ലോറിസമരം ചരക്കുനീക്കത്തെ ബാധിച്ചു; വിലക്കയറ്റ ഭീഷണിയും

Tuesday 23 August 2011 11:19 pm IST

കൊച്ചി: അയല്‍സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന ലോറിസമരം കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ കാര്യമായി ബാധിച്ചുതുടങ്ങിയത്‌ ആശങ്കക്ക്‌ ഇടയാക്കുന്നു. ഓണസീസണായതോടെ സംസ്ഥാനത്തെ വിപണിയില്‍ വില്‍പനക്കെത്തേണ്ട ഉല്‍പ്പന്നങ്ങള്‍ യഥാസമയം എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്‌ കര്‍ഷകരും വ്യാപാരികളും. ഓണവിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഇലക്ട്രോണിക്‌ ഉല്‍പ്പന്നങ്ങളും ഇവര്‍ക്ക്‌ പുറമെ അരി, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയും മോട്ടോര്‍വാഹനങ്ങളും വില്‍പനക്കാര്‍ക്ക്‌ എത്തിച്ചുനല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ്‌ ഉല്‍പാദകര്‍.
തമിഴ്‌നാട്ടിലെ ലോറി ഉടമകള്‍ ആഹ്വാനം ചെയ്ത സമരം ഇന്ന്‌ ആറാം ദിവസത്തിലേക്ക്‌ കടക്കുകയാണ്‌. വര്‍ധിപ്പിച്ച ഡീസല്‍നിരക്ക്‌ റോഡുകളിലെ ടോള്‍നിരക്കും കുറക്കണമെന്നതാണ്‌ ലോറി ഉടമകളുടെ പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഒരു സംസ്ഥാനത്തെ ലോറികള്‍ക്ക്‌ മാത്രമായി ഇതു സാധ്യമല്ല എന്ന ന്യായം നിരത്തിയാണ്‌ ലോറി ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചത്‌. ഈ സാഹചര്യത്തില്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനായി രാജവ്യാപക സമരം നടത്തുവാന്‍ ആലോചനയുണ്ടെന്നാണ്‌ ലോറി ഉടമകള്‍ പറയുന്നത്‌.
തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത 1500 ഓളം ലോറികളാണ്‌ ഉള്ളത്‌. ആന്ധ്ര, കര്‍ണാടക, ഗോവ, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലായി 25000 ലോറികള്‍ കൂടിയുണ്ട്‌. ഡീസല്‍ വിലവര്‍ധനവും നിരത്തുകളിലെ വന്‍ ടോള്‍നിരക്കും ലോറി വ്യവസായത്തിന്റെ നിലനില്‍പ്പ്‌ അപകടത്തിലാക്കിയിരിക്കുകയാണെന്നാണ്‌ തമിഴ്‌നാട്‌ ലോറി ഓണേഴ്സ്‌ അസോസിയേഷന്‍ പ്രസിഡന്റും ഗോമതി ലോറി ട്രാന്‍സ്പോര്‍ട്ട്‌ ഉടമയുമായ എന്‍. നടരാജന്‍ കൊച്ചിയില്‍ പറഞ്ഞത്‌.
ലോറിസമരം നീങ്ങുന്നത്‌ തമിഴ്‌നാട്ടില്‍നിന്നുള്ള കര്‍ഷകരെയാണ്‌ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പച്ചക്കറി വിണിയായ പൊള്ളാച്ചിയില്‍നിന്നുമാത്രം ഒരു ദിവസം ശരാശരി 200 ലോഡ്‌ പഴവും പച്ചക്കറിയുമാണ്‌ കയറ്റിപ്പോവുന്നത്‌. ഇതിന്‌ പുറമെ ഇറച്ചിക്കോഴി, കോഴിമുട്ട, അറവുമാടുകള്‍, കാലിത്തീറ്റ എന്നിവയെല്ലാം വന്‍തോതിലാണ്‌ തമിഴ്‌നാട്ടില്‍നിന്നും കയറ്റിയയക്കുന്നത്‌. പ്രതിദിനം 1500 ലോഡ്‌ ഉപ്പാണ്‌ തൂത്തുക്കുടിയില്‍നിന്നും കയറ്റിയയക്കുന്നത്‌. കഴിഞ്ഞ ഒരാഴ്ചയോളമായി ഒരു ലോഡ്‌ ഉപ്പുപോലും കേരളത്തില്‍ എത്തുന്നില്ല. ഇതോടെ വിപണിയില്‍ ഇതിന്‌ വലിയ ക്ഷാമവും അനുഭവപ്പെട്ടുതുടങ്ങിയതായി വ്യാപാരികള്‍ പറയുന്നു.
ലോറിസമരം ചരക്കുനീക്കത്തെ കാര്യമായി ബാധിച്ചുതുടങ്ങിയതോടെ കേരളത്തിലെ വിപണി വിലക്കയറ്റ ഭീഷണിയും നേരിട്ടുതുടങ്ങിയിട്ടുണ്ട്‌. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഇത്തവണത്തെ ഓണം ഏറെ പണച്ചെലവുള്ളതായി മാറും എന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
എം.കെ. സുരേഷ്കുമാര്‍