വോട്ടര്‍ പട്ടിക: തെറ്റായ വിവരം നല്‍കിയാല്‍ ശിക്ഷ

Tuesday 17 December 2013 10:59 am IST

ന്യൂദല്‍ഹി: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തെറ്റായ വിവരം നല്‍കുന്നവര്‍ക്ക്‌ ഒരുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍. വോട്ടറുടെ അനുമതിയില്ലാതെ വോട്ടര്‍ പട്ടികയില്‍ നിന്നും പേരു നീക്കം ചെയ്യില്ലെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പുതിയ മാര്‍ഗരേഖ വ്യക്തമാക്കുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ്‌ കുറ്റമറ്റതാക്കാന്‍ സമഗ്ര പരിഷ്ക്കാരങ്ങളാണ്‌ കമ്മീഷന്‍ നടത്തുന്നത്‌.
760 മില്യണ്‍ വോട്ടര്‍മാരാണ്‌ രാജ്യത്താകെ വോട്ടര്‍പട്ടികയിലുള്ളത്‌. ജനുവരി ഒന്നിന്‌ മുമ്പായി പരിഷ്ക്കാരങ്ങള്‍ പൂര്‍ണ്ണമാക്കാനാണ്‌ ശ്രമം.
ഒന്നിലധികം ബൂത്തുകളിലെ വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെടുത്തുന്നതാണ്‌ പ്രധാന പ്രശ്നം. ഇനി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വോട്ടവകാശവും തെരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡും ഉള്ളവര്‍, ഏതൊക്കെ തെരഞ്ഞെടുപ്പുകളില്‍ മുമ്പ്‌ വോട്ട്‌ ചെയ്തിട്ടുണ്ടെന്നും ഏതെങ്കിലും വോട്ടര്‍ പട്ടികയില്‍ മുമ്പ്‌ പേര്‌ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമാക്കണം. അപേക്ഷകന്റെ ഫോട്ടോയും മറ്റു വിവരങ്ങളും നിലവിലെ വോട്ടര്‍ പട്ടികയുമായി ഒത്തുനോക്കുന്നതിന്‌ പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കും. തുടര്‍ന്ന്‌ തെറ്റായ വിവരങ്ങള്‍ നല്‍കിയതു തിരിച്ചറിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്‌. ആം ആദ്മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാളിന്‌ ദല്‍ഹിയില്‍ മൂന്നിടത്ത്‌ വോട്ടര്‍ പട്ടികയില്‍ പേര്‌ വന്നത്‌ വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌.
വോട്ടര്‍പട്ടികയില്‍ നിന്നും പേരു നീക്കം ചെയ്യുന്നതിനു മുമ്പായി വോട്ടറെ അറിയിക്കുന്ന സംവിധാനവും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ആവിഷ്ക്കരിക്കും. വോട്ടു ചെയ്യുന്നതിനായി ബൂത്തിലെത്തുമ്പോള്‍ പട്ടികയില്‍ നിന്നും പേര്‌ ഒഴിവാക്കിയത്‌ അറിയുന്നത്‌ പലപ്പോഴും സംഘര്‍ഷത്തിനു കാരണമാകുന്നു. ദല്‍ഹിയില്‍ ഒരു കോളനിയിലെ പകുതിയോളം പേര്‍ക്ക്‌ പട്ടികയില്‍ നിന്നും പേര്‌ അപ്രത്യക്ഷമായതിനെ തുടര്‍ന്ന്‌ ഇത്തവണ വോട്ടു ചെയ്യുന്നതിന്‌ അവസരം നഷ്ടമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.