചു.
സര്‍ക്കാര്‍ രൂപീകരണത്തിന്‌ പത്ത്‌ ദിവസത്തെ സാവകാശം തേടിയതായി ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചക്കുശേഷം കേജ്‌രിവാള്‍തന്നെയാണ്‌ മാധ്യമപ്രവര്‍ത്തകരോട്‌ വെളിപ്പെടുത്തിയത്‌. രാജ്നാഥ്‌ സിംഗിന്റേയും സോണിയാഗാന്ധിയുടേയും മറുപടി ലഭിച്ചതിനുശേഷം ജനങ്ങളുമായി നടത്തുന്ന ചര്‍ച്ചയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അന്തിമതീരുമാനം അറിയിക്കുമെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി. തെരെ‍ഞ്ഞെടുപ്പ്‌ വീണ്ടും നടത്തണമെന്നാണ്‌ ജനങ്ങളുടെ അഭിപ്രായമെങ്കില്‍ അത്‌ അംഗീകരിക്കും. ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണെങ്കില്‍ അതായിരിക്കും അന്തിമ തീരുമാനമെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി. അതേസമയം, കേജ്‌രിവാളിന്റെ അഹങ്കാരപൂര്‍ണമായ നിലപാടുകളെ ബിജെപി വിമര്‍ശിച്ചു. ഇത്തരം അഹങ്കാര പൊതുപ്രവര്‍ത്തകര്‍ക്ക്‌ നല്ലതല്ലെന്ന്‌ ബിജെപി നേതാവ്‌ ബല്‍ബീര്‍ പുഞ്ച്‌ പ്രതികരിച്ചു.
ഇതിനിടെ, അരവിന്ദ്‌ കെജ്‌രിവാള്‍ ദല്‍ഹി പോലീസിന്റെ സുരക്ഷ നിഷേധിച്ചു. ദല്‍ഹി പോലീസ്‌ കഴിഞ്ഞ ദിവസം കേജ്‌രിവാളിന്റെ വസതിയില്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ ആം ആദ്മി പാര്‍ട്ടിയെ ഗവര്‍ണര്‍ ക്ഷണിച്ചതോടെയാണ്‌ പോലീസ്‌ സുരക്ഷാകാര്യം പരിഗണിച്ച്‌ തുടങ്ങിയത്‌. ദല്‍ഹി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്‌ കേജ്‌രിവാളിന്‌ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.