സ്വാമി വിവേകാനന്ദന്‍ പൗരസ്ത്യ-പാശ്ചാത്യദര്‍ശനങ്ങളെ സമന്വയിപ്പിച്ചു: എം.ജി.എസ്‌

Monday 16 December 2013 8:45 pm IST

ചേര്‍ത്തല: പൗരസ്ത്യ-പാശ്ചാത്യദര്‍ശനങ്ങളെ സമന്വയിപ്പിച്ച വ്യക്തിത്വമാണ്‌ സ്വാമി വിവേകാനന്ദനെന്ന്‌ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ.എം.ജി.എസ്‌.നാരായണന്‍. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തില്‍ മാര്‍ക്സും-വിവേകാനന്ദനും കാലികവും, കാലാതീതവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി വിവേകാനന്ദന്‍ സാര്‍വ്വ ലൗകിക മാനവികത ഉയര്‍ത്തിപ്പിടിച്ചു. യൂറോപ്പിന്റെയും അമേരിക്കയുടെയും ആധുനിക സംസ്കൃതിയും ഭാരതത്തിന്റെ പൗരാണിക സംസ്കൃതിയും പരസ്പരം പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു ലോകത്തെയാണ്‌ വിവേകാനന്ദന്‍ വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്സിനെയും, വിവേകാനന്ദനെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന്‌ ചിന്തകനായ പി.കേശവന്‍ നായര്‍ പറഞ്ഞു. പരാജയപ്പെട്ട ദര്‍ശനമാണ്‌ മാര്‍ക്സിസം. ജൂത, ക്രിസ്തീയ ധാരകളുടെ തുടര്‍ച്ചയാണിത്‌. മാര്‍ക്സിസത്തെ നവീകരിക്കാന്‍ സാധ്യമല്ലെന്നും അങ്ങനെ ചെയ്താല്‍ അവര്‍ പിന്തിരിപ്പന്‍മാര്‍ എന്ന്‌ മുദ്രകുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ്‌ ദേശീയ അധ്യക്ഷന്‍ അഡ്വ.സി.കെ.സജിനാരായണന്‍ അധ്യക്ഷത വഹിച്ചു. മൂന്ന്‌ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. പി.പരമേശ്വരന്‍ രചിച്ച വിശ്വവിജയി വിവേകാനന്ദന്‍ എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ്‌ എം.ജി.എസ്‌.നാരായണന്‍ സി.പി ജോണിനു നല്‍കിയും, പ്രൊഫ. പി.അച്യുതന്‍ രചിച്ച പഞ്ചാനന ശിവന്‍ എന്ന പുസ്തകം സി.പി.ജോണ്‍ എം.ജിഎസ്‌ നാരായണനു നല്‍കിയും, കാ.ഭാ.സുരേന്ദ്രന്‍ രചിച്ച വിവേകാനന്ദനും ഭാവിലോകവും എന്ന പുസ്തകം പി.കേശവന്‍ നായര്‍ അഡ്വ.സി.കെ സജിനാരായണന്‌ നല്‍കിയും പ്രകാശനം ചെയ്തു. എം.ബാലകൃഷ്ണന്‍ സ്വാഗതവും ഇ.സി.അനന്തകൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ ഇട്ടി അച്യുതന്‍ അനുസ്മരണം നടത്തി. എ.എന്‍.ചിദംബരന്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.